ധനവകുപ്പിന്റെ അധികാരങ്ങൾ അരിഞ്ഞ് പുതിയ സിവിൽ സർവീസ് കോഡ് വരും
Mail This Article
തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാരുടെ എല്ലാ സേവന ചട്ടങ്ങളും ഒറ്റ സിവിൽ സർവീസ് കോഡിനു കീഴിലാക്കാനുള്ള നീക്കം ധനവകുപ്പിന്റെ പല അധികാരങ്ങളും അരിയുമെന്നു സൂചന. കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭാ തീരുമാനം അനുസരിച്ച് കോഡ് രൂപീകരിക്കാൻ പൊതുഭരണ വകുപ്പിനാണ് ചുമതല. ഇതു നിലവിൽ വരുന്നതോടെ ധനവകുപ്പ് ഇപ്പോൾ കയ്യാളുന്ന പല ഉത്തരവാദിത്തങ്ങളും മുഖ്യമന്ത്രിക്കു കീഴിലെ പൊതുഭരണ വകുപ്പിലേക്കു മാറും. ഫയലുകളിൽ ധനവകുപ്പിന്റെ അഭിപ്രായം തേടുന്നത് അവസാനിക്കും. സർക്കാരിന് തോന്നുംപടി പദ്ധതികളും കരാറുകളും തീരുമാനങ്ങളും നടപ്പാക്കുന്നതിനു തടസ്സം നിൽക്കാനുള്ള ധനവകുപ്പിന്റെ അധികാരം ഇല്ലാതാകും.. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പും ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കും ധനവകുപ്പിൽ നിന്ന് മാറ്റും. അഡ്വൈസറി സെക്‌ഷനുകൾ ഉൾപ്പെടെയുള്ള പല വിങ്ങുകളും ഇല്ലാതാകുകയും ചെയ്യും. ധനവകുപ്പിന്റെ അധികാരങ്ങൾ ചോർത്താനുള്ള നീക്കത്തെ മന്ത്രിസഭാ യോഗത്തിൽ കെ.എൻ.ബാലഗോപാൽ എതിർത്തില്ലെന്നാണു സൂചന.
സെക്രട്ടേറിയറ്റിലെ ഫയൽ നീക്കം വേഗത്തിലാക്കുന്നതിനായി ഭരണക്രമത്തിൽ മാറ്റം വരുത്തണമെന്നു വി.എസ്.അച്യുതാനന്ദൻ ചെയർമാനായ ഭരണ പരിഷ്കാര കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. ഇതേക്കുറിച്ചു പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട സെന്തിൽ കമ്മിറ്റി റൂൾസ് ഓഫ് ബിസിനസ് (സർക്കാരിന്റെ ഭരണക്രമം) പ്രകാരം ധനവകുപ്പിന് ഇപ്പോഴുള്ള അധികാരങ്ങൾ പലതും എടുത്തു കളയണമെന്നു നിർദേശിച്ചു. ഇതിനായി റൂൾസ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യാനും ശുപാർശ ചെയ്തു. ഇതിനു പുറമെയാണ് കേരള സർവീസ് ചട്ടങ്ങളും സബോർഡിനേറ്റ് സർവീസ് ചട്ടങ്ങളും പെരുമാറ്റച്ചട്ടങ്ങളും സംയോജിപ്പിച്ച് കേരള സിവിൽ സർവീസ് കോഡ് രൂപീകരിക്കാനുള്ള തീരുമാനം. ഇതോടെ ഇപ്പോൾ സേവന വേതന വ്യവസ്ഥകൾ നിശ്ചയിക്കുന്ന ധനവകുപ്പിന്റെ അധികാരവും നഷ്ടപ്പെടാനാണു സാധ്യത.
പല സേവനങ്ങളും മാറുന്നതോടെ ധനവകുപ്പിലെ പകുതിയോളം ജീവനക്കാരും മറ്റു വകുപ്പുകളിലേക്കു മാറ്റപ്പെടുമെന്ന് ആശങ്കയുണ്ട്. തസ്തികകൾ ഇല്ലാതാകുന്നതോടെ സ്ഥാനക്കയറ്റവും കുറയും. പുതിയ നീക്കത്തിനെതിരെ ധനകാര്യ വകുപ്പിലെ കോൺഗ്രസ് സംഘടനയായ കേരള ഫിനാൻസ് സെക്രട്ടേറിയേറ്റ് അസോസിയേഷൻ സമര രംഗത്തിറങ്ങി.