സ്മൃതിക്ക് സെഞ്ചറി, രണ്ടിന് 134 എന്ന നിലയിൽനിന്ന് 215 ന് ഓൾഔട്ടായി ഇന്ത്യ; മൂന്നാം മത്സരത്തിലും വൻ തോൽവി
Mail This Article
പെർത്ത്∙ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യൻ വനിതകൾക്കു തോൽവി. ഓസ്ട്രേലിയ ഉയർത്തിയ 299 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 45.1 ഓവറിൽ 215 റൺസെടുത്തു പുറത്തായി. ഓസീസിന് 83 റൺസ് വിജയം. പരമ്പരയിലെ ഒരു മത്സരവും വിജയിക്കാൻ സാധിക്കാതെയാണ് ഇന്ത്യൻ വനിതകൾ ഓസ്ട്രേലിയയിൽനിന്നു മടങ്ങുന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്കു വേണ്ടി മധ്യനിര താരം അനബെൽ സതർലൻഡ് സെഞ്ചറി നേടി. 95 പന്തുകൾ നേരിട്ട അനബെൽ 110 റൺസെടുത്താണു പുറത്തായത്. ആഷ്‍ലി ഗാർഡ്നർ (64 പന്തിൽ 50), ക്യാപ്റ്റൻ തഹ്‍ലിയ മഗ്രോ (50 പന്തിൽ 56) എന്നിവര്‍ അര്‍ധ സെഞ്ചറിയും നേടി. ഇന്ത്യയ്ക്കായി അരുന്ധതി റെഡ്ഡി നാലു വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ 134 ന് രണ്ട് എന്ന നിലയിൽനിന്നാണ് ഇന്ത്യ 215 റൺസിന് ഓൾഔട്ടായത്. സ്കോർ 16ൽ നിൽക്കെ റിച്ച ഘോഷിനെ നഷ്ടമായെങ്കിലും ഹർലീൻ ഡിയോളിനെ കൂട്ടുപിടിച്ച് സ്മൃതി മന്ഥന ഇന്ത്യൻ സ്കോർ ഉയർത്തുകയായിരുന്നു. 109 പന്തുകൾ നേരിട്ട സമൃതി 105 റൺസെടുത്താണു പുറത്തായത്. 64 പന്തുകൾ നേരിട്ട ഹർലീൻ ഡിയോൾ 39 റൺസെടുത്തും മടങ്ങി.
പിന്നീടു വന്ന ബാറ്റർമാരെല്ലാം തിളങ്ങാതെ പോയതോടെയാണ് ഇന്ത്യ തോൽവി സമ്മതിച്ചത്. ആഷ്‍ലി ഗാർഡ്നർ ഓസ്ട്രേലിയയ്ക്കായി അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റിനും രണ്ടാം മത്സരത്തിൽ 122 റൺസിനുമായിരുന്നു ഓസ്ട്രേലിയ വിജയിച്ചത്.