ADVERTISEMENT

മുംബൈ∙ ബോർഡർ– ഗാവസ്കർ ട്രോഫിയിൽ ഇന്ത്യയുടെ പേസ് ബോളിങ് ആശങ്കകൾ തുടരുമ്പോഴും, വെറ്ററൻ താരം മുഹമ്മദ് ഷമി ടീമിനൊപ്പം ചേരുന്ന കാര്യം ഇനിയും തീരുമാനമായില്ല. അവസാന രണ്ടു ടെസ്റ്റുകളിൽ ഷമി കളിക്കുന്ന കാര്യം സജീവ ചർച്ചയായി നിലനിൽക്കുന്നുണ്ട്. പക്ഷേ താരത്തിന്റെ ഫിറ്റ്നസിന്റെ കാര്യത്തിൽ ബിസിസിഐയ്ക്ക്  ഇതുവരെ ആത്മവിശ്വാസം വന്നിട്ടില്ല. അഡ്‌‍ലെയ്ഡ് ടെസ്റ്റിലെ തോൽവിക്കു ശേഷം ക്യാപ്റ്റൻ രോഹിത് ശർമയോട് ഷമിയുടെ കാര്യം ചോദിച്ചപ്പോള്‍, താരം എന്നു ടീമിനൊപ്പം ചേരുമെന്ന് രോഹിത് വ്യക്തമാക്കിയിരുന്നില്ല.

മുഹമ്മദ് ഷമിക്കു വേണ്ടി ടീമിന്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ് എന്നു മാത്രമായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണം. അഡ്‌‍ലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ പേസ് ബോളർമാരുടെ മോശം പ്രകടനത്തിനു പിന്നാലെയാണ് ഷമിയെ ടീമിലേക്കു വിളിക്കണമെന്ന ആവശ്യമുയർന്നത്. ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ജോഷ് ഹെയ്സൽവുഡ് എന്നീ ബോളർമാർ തകർത്തുകളിച്ച അഡ്‍ലെയ്ഡിൽ ഇന്ത്യയ്ക്കായി തിളങ്ങിയത് ജസ്പ്രീത് ബുമ്ര മാത്രമായിരുന്നു. മുഹമ്മദ് സിറാജ്, ഹർഷിത് റാണ എന്നിവർ നിരാശപ്പെടുത്തി.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബംഗാളിനു വേണ്ടി കളിക്കുന്ന ഷമിക്ക് മത്സരത്തിനിടെ കാൽമുട്ടിനു പരുക്കേറ്റതായി രോഹിത് ശർമ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ പരുക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്നു വ്യക്തമല്ല. ബംഗാളിനായി രഞ്ജി ട്രോഫിയിലും ഷമി കളിച്ചിരുന്നു. ഫിറ്റ്നസിന്റെ കാര്യത്തിൽ രോഹിത് നേരത്തേ നടത്തിയ ഒരു പ്രസ്താവനയുടെ പേരിൽ, ഷമി ഇന്ത്യൻ ക്യാപ്റ്റനുമായി തർക്കിച്ചതായും റിപ്പോർട്ടുകളുണ്ട്. 14ന് ബ്രിസ്ബെയ്നിലാണ് ഇന്ത്യ– ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരം.

English Summary:

Fresh setback for the Indian team, Mohammed Shami is unlikely to travel to Australia anytime soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com