‘ഹ്യുമൻ ടച്ചു’ള്ള ഓർമകളുമായി കുട്ടികൾക്കു മുന്നിൽ സലിംകുമാർ
Mail This Article
ഇരിങ്ങാലക്കുട ∙ ‘പഠിക്കുന്ന കാലത്ത് എന്റെ വലിയ ആഗ്രഹം അച്ഛനാകണമെന്നായിരുന്നു. കാരണം, അച്ഛന്റെ ഇഷ്ടമനുസരിച്ചാണു വീട്ടിൽ ഭക്ഷണം. അച്ഛനിഷ്ടം കഞ്ഞിയായിരുന്നതുകൊണ്ട് ഞങ്ങളും കഞ്ഞി കുടിച്ചു മടുത്തു. പക്ഷേ, ഞാൻ 2 കുട്ടികളുടെ അച്ഛനായപ്പോഴേക്കും ലോകം മാറി. കുട്ടികളുടെ ഇഷ്ടങ്ങൾക്കായി പ്രാമുഖ്യം. അപ്പോഴേക്കും എനിക്ക് കഞ്ഞിയോടായി ഇഷ്ടം. പക്ഷേ, മക്കൾക്ക് ഇഷ്ടമില്ലാത്തതുകൊണ്ട് കഞ്ഞി കിട്ടാത്ത സ്ഥിതി’– മനോരമ ഹ്യുമൻ സ്റ്റോറി മത്സരത്തിലെ ബംപർ ജേതാവായ പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥി ഷാരോൺ രാജേഷിനു കാർ സമ്മാനിക്കാൻ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെത്തിയ നടൻ സലിംകുമാർ ചിരിക്കും ചിന്തയ്ക്കുമുള്ള വക ആദ്യമേ സമ്മാനമായി നൽകി.
മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ആൻസൺ ഡൊമിനിക്, മനോരമ സർക്കുലേഷൻ ചീഫ് ജനറൽ മാനേജർ സിനു മാത്യൂസ്, സ്കൂൾ മാനേജർ ഫാ.ഡോ.ലാസർ കുറ്റിക്കാടൻ, പിടിഎ പ്രസിഡന്റ് ബൈജു കൂവപ്പറമ്പിൽ, സ്റ്റാഫ് സെക്രട്ടറി എം.ആർ.പാർവതി എന്നിവർ പ്രസംഗിച്ചു.
ലുലു ഹൈപ്പർ മാർക്കറ്റ് ജീവനക്കാരനായ പുല്ലൂർ മുല്ലക്കാട് കണ്ണംപറമ്പിൽ രാജേഷ് ജോസഫിന്റെയും ഷൈനിയുടെയും മകനാണു ഷാരോൺ. സഹോദരി ക്രിസ്റ്റീനയുടെ സഹായത്തോടെയാണ് മത്സരത്തിൽ പങ്കെടുത്തത്. കിറ്റെക്സ്, വണ്ടർല എന്നിവയുടെ സഹകരണത്തോടെയാണ് മനോരമ ഹ്യുമൻ സ്റ്റോറി മത്സരം സംഘടിപ്പിച്ചത്.