‘കുപ്പി ഉപയോഗിച്ചത് മാതൃകാപരം, ദൃശ്യമെടുത്തതിൽ അദ്ഭുതം; സിപിഎമ്മിനെ ആക്രമിക്കാനുള്ള മോശം ശ്രമം’
Mail This Article
കൊല്ലം∙ സിപിഎം ജില്ലാ സമ്മേളനത്തിൽ വെള്ളം വിതരണം ചെയ്യാനുപയോഗിച്ച ചില്ലുകുപ്പിയെ സംബന്ധിച്ച് തെറ്റായ പ്രചാരണം നടത്തിയവർക്കെതിരെ നിയമ നടപടി ആലോചിക്കുമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്താ ജെറോം. നിയമ നടപടിയെക്കുറിച്ച് നേതൃത്വം ആലോചിച്ച് തീരുമാനമെടുക്കുമെന്നും ചിന്ത പറഞ്ഞു. വെളുത്ത കുപ്പികൾക്ക് പകരം തവിട്ടു നിറത്തിലുള്ള കുപ്പികളിലാണ് സമ്മേളന വേദിയിൽ കരിങ്ങാലിവെള്ളം എത്തിച്ചത്. ഇവ ബീയർ കുപ്പികളാണെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ ചിലർ പ്രചാരണം നടത്തിയത്.
ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ പ്രചാരണം നടത്തുന്നത് ദൗർഭാഗ്യകരമാണെന്ന് ചിന്ത പറഞ്ഞു. ‘‘പാർട്ടിയെ ആക്രമിക്കാനുള്ള മോശപ്പെട്ട ശ്രമമാണ് ഉണ്ടായത്. മൂന്നു ദിവസമായി ഞാൻ പാർട്ടി സമ്മേളനത്തിലായിരുന്നു. ബീയർ കുപ്പി വിവാദമാണെന്ന് ഇപ്പോഴാണ് അറിഞ്ഞത്. ചൂടുവെള്ളം കുപ്പിയിൽ കൊടുത്തതാണ്.
പ്രതിനിധികൾക്കും സ്റ്റേജിലുള്ള നേതാക്കൾക്കും ചൂടുവെള്ളം നൽകുന്നതിന് സംഘാടക സമിതി വളരെ മാതൃകാപരമായി കുപ്പി ഉപയോഗിച്ചു. ഇതിൽ എന്താണ് പുതിയ കാര്യം? ആരാണ് ഇത് ചെയ്യാത്തത്? വീടുകളിലും ഇങ്ങനെ ഉപയോഗിക്കുന്നുണ്ട്. സ്റ്റേജിൽ ഇരിക്കുമ്പോൾ തന്നെ കുപ്പിയുടെ ദൃശ്യങ്ങൾ പകർത്തുന്നതിൽ അദ്ഭുതം തോന്നി.’’– ചിന്ത കൊല്ലത്ത് മാധ്യമങ്ങളോടു പറഞ്ഞു.