നെല്ലിന്റെ സംഭരണവില 28.20 രൂപ തന്നെ
Mail This Article
പാലക്കാട് ∙ സംസ്ഥാനത്ത് കിലോയ്ക്ക് 28.20 രൂപ നിരക്കിൽ സപ്ലൈകോ നെല്ലു സംഭരിക്കുമെന്നു സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞവർഷവും ഇതേ വിലയ്ക്കാണു നെല്ലു വാങ്ങിയത്. താങ്ങുവിലയിൽ കേന്ദ്ര സർക്കാർ വർധിപ്പിച്ച 1.17 രൂപ സംസ്ഥാനത്തിന്റെ പ്രോത്സാഹന വിഹിതത്തിൽ കുറച്ചതാണു പഴയ വില തുടരാൻ കാരണം. ഫലത്തിൽ, കർഷകനു കിലോയ്ക്ക് 1.17 രൂപ നഷ്ടമാകും. സംഭരണവിലയ്ക്കു പുറമേ കിലോയ്ക്ക് 12 പൈസ കൈകാര്യച്ചെലവും കർഷകർക്കു ലഭിക്കും.
പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ നെല്ലിന്റെ വില കൂട്ടുമെന്നു സിപിഎമ്മും സിപിഐയും ഉറപ്പുനൽകിയിരുന്നു. കഴിഞ്ഞ സീസണിൽ 28.20 രൂപയ്ക്ക് നെല്ലു സംഭരിക്കുമ്പോൾ കേന്ദ്ര താങ്ങുവില 21.83 രൂപയും സംസ്ഥാന പ്രോത്സാഹന വിഹിതം 6.37 രൂപയുമായിരുന്നു. ഇത്തവണ കേന്ദ്രം താങ്ങുവില 23 രൂപയാക്കിയിട്ടുണ്ട്. എന്നാൽ, സംസ്ഥാനവിഹിതം കിലോയ്ക്ക് 5.20 രൂപയായി കുറച്ചു. രാജ്യത്ത് ഉയർന്ന നെല്ലുവില നൽകുന്ന സംസ്ഥാനമാണു കേരളമെന്നാണു സർക്കാരിന്റെ വിശദീകരണം.