‘പറയുന്നത് കേട്ടില്ലെങ്കിൽ ഈ കാൽ വെട്ടിയെടുക്കും’: ഭിന്നശേഷിക്കാരന്റെ കാൽ ചവിട്ടിഞെരിച്ച് എസ്എഫ്ഐ നേതാവിന്റെ ഭീഷണി
Mail This Article
തിരുവനന്തപുരം ∙ ‘ പറയുന്നതു കേട്ടില്ലെങ്കിൽ നിന്റെ ഈ കാൽ വെട്ടിയെടുക്കും. സ്വാധീനമില്ലാത്ത കാൽ ചവിട്ടി ഞെരിച്ചുകൊണ്ട് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് അമൽചന്ദിന്റെ ഭീഷണി’. ഭിന്നശേഷി ദിനത്തിന്റെ തലേന്ന് യൂണിവേഴ്സിറ്റി കോളജിൽ സ്വന്തം സംഘടനാ നേതാവിന്റെ മർദനമേറ്റുവാങ്ങിയ എസ്എഫ്ഐ പ്രവർത്തകൻ മുഹമ്മദ് അനസിന് ഇപ്പോഴും ഭീതി വിട്ടുമാറിയിട്ടില്ല. കോളജിലേക്കു ചെല്ലാനുള്ള ഭയം മൂലം പ്രിൻസിപ്പലിനു പരാതി ഇ മെയിലായി നൽകിയെങ്കിലും ആർക്കെതിരെയും നടപടിയെടുത്തിട്ടില്ല. ക്യാംപസിലെ എസ്എഫ്ഐ നേതൃത്വത്തിന്റെ ധാർഷ്ട്യത്തിനു മുൻപിൽ സ്വന്തം സംഘടനയിൽപെട്ടവർക്കു പോലും രക്ഷയില്ലെന്നു തെളിയിക്കുന്നതാണു കോളജിലെ എസ്എഫ്ഐ ഡിപ്പാർട്മെന്റ് കമ്മിറ്റി അംഗവും, നാട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകനുമായ അനസ് നേരിട്ട ആക്രമണം. കൊടി കെട്ടാൻ മരത്തിൽ കയറാനും ഇറങ്ങാനുമുള്ള നേതാക്കളുടെ കൽപന കാലിനു സ്വാധീനമില്ലാത്തതിനാൽ അനുസരിക്കാഞ്ഞതിന്റെ പ്രതികാരമായി കോളജിലെ ഇടിമുറിയിലായിരുന്നു മർദനം.
‘ ഒരു വർഷത്തിനിടെ അഞ്ചാംതവണയാണ് ഇവരെന്നെ മർദിക്കുന്നത്. കോളജിൽ ചേർന്ന സമയത്തു റാഗിങ്ങിൽ നിന്നു രക്ഷപ്പെടാൻ നാട്ടിലെ പാർട്ടിക്കാരെക്കൊണ്ടു വിളിപ്പിച്ചപ്പോൾ തുടങ്ങിയ വൈരാഗ്യമാണ്. ഓരോ തവണ മർദിക്കുമ്പോഴും നാട്ടിലെ പാർട്ടിക്കാർ ഇടപെട്ടിരുന്നു. അതോടെ വൈരാഗ്യം കൂടി. തിങ്കളാഴ്ച വൈകിട്ടു പരീക്ഷ കഴിഞ്ഞപ്പോൾ എന്നെയും സുഹൃത്ത് അഫ്സലിനെയും യൂണിറ്റ് കമ്മിറ്റിയുടെ മുറിയിൽ പൂട്ടിയിട്ടാണു മർദിച്ചത്. യൂണിറ്റ് സെക്രട്ടറി വിധു ഉദയ നെഞ്ചിൽ ആഞ്ഞിടിച്ചു., പ്രസിഡന്റ് അമൽചന്ദ് ഷൂസിട്ട കാലുകൊണ്ട് വയ്യാത്ത കാൽ ചവിട്ടി ഞെരിച്ചു. ‘ നാട്ടിൽ പാർട്ടി പ്രവർത്തനം നടത്തുന്ന നിനക്ക് ഇവിടെ ഞങ്ങൾ പറയുന്നതു ചെയ്യാൻ വയ്യല്ലേ ’ യെന്ന് ആക്രോശിച്ചു. തടയാൻ ശ്രമിച്ച അഫ്സലിനും തല്ലു കിട്ടി. ഒരു മണിക്കൂറിനുശേഷമാണു മോചിപ്പിച്ചത്. അനസ് പറയുന്നു. പെരുങ്കുളം കോന്നിയൂർ ചക്കിപ്പാറ സ്വദേശിയായ അനസ് യൂണിവേഴ്സിറ്റി കോളജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ്.
പൊലീസിനു നൽകിയ പരാതിയിൽ അമൽചന്ദ്, വിധു ഉദയ, മിഥുൻ, അലൻ ജമാൽ എന്നീ എസ്എഫ്ഐ നേതാക്കളെ പ്രതികളാക്കി ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തെങ്കിലും ആരെയും പിടികൂടിയിട്ടില്ല. പ്രതികൾ ഒളിവിൽ പോയെന്നു പൊലീസ് പറയുന്നുണ്ടെങ്കിലും ഇന്നലെയും ഇവർ കോളജിലെത്തിയിരുന്നു.
ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പാക്കണം: മുഖ്യമന്ത്രിയുടെ സന്ദേശം
‘അസമത്വങ്ങൾക്കും വിവേചനങ്ങൾക്കും അറുതി വരുത്തി ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പാക്കുകയെന്നതാണ് ഈ ദിനം മുന്നോട്ടുവയ്ക്കുന്ന സന്ദേശം’ ഭിന്നശേഷി ദിനമായ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം ഫെയ്സ്ബുക്ക് പേജിൽ നൽകിയ കുറിപ്പിലെ ആദ്യ വാചകമാണിത്. വീൽചെയറിലിരിക്കുന്ന ഭിന്നശേഷി വിദ്യാർഥിയെ സഹാനുഭൂതിയോടെ നോക്കുന്ന ചിത്രവുമുണ്ട്. ഇതിനു തലേന്നാണു മുഖ്യമന്ത്രിയുടെ പാർട്ടിയുടെ വിദ്യാർഥി സംഘടനാ നേതാക്കൾ ഭിന്നശേഷിക്കാരനായ ഒരു സഹപാഠിയെ ഒരു മണിക്കൂറോളം ക്രൂരമായി വിചാരണ ചെയ്തു മർദിച്ചതെന്നതാണു വൈരുധ്യം.