ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്രസഹായത്തോടെ സംസ്ഥാനങ്ങൾ നടപ്പാക്കുന്ന ഒന്നാം അമൃത് പദ്ധതിയുടെ കാലാവധി അവസാനിച്ച് ഒരു വർഷം കഴിഞ്ഞപ്പോഴും കേരളം പൂർത്തിയാക്കാനുള്ളത് 947.91 കോടി രൂപയുടെ പദ്ധതികൾ. അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫർമേഷൻ (അമൃത്) പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിലെ 9 നഗരങ്ങളിൽ 1111 പദ്ധതികളാണ് ആസൂത്രണം ചെയ്തത്.

ജലവിതരണം, മലിനജല സംസ്കരണം, കാന നവീകരണം, നഗര ഗതാഗതം, നഗര സൗന്ദര്യവൽക്കരണം എന്നീ മേഖലകളിലാണു പദ്ധതികൾ പ്രഖ്യാപിച്ചത്. കേന്ദ്രം 50%, സംസ്ഥാന സർക്കാർ 30%, തദ്ദേശസ്ഥാപനം 20% എന്നിങ്ങനെയാണു പദ്ധതിവിഹിതം. ഇതിൽ കേന്ദ്രസർക്കാർ വിഹിതമായ 1,161.20 കോടി രൂപ കേരളത്തിനു പൂർണമായും കൈമാറി. 1111 പദ്ധതികൾ ടെൻഡർ വിളിച്ചതിൽ 1105 പദ്ധതികളാണ് കരാറായത്.

ഇതിൽ 139 പദ്ധതികൾ ഇനിയും പൂർത്തിയായിട്ടില്ല. 275.62 കോടി രൂപയുടെ പദ്ധതികൾക്കു പ്രാഥമിക ജോലി പോലും ആരംഭിച്ചിട്ടില്ല. ഭൂമിയേറ്റെടുക്കലിലെ കാലതാമസം, കാലാവസ്ഥാ മാറ്റം, അനുമതി ലഭിക്കാനുള്ള കാലതാമസം, വിദഗ്ധരായ കരാറുകാരുടെയും നിർമാതാക്കളുടെയും അഭാവം തുടങ്ങിയ കാരണങ്ങളാലാണു പദ്ധതി വൈകുന്നതെന്നാണു സംസ്ഥാനം കേന്ദ്രത്തിനു നൽകിയ വിശദീകരണം. പദ്ധതി നിർവഹണത്തിൽ 99.65 % തുക ചെലവിട്ടു കണ്ണൂർ കോർപറേഷനാണു മുന്നിൽ. ഏറ്റവും പിന്നിൽ കൊല്ലം കോർപറേഷൻ (49.72%). 

2015ൽ 5 വർഷത്തേക്ക് ആരംഭിച്ച പദ്ധതി 2021ൽ അവസാനിക്കേണ്ടതായിരുന്നെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ 2 വർഷം കൂടി നീട്ടിയിരുന്നു. ഒരു വർഷം കൂടി ലഭിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാതെ കേന്ദ്രം രണ്ടാം അമൃത് പദ്ധതിക്കു കഴിഞ്ഞ വർഷം തുടക്കമിട്ടു. ജലവിതരണം, മലിനജലസംസ്കരണം, ജലസ്രോതസ്സുകളുടെ നവീകരണം എന്നീ മൂന്നു മേഖലകൾ മാത്രമാണു രണ്ടാം അമൃത് പദ്ധതിയിലുള്ളത്. 

അതേസമയം, പണം ചെലവിട്ടതിൽ പിന്നിലാണെങ്കിലും ആകെ പദ്ധതികളിൽ 83.47% പൂർത്തിയാക്കിയെന്നു കേരളത്തിന് അവകാശപ്പെടാം. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യവികസന രംഗത്തു പദ്ധതി വഴി നേട്ടമുണ്ടാക്കാനായി.‌‌‌ 

ചെലവിട്ടത് ഇങ്ങനെ

നഗരം, ആകെ പദ്ധതി, പൂർത്തീകരിച്ചവ, പദ്ധതിത്തുക, ചെലവിട്ടത്, ചെലവ് ശതമാനം എന്ന ക്രമത്തിൽ:

∙ തിരുവനന്തപുരം– 317, 271, 388.74 കോടി, 333.34 കോടി, 93.24%

∙ തൃശൂർ– 136, 121, 283.44 കോടി, 249.72 കോടി, 92.51%

∙ പാലക്കാട്– 147, 134, 215.57 കോടി, 181.90 കോടി, 82.03%

∙ കോഴിക്കോട്– 55, 47, 262.67 കോടി, 251.34 കോടി, 91.48%

∙ കണ്ണൂർ– 40, 35, 236.89 കോടി, 224.93 കോടി, 99.65%

∙ കൊല്ലം– 56, 49, 183.26 കോടി, 126.01 കോടി, 49.72%

∙ കൊച്ചി– 113, 94, 270.51 കോടി, 212.55 കോടി, 64.65%

∙ ഗുരുവായൂർ– 33, 27, 213.78 കോടി, 184.19 കോടി, 90.69%

∙ ആലപ്പുഴ– 211, 194, 223.24 കോടി, 203.87 കോടി, 91.55% 

English Summary:

Amrut Scheme: Projects worth ₹947.91 crore incomplete

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com