സിദ്ദിഖിനെ അറസ്റ്റ് ചെയ്തു; ഉപാധികളോടെ ജാമ്യം
Mail This Article
തിരുവനന്തപുരം∙ ബലാൽസംഗക്കേസിൽ പൊലീസിനു മുന്നിൽ ഹാജരായ നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്തു; കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുതെന്നതടക്കമുള്ള ഉപാധികളോടെ പിന്നീട് ജാമ്യത്തിൽ വിട്ടു. സുപ്രീം കോടതിയുടെ മുൻകൂർ ജാമ്യമുള്ള സിദ്ദിഖ് ഇന്നലെ ഉച്ചയോടെയാണ് മകനൊപ്പം കന്റോൺമെന്റ് സ്റ്റേഷനിൽ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തി മെഡിക്കൽ പരിശോധനയ്ക്കു വിധേയനാക്കിയ ശേഷം വഞ്ചിയൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി.
അന്വേഷണവുമായി സിദ്ദിഖ് സഹകരിക്കുന്നില്ലെന്നും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ നർകോട്ടിക്സ് സെൽ അസിസ്റ്റന്റ് കമ്മിഷണർ അജി ചന്ദ്രൻനായർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കേരളത്തിനു പുറത്തുപോകാൻ മുൻകൂർ അനുമതി നേടണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ച കോടതി ഒരു ലക്ഷം രൂപയുടെ ആൾജാമ്യത്തിലാണു സിദ്ദിഖിനെ വിട്ടത്. പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളി ഹാജരായി.
മറ്റു ജാമ്യ വ്യവസ്ഥകൾ :
∙ അന്വേഷണവുമായി പൂർണമായി സഹകരിക്കണം. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ സ്റ്റേഷനിൽ ഹാജരാകണം.
∙ പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം.
∙ തെളിവു നശിപ്പിക്കരുത്.
∙ ഇരയേയോ കുടുംബാംഗങ്ങളെയോ ഒരുതരത്തിലും ബന്ധപ്പെടാൻ ശ്രമിക്കരുത്.
∙ ഇരയെ ഭീഷണിപ്പെടുത്താനോ ഉപദ്രവിക്കാനോ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുത്.
പൊലീസ് റിപ്പോർട്ട്
സിനിമാ ചർച്ചയ്ക്കെന്ന പേരിൽ തിരുവനന്തപുരത്തെ മാസ്കറ്റ് ഹോട്ടലിലേക്ക് ഇരയെ വിളിച്ചുവരുത്തിയ സിദ്ദിഖ് അവിടെ വച്ച് അവരെ ബലാൽസംഗം ചെയ്തുവെന്ന് കോടതിക്കു സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് ചൂണ്ടിക്കാട്ടി. പുറത്തു പറയുമെന്ന് ഇര പറഞ്ഞപ്പോൾ ഒരു പ്രൊഫൈലും ഇല്ലാത്തതിനാൽ അവരെ ആരും വിശ്വസിക്കില്ലെന്നും താനുമായി താരതമ്യപ്പെടുത്തുമ്പോൾ അവരുടെ നില പൂജ്യമാണെന്നും പറഞ്ഞ് സിദ്ദിഖ് ഭീഷണിപ്പെടുത്തിയെന്നും പൊലീസ് ചൂണ്ടിക്കാട്ടി.