മറ്റൊരു ആശ്രിത നിയമനത്തിലും കുരുക്കുമുറുകാൻ സാധ്യത; ജോലി നൽകിയത് മുൻ എംഎൽഎ കെ.വി.വിജയദാസിന്റെ മകന്
Mail This Article
തിരുവനന്തപുരം ∙ മുൻ എംഎൽഎ: കെ.കെ.രാമചന്ദ്രൻ നായരുടെ മകന് ആശ്രിതജോലി നൽകിയതു കോടതി ഇടപെട്ട് റദ്ദാക്കിയതിനു പിന്നാലെ സർക്കാർ നടപ്പാക്കിയ മറ്റൊരു ആശ്രിത നിയമനത്തിനു മേലും കുരുക്കുമുറുകാൻ സാധ്യത. കോങ്ങാട് എംഎൽഎയായിരിക്കെ മരിച്ച സിപിഎം നേതാവ് കെ.വി.വിജയദാസിന്റെ മകൻ കെ.വി.സന്ദീപിന് ഓഡിറ്റ് വകുപ്പിൽ ഓഡിറ്ററായി ജോലി നൽകിയത് ആശ്രിത നിയമനമാണെന്നാണ് ആരോപണം.
-
Also Read
എസ്എഫ്ഐഒ അന്വേഷണം ചട്ടവിരുദ്ധം: സിഎംആർഎൽ
ചെങ്ങന്നൂർ എംഎൽഎയായിരുന്ന രാമചന്ദ്രൻ നായർ മരിച്ചതിനു പിന്നാലെ 2018 ജനുവരിയിൽ ചേർന്ന മന്ത്രിസഭാ യോഗം അജൻഡയ്ക്കു പുറത്തുള്ള വിഷയമായാണ് അദ്ദേഹത്തിന്റെ മകൻ ആർ.പ്രശാന്തിനു ഗസറ്റഡ് തസ്തികയിൽ ജോലി നൽകാൻ തീരുമാനിച്ചത്. സന്ദീപിന്റെ കാര്യത്തിലും സമാന ഇടപെടലാണു സർക്കാർ നടത്തിയതെന്നാണ് ആക്ഷേപം.
കെ.വി.വിജയദാസിന്റെ മരണത്തിനു പിന്നാലെ 2021ൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സന്ദീപിന്റെ നിയമനത്തിന് അംഗീകാരം നൽകിയത്. പ്രശാന്തിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ശരിവച്ച സുപ്രീം കോടതി നടപടി സന്ദീപിനും ബാധകമാണെന്നാണു വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസും മുൻപ് പ്രശാന്തിനെതിരെ ലോകായുക്തയ്ക്കു പരാതി നൽകിയ സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാറും വരുംദിവസങ്ങളിൽ മുഖ്യമന്ത്രിക്കു പരാതി നൽകും. സന്ദീപിന്റെ നിയമനം റദ്ദാക്കാൻ മുഖ്യമന്ത്രി ഇടപെട്ടില്ലെങ്കിൽ കോടതിയെ സമീപിക്കാനാണു തീരുമാനം.
പ്രശാന്തിനു ജോലി നൽകാനുള്ള മന്ത്രിസഭാ തീരുമാനം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്ത് സുപ്രീം കോടതിയെ സമീപിച്ച സർക്കാരിനു മറ്റൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു; മന്ത്രിസഭാ തീരുമാനങ്ങൾ അന്തിമമാണെന്ന് ഉറപ്പിക്കാൻ കൂടി വേണ്ടിയായിരുന്നു ഇത്. ആ നീക്കമാണു സുപ്രീം കോടതി വിധിയോടെ പാളിയത്.