സ്മാർട്സിറ്റി: തൊഴിലുറപ്പാക്കാൻ ടീകോമിന് ബാധ്യതയില്ല; ഒപ്പുവയ്ക്കുന്നതിന് തൊട്ടുമുൻപ് പേന കൊണ്ട് വാചകം മാറ്റിയെഴുതി
Mail This Article
തിരുവനന്തപുരം∙ സ്മാർട്സിറ്റി പദ്ധതി വഴി തൊഴിലവസരം നൽകാൻ ടീകോം കമ്പനിക്കു നിയമപരമായ ബാധ്യതയില്ലാത്ത വിധം കരാറിൽ കുരുക്ക്. എൽഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടാക്കിയ കരാർ ഒപ്പുവയ്ക്കുന്നതിനു തൊട്ടുമുൻപായി ഈ വ്യവസ്ഥ ഒഴിവാക്കുകയായിരുന്നു. പ്രവർത്തനം തുടങ്ങി 10 വർഷത്തിനകം 90,000 തൊഴിലവസരം സൃഷ്ടിക്കണം (‘ടീകോം ഷാൽ ജനറേറ്റ് അറ്റ് ലീസ്റ്റ് 90,000 ജോബ്സ്’) എന്നായിരുന്നു ഐടി സെക്രട്ടറിയായിരുന്ന കെ.ആർ.ജ്യോതിലാൽ തയാറാക്കിയ കരടു കരാറിലുണ്ടായിരുന്നത്.
എന്നാൽ, 90,000 തൊഴിലവസരമുണ്ടാക്കാൻ ടീകോം ‘പരിശ്രമിച്ചാൽ’ മാത്രം മതി (‘ഷാൽ മേക്ക് ബെസ്റ്റ് എഫർസ്ട് ടു ജനറേറ്റ്)’ എന്ന്, 2007ൽ ഒപ്പുവയ്ക്കുന്നതിനു മുൻപായി ടീകോമിന്റെ ആവശ്യപ്രകാരം പേന കൊണ്ട് എഴുതിച്ചേർത്തു. ഇതോടെ, തൊഴിലവസരം സൃഷ്ടിക്കേണ്ട ബാധ്യതയിൽനിന്നു ടീകോം രക്ഷപ്പെട്ടു. ‘പരിശ്രമിച്ചാൽ’ മതി എന്നതിനാൽ കരാറിലെ വാഗ്ദാന ലംഘനത്തിനു ടീകോമിനെതിരെ നടപടിയെടുക്കാനാകില്ല.
ടീകോം ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയായതിനാൽ അവർക്കു തൊഴിലവസരം സൃഷ്ടിക്കാൻ കഴിയില്ലെന്നു കണ്ട് ഈ വ്യവസ്ഥ ഒഴിവാക്കുകയായിരുന്നുവെന്നാണ് അന്നുണ്ടായ വിശദീകരണം. വ്യവസ്ഥ ഒഴിവാക്കിയതിനെതിരെ കരാർ ഒപ്പിട്ടശേഷം 2010ൽ അഡ്വക്കറ്റ് ജനറൽ നിയമോപദേശം നൽകിയിരുന്നെങ്കിലും തിരുത്തിയില്ല. എജിയുടെ ഓഡിറ്റിലും ഇതിനെതിരെ നിരീക്ഷണമുണ്ടായി. ഫലത്തിൽ, 88 ലക്ഷം ചതുരശ്രയടി കെട്ടിടം സമയബന്ധിതമായി പൂർത്തിയാക്കിയില്ലെന്ന കുറ്റം മാത്രമാണു ടീകോമിനു മേൽ ചുമത്താൻ കഴിയുക.
ആ വ്യവസ്ഥയും ഒഴിവാക്കി !
3 ഘട്ടമായി പദ്ധതി നടപ്പാക്കണമെന്നും ഓരോ ഘട്ടത്തിലും നിശ്ചിത തൊഴിൽ ഉറപ്പാക്കണമെന്നും അതിനു കഴിയാതെ വന്നാൽ നൽകാത്ത ഓരോ തൊഴിലിനും 6000 രൂപ കമ്പനി സർക്കാരിനു നൽകണമെന്നും ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ ധാരണാപത്രത്തിൽ വ്യവസ്ഥയുണ്ടായിരുന്നു. ഈ വ്യവസ്ഥയും വിഎസ് സർക്കാരിന്റെ കാലത്തു കരാറിൽനിന്ന് ഒഴിവാക്കി.