ടീകോം: പാട്ടഭൂമി തിരിച്ചെടുത്താലും ‘സെസ്’ നിയമം സർക്കാരിന് കുരുക്കാകും
Mail This Article
തിരുവനന്തപുരം∙ ടീകോമുമായി ചേർന്നുള്ള സ്മാർട് സിറ്റി പദ്ധതിയിൽനിന്നു പിൻമാറി പാട്ടഭൂമി തിരിച്ചെടുത്താലും ഈ ഭൂമി വികസിപ്പിക്കണമെങ്കിൽ ‘സെസ്’ നിയമം സർക്കാരിനു കുരുക്കാകും. സർക്കാരിനു 16% മാത്രം ഓഹരിയുള്ള കൊച്ചി സ്മാർട് സിറ്റി കേരളത്തിലെ ആദ്യത്തെ സ്വകാര്യ സെസ് (പ്രത്യേക സാമ്പത്തിക മേഖല) ആണ്. 88 ലക്ഷം ചതുരശ്രയടി കെട്ടിടം നിർമിക്കുമെന്നും ഇതിൽ 62.1 ലക്ഷം ചതുരശ്രയടി ഐടി വ്യവസായത്തിനായിരിക്കുമെന്നുമുള്ള പദ്ധതി സമർപ്പിച്ചാണു പ്രത്യേക സാമ്പത്തികമേഖലാ പദവി നേടിയത്. ഈ സാഹചര്യത്തിലെ ഉടമസ്ഥാവകാശത്തിലോ പദ്ധതിയുടെ ഘടനയിലോ ഉൾപ്പെടെ എന്തു മാറ്റം വരുത്തണമെങ്കിലും കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ അനുമതി വേണം. സെസിൽ ഉൾപ്പെട്ട സ്ഥലം പാട്ടത്തിനല്ലാതെ, കൈമാറ്റം ചെയ്യാൻ സർക്കാരിനു കഴിയില്ല.
2005ലെ സെസ് നിയമപ്രകാരം 2011ലാണ് സ്മാർട് സിറ്റിയുടെ പദ്ധതിപ്രദേശത്തിനു പ്രത്യേക സാമ്പത്തികമേഖലാ പദവി കേന്ദ്രം വിജ്ഞാപനം ചെയ്തത്. നിശ്ചിത ശതമാനം സ്ഥലം റിയൽ എസ്റ്റേറ്റ് ആവശ്യത്തിനു ‘ഫ്രീ ഹോൾഡ്’ വ്യവസ്ഥയിൽ ലഭിക്കണമെന്ന താൽപര്യം ടീകോമിനുണ്ടായിരുന്നു. അതിനുള്ള ചരടുവലികളും നടന്നു. 88% പാട്ടത്തിനും 12% ഫ്രീ ഹോൾഡ് ആയും നൽകാമെന്നു സർക്കാർ അറിയിച്ചിരുന്നു. പക്ഷേ, മുഴുവൻ സ്ഥലവും സെസിൽ ഉൾപ്പെടുത്തണമെന്ന നിബന്ധന വച്ചു. സെസിൽ ഉൾപ്പെട്ട സ്ഥലം വിൽക്കാൻ തടസ്സമുണ്ടെന്നു കണ്ടതോടെ ടീകോം പിന്നീടു താൽപര്യം കാണിച്ചില്ല. ഇതോടെയാണു മുഴുവൻ ഭൂമിയും സെസിൽ ഉൾപ്പെട്ടത്. സെസ് എന്ന നിലയ്ക്കാണ് ഇവിടെ കമ്പനികൾക്കു കെട്ടിടം അനുവദിച്ചിരിക്കുന്നത്. ടീകോമിനെ ഒഴിവാക്കി പുതിയ പദ്ധതി തുടങ്ങുന്നതിന്റെ ഭാഗമായി, സെസ് ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്താൽ ഈ കമ്പനികൾ സമ്മതിക്കണമെന്നില്ല. അതു നിയമപോരാട്ടത്തിനു വഴിവയ്ക്കും. അന്തിമ തീരുമാനമെടുക്കേണ്ടതു കേന്ദ്രമാണ്.