സ്നേഹക്കുടയായി ശാരദാംബരം
Mail This Article
കണ്ണൂർ∙ ശാരദയെന്നാൽ ശരത്കാലം. മനസ്സിനും ശരീരത്തിനും കുളിരേകുന്ന വൃശ്ചികത്തിലെ അവിട്ടം നാളിൽ ജനിച്ച മകൾക്കു പി.കെ.കുഞ്ഞിരാമൻ നമ്പ്യാരും കെ.പി.ശ്രീദേവി അമ്മയും ശാരദയെന്നു പേരിട്ടത് അർഥമറിഞ്ഞുതന്നെ. മലയാളത്തിനു സ്നേഹക്കുട ചൂടിയ കെ.പി.ശാരദയെന്ന, മുൻമുഖ്യമന്ത്രി ഇ.കെ.നായനാരുടെ ഭാര്യ ശാരദ ടീച്ചർക്ക് ഇന്നു നവതി. ഏറെനാളുകൾക്കു ശേഷം കല്യാശ്ശേരിയിലെ ‘ശാരദാസ്’ തിരക്കിലാണ്. മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഇ.കെ.നായനാർ വീട്ടിൽ വരുമ്പോൾ ഇതുപോലെയായിരുന്നു. ആളും ആരവവും നിറയും. ‘റൈറ്റ്... താങ്ക്‌യൂ ഓൾ...’ എന്നു യാത്രാമൊഴിയേകി നായനാർ ജീവിതത്തിൽനിന്നു വിടപറഞ്ഞതോടെ ശാരദാസിൽ ടീച്ചർ തനിച്ചായി.
തിരുവനന്തപുരത്തും കൊച്ചിയിലും താമസിക്കുന്ന മക്കൾ സ്നേഹപൂർവം കൂടെത്താമസിക്കാൻ വിളിക്കുമെങ്കിലും ‘ശാരദേ’ എന്ന് സഖാവ് പിൻവിളി വിളിച്ചതായി തോന്നുന്നതോടെ പോകാൻ തോന്നില്ല. ഇന്ന് എല്ലാവരും ശാരദാസിലുണ്ട്. ‘‘അച്ഛന്റെ പിറന്നാളാഘോഷിക്കാൻ മക്കൾക്കു കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് അവരുടെ ആഗ്രഹമായിരുന്നു എന്റെ നവതി ആഘോഷിക്കുകയെന്നത്. ജീവിതത്തിൽ പിറന്നാളൊന്നും ആഘോഷിക്കാത്ത ഞാൻ അവരുടെ ആഗ്രഹത്തിനു നിന്നുകൊടുത്തു.’’– ശാരദ ടീച്ചർ പറഞ്ഞു.
1958 സെപ്റ്റംബർ 20ന് കല്യാശ്ശേരി സിആർസി വായനശാലയിലായിരുന്നു ഇ.കെ.നായനാരുടെയും കെ.പി.ശാരദയുടെയും വിവാഹം. ‘‘സഖാവിന് 39, എനിക്ക് 23 വയസ്സായിരുന്നു.
താലിയും മോതിരവുമൊന്നും ഇല്ല. പിന്നീട് എന്റെ ഇഷ്ടത്തിന് ഒരു മോതിരമുണ്ടാക്കി.
‘‘1975ൽ ആണ് ഈ വീടുണ്ടാക്കുന്നത്. അമ്മാവന്മാരും ഞാനുമാണ് എല്ലാം ചെയ്തത്. പാലുകാച്ചലിനു പോലും സഖാവിന് എത്താൻ പറ്റിയില്ല. ഗണപതിഹോമത്തിന് സഖാവിന്റെ ചേട്ടൻ ഉണ്ടായിരുന്നു.
നീ കഷ്ടപ്പെട്ടുണ്ടാക്കിയ വീടല്ലേ. ശാരദാസ് എന്നുപേരിട്ടാൽ മതിയെന്നു സഖാവ് പറഞ്ഞു.
‘‘ഡയറിയെഴുത്തും വായനയുമാണ് ഇപ്പോഴുള്ള ശീലങ്ങൾ. പത്രവും പുസ്തകങ്ങളുമൊക്കെ വായിക്കും. രാവിലെ കുളിച്ച് വേഷ്ടിയുടുത്ത് ഉമ്മറത്തിരിക്കും. മുൻപിലെ മനക്കുളങ്ങര ഭഗവതിക്ഷേത്രത്തിലെ ഭക്തിഗാനം രാവിലെയും വൈകിട്ടും കേൾക്കുന്നത് ഒരു സുഖമാണ്. എന്തൊക്കെ കണ്ടു ഈ ജീവിതത്തിൽ... മോളുടെ മോന്റെ കുട്ടിയെ വരെ താലോലിക്കാൻ പറ്റി... ഇതൊന്നും കാണാൻ സഖാവിനായില്ലല്ലോ എന്നൊരു സങ്കടം മാത്രം. ഈ ചുവന്ന കല്ലുവച്ച മോതിരം ഞാൻ മരിച്ച ശേഷമേ ഊരാൻ പാടുള്ളൂവെന്നു മക്കളോടു പറഞ്ഞിട്ടുണ്ട്. ഈ ചുവപ്പ് എപ്പോഴും കൂടെ വേണം. ചെറുപ്പം മുതലേ കാണുന്നതല്ലേ. അതൊരു ധൈര്യമാണ്...’’