ഭിന്നശേഷിക്കാരന് യൂണി. കോളജിൽ ക്രൂരമർദനം: കണ്ണടച്ച് കോളജും ഒത്തു കളിച്ച് പൊലീസും; അറസ്റ്റുമില്ല, അച്ചടക്ക നടപടിയുമില്ല
Mail This Article
തിരുവനന്തപുരം∙ ഭിന്നശേഷിക്കാരനായ എസ്എഫ്ഐ പ്രവർത്തകൻ മുഹമ്മദ് അനസിനെ എസ്എഫ്ഐ നേതാക്കൾ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികൾക്ക് നേരെ കണ്ണടച്ച് കോളജ് അധികൃതരും കന്റോൺമെന്റ് പൊലീസും.
പൊലീസ് ഇന്നലെ കോളജിലെത്തി മഹസർ തയാറാക്കിയെങ്കിലും ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത കേസിലെ പ്രതികളായ അമൽചന്ദ്, വിധു ഉദയ, മിഥുൻ, അലൻ ജമാൽ എന്നിവരിൽ ആരെയും അറസ്റ്റ് ചെയ്തില്ല. പ്രതികളിലൊരാൾ എസ്ഐയുടെ മകനാണെന്നു പറയുന്നു. അനസ് പരാതിപ്പെട്ട വിവരം ഉടൻ കോളജിലെ എസ്എഫ്ഐക്കാർക്കു മുൻ എസ്എഫ്ഐക്കാരൻ കൂടിയായ പൊലീസുകാരൻ ചോർത്തി നൽകി. കുറ്റക്കാർക്കെതിരെ കോളജും നടപടിയെടുത്തിട്ടില്ല. ആദ്യം പരാതി ലഭിച്ചില്ലെന്നു പറഞ്ഞ കോളജ് അധികൃതർക്കു പിന്നീട് ഇമെയിൽ വഴി പരാതി നൽകിയിട്ടും ഫലമില്ല. ഇന്ന് കോളജിൽ അച്ചടക്ക സമിതി യോഗം ചേരുമെന്ന് അധികൃതർ പറയുന്നു. പരാതിക്കാരനെ സമ്മർദത്തിലാക്കാനും ശ്രമം നടക്കുന്നു.
കൊടി കെട്ടാൻ മരത്തിൽ കയറാനുള്ള നേതാക്കളുടെ നിർദേശം അനുസരിക്കാത്തതിനാണു ഭിന്നശേഷിക്കാരനായ അനസിനെ കോളജിലെ ഇടിമുറിയിൽ കൊണ്ടു പോയി മർദിച്ചത്. ഒരു വർഷത്തിനിടെ അഞ്ച് തവണയാണു അനസിന് ഈ സംഘത്തിന്റെ മർദനം. പൊലീസിനെതിരെ എഐഎസ്എഫ് ജില്ലാ സെക്രട്ടേറിയറ്റും രംഗത്തെത്തി. എസ്എഫ്ഐ നേതാക്കൾക്കെതിരെ ഉയർന്ന ആരോപണം ഗൗരവമേറിയതാണ്. കലാലയങ്ങളെ അക്രമവൽകരിക്കുന്ന പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ സമരത്തിന് എഐഎസ്എഫ് നേതൃത്വം നൽകുമെന്നു ജില്ലാ പ്രസിഡന്റ് അബ്ദുല്ലക്കുട്ടി, സെക്രട്ടറി പി.ആന്റസ് എന്നിവർ പറഞ്ഞു. യൂണിയൻ പ്രവർത്തനങ്ങൾക്ക് അനുവദിക്കുന്ന മുറിയിലുൾപ്പെടെ കോളജിൽ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല.
പരാതി ലഭിച്ചിട്ടില്ലെന്ന് മന്ത്രി ബിന്ദുവും
തിരുവനന്തപുരം∙ ഭിന്നശേഷി വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നു മന്ത്രി ആർ.ബിന്ദു പറഞ്ഞു. സംഭവത്തിൽ വസ്തുനിഷ്ഠമായി കാര്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.