ADVERTISEMENT

തിരുവനന്തപുരം∙ കൊച്ചി സ്മാർട് സിറ്റി പദ്ധതി മുടങ്ങിയപ്പോൾ അവിടെ റിയൽ എസ്റ്റേറ്റ് ഇടപാടിനു സർക്കാരിലെ ചില ഉന്നതർ ശ്രമിച്ചതായി വിവരം. ഒരു മുൻ ഐടി സെക്രട്ടറി ഇടപെട്ട് കൊച്ചിയിലെ പ്രമുഖ ഫ്ലാറ്റ് നിർമാതാക്കൾക്കു 30 ഏക്കർ സ്ഥലം അനുവദിക്കാൻ നീക്കം നടത്തി. 30% ഭൂമി ഐടി ഇതര ആവശ്യങ്ങൾക്കായി നീക്കിവയ്ക്കാമെന്ന കരാറിലെ വ്യവസ്ഥ മുതലെടുത്തായിരുന്നു ശ്രമം. എന്നാൽ, വിവാദമുണ്ടായേക്കാമെന്നു ഭയന്നും സെസ് നിയമത്തിലെ കർശന വ്യവസ്ഥകൾ മൂലവും ഈ നീക്കം ഫലം കണ്ടില്ല. 

കൊച്ചി നഗരത്തിലെ കോടികൾ വിലമതിക്കുന്ന ഭൂമിയിൽ പലരും നോട്ടമിട്ടിരുന്നു. ഫ്രീ ഹോൾഡായി സ്ഥലം വേണമെന്ന ആവശ്യം ടീകോം ആദ്യഘട്ടത്തിൽ ഉന്നയിച്ചതും റിയൽ എസ്റ്റേറ്റ് താൽപര്യം മുന്നിൽ കണ്ടായിരുന്നു. പാട്ടത്തിനു നൽകുന്ന ഭൂമി ഉപപാട്ടത്തിനല്ലാതെ വിൽക്കാനാകില്ല. രാജ്യാന്തര ഐടി കമ്പനികൾ ഉപപാട്ടത്തിനു തയാറാകില്ലെന്നും വിലയ്ക്കു നൽകേണ്ടിവരുമെന്നുമുള്ള വാദമാണു ടീകോം ഉയർത്തിയത്. സുപ്രീംകോടതി അഭിഭാഷകനിൽനിന്നു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ അന്നു വിഎസ് സർക്കാർ ഈ റിയൽ എസ്റ്റേറ്റ് താൽപര്യത്തെ എതിർത്തു. 2007ൽ കരാർ ഒപ്പിട്ടിട്ടും 2011വരെ പദ്ധതി തുടങ്ങാൻ താമസിച്ചത് ഇക്കാര്യത്തിൽ തീരുമാനം ആകാതിരുന്നതിനാലാണ്. പദ്ധതി തുടങ്ങാൻ വൈകിയതോടെ 2011ൽ സർക്കാർ ടീകോമിന് അന്ത്യശാസനം നൽകി കത്തയച്ചു. ഇതിനുശേഷമാണു പദ്ധതി ആരംഭിച്ചത്. 2016ൽ ആദ്യഘട്ടം ഉദ്ഘാടനം കഴിഞ്ഞു പദ്ധതി മുടങ്ങിയതോടെയാണു സർക്കാരിന്റെ ഭാഗമായ ചിലർ റിയൽ എസ്റ്റേറ്റ് താൽപര്യം പുറത്തെടുത്തത്. ഫ്ലാറ്റ് കമ്പനിക്കു വേണ്ടിയും ക്രിക്കറ്റ് സ്റ്റേഡിയത്തിനുവേണ്ടിയും ഇന്റർനാഷനൽ സ്കൂളിനു വേണ്ടിയും ഇടപെടലുണ്ടായി.

English Summary:

Kochi Smart city: Kochi Smart City project faced allegations of real estate interests after the project stalled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com