ADVERTISEMENT

കൊല്ലം ∙ ആൺ സുഹൃത്തുമായി ചേർന്നു ബേക്കറി തുടങ്ങിയതോടെ തന്നെ ഒഴിവാക്കാൻ നോക്കുകയാണെന്നു കരുതിയാണു കാറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയതെന്ന് അനില വധക്കേസിലെ പ്രതി പത്മരാജന്റെ കുറ്റസമ്മത മൊഴി. കൊട്ടിയം തഴുത്തല വഞ്ചിമുക്കിനു സമീപം തുണ്ടിൽ മേലതിൽ വീട്ടിൽ പത്മരാജനെ (60) കൊല്ലം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അനിലയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

ചൊവ്വ രാത്രിയാണ് അനില സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടർന്നു വാനിൽ എത്തിയ പത്മരാജൻ പെട്രോളൊഴിച്ചു തീ കൊളുത്തിയത്. അനില തൽക്ഷണം മരിച്ചു. അനിലയുടെ ബേക്കറിയിലെ ജീവനക്കാരൻ കൊട്ടിയം പുല്ലിച്ചിറ സോണി നിവാസിൽ സോണി ജോസഫിനു (39) പൊള്ളലേറ്റു. സംഭവത്തിനു ശേഷം പത്മരാജൻ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

കടപ്പാക്കട നായേഴ്സ് ആശുപത്രിക്കു സമീപം കഴിഞ്ഞ മാസം അനില തുടങ്ങിയ ബേക്കറിയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കവും ഭാര്യയിലുള്ള സംശയവുമാണു കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. താൻ അറിയാതെ അനിലയുടെ ആൺ സുഹൃത്ത് പട്ടത്താനം സ്വദേശി ഹനീഷ് ലാൽ ബേക്കറിയിൽ പണം മുടക്കിയതു സംബന്ധിച്ചു പത്മരാജനും അനിലയും തമ്മിൽ വഴക്കും ഉണ്ടായി. ഹനീഷ് ലാൽ പത്മരാജനെ മർദിച്ചതും പ്രതികാരത്തിന് ഇടയാക്കി.

ദീർഘകാലമായി കൊട്ടിയം ടൗൺ എസ്എൻഡിപി ശാഖായോഗം സെക്രട്ടറിയായ പത്മരാജന്റെ ആദ്യ ഭാര്യ ഉഷ 2003 ൽ മരിച്ചു. തൊട്ടടുത്ത വർഷം അനിലയെ വിവാഹം ചെയ്തു. അനിലയെയും ഹനീഷ് ലാലിനെയും കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൃത്യമായ ആസൂത്രണമാണു പത്മരാജൻ നടത്തിയതെന്നു പൊലീസ് പറഞ്ഞു. ബേക്കറി തുടങ്ങുന്നതിനു ഹനീഷ് ലാൽ മുടക്കിയ പണം തിരികെ നൽകി പങ്കാളിത്തം അവസാനിപ്പിക്കുന്നതിന് പഞ്ചായത്ത് അംഗത്തിന്റെ മധ്യസ്ഥതയിൽ ഒത്തുതീർപ്പു ചർച്ചയിലൂടെ തീരുമാനത്തിലെത്തി മണിക്കൂറുകൾക്കുള്ളിലാണു കൊലപാതകം.

ബേക്കറി പൂട്ടി അനിലയ്ക്കൊപ്പം ഹനീഷ് ലാലും കാറിൽ കയറും എന്നാണു പത്മരാജൻ കരുതിയത്. പക്ഷേ കാറിൽ കയറിയതു സോണി ആയിരുന്നു. പിന്നാലെ സ്കൂട്ടറിലാണു ഹനീഷ് ലാൽ വന്നത്. ചെമ്മാൻമുക്കിൽ എത്തിയപ്പോൾ ഇയാൾ വീട്ടിലേക്കുള്ള റോഡിലേക്കു തിരിഞ്ഞു. തൊട്ടുപിന്നാലെ അനിലയുടെ കാറിന്റെ മുൻ വാതിലിനോടു ചേർന്നു പത്മരാജൻ വാൻ ഇടിപ്പിച്ചു നിർത്തിയശേഷം വാനിൽ ഇരുന്നുകൊണ്ടു തന്നെ പെട്രോൾ കാറിലേക്ക് ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. 

English Summary:

Anila murder case: Man surrendered for burning wife alive, cites bakery dispute

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com