250 രൂപയുണ്ടോ? സ്വർണത്തിൽ നിക്ഷേപിക്കാം!

Mail This Article
ഇന്ത്യക്കാർക്ക് സ്വർണത്തിനോടുള്ള ഇഷ്ടം പണ്ടേ പ്രസിദ്ധമാണ്. സമൂഹത്തിന്റെ മേൽത്തട്ടിലുള്ളവർ ഡിജിറ്റൽ സ്വര്ണത്തിലാണ് ഇപ്പോൾ കൂടുതൽ നിക്ഷേപിക്കുന്നതെങ്കിൽ താഴെ തട്ടുകാർ സ്വർണ ആഭരണങ്ങളിലാണ് നിക്ഷേപം നടത്തുന്നത്. എന്നാലിപ്പോൾ സ്വർണത്തിന്റെ വില കുത്തനെ ഉയർന്നതിനാൽ സ്വർണ ആഭരണങ്ങളോ, കോയിനോ വാങ്ങുന്നതിനു ഒരുമിച്ച് നല്ലൊരു തുക ചെലവാക്കേണ്ടി വരും. എന്നാൽ സ്വർണ മ്യൂച്ചൽ ഫണ്ടുകളിലോ, ഇ ടി എഫുകളിലോ നിക്ഷേപിച്ചാൽ ആഴ്ചയിൽ 250 രൂപ അടച്ചു പോലും സ്വർണം സ്വരുകൂട്ടാം.
.jpg)
നേരിട്ട് സ്വർണാഭരണങ്ങളിൽ നിക്ഷേപിക്കുന്നതിനേക്കാൾ ഡിജിറ്റൽ സ്വർണ നിക്ഷേപം നല്ലതാണ് എന്ന അഭിപ്രായം കഴിഞ്ഞ പത്തു വർഷങ്ങളിലായി ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. സ്വർണത്തിൽ നിക്ഷേപിക്കുന്ന മ്യൂച്ചൽ ഫണ്ടുകളാകുമ്പോൾ ആഴ്ചയിൽ ചെറിയ തുക നിക്ഷേപിക്കുകയാണെങ്കിൽ വിപണിയിലെ എല്ലാ ഏറ്റക്കുറച്ചിലുകളെയും ഉൾക്കൊണ്ട് നല്ലൊരു ആദായം നൽകാനാകും.
ആഗോള അനിശ്ചിതത്വം നിലനിൽക്കുമ്പോൾ സ്വർണ വില ഉയരുന്നത് ഇത്തരം മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾക്ക് തിളക്കം കൂട്ടുന്നുണ്ട്. ഓഹരി മ്യൂച്ചൽ ഫണ്ടുകളേക്കാൾ ആദായം ഒരു വർഷത്തിൽ നൽകിയിട്ടുള്ള സ്വർണ മ്യൂച്ചൽ ഫണ്ടുകളും ഈ വർഷം താരങ്ങളാണ്.ഓഹരികൾ വാങ്ങുന്നത് പോലെ തന്നെ ഗോൾഡ് ഇ ടി എഫുകളിൽ നിക്ഷേപിക്കാം.
ഗോൾഡ് ഇടിഎഫുകൾ

ഭൗതികമായി സ്വർണം വാങ്ങുന്നതിനുപകരം ഡീമാറ്റ് അക്കൗണ്ടുകളിലൂടെ ഗോൾഡ് ഇ ടി എഫുകളിൽ പണം നിക്ഷേപിക്കാം. ഉയർന്ന വരുമാനം നേടാൻ ഇത് വളരെയധികം സഹായിക്കും.ഇന്ത്യയിലെ പുതിയ നിക്ഷേപകർക്ക് ഓഹരികളിലും, മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിക്കാൻ കൂടുതൽ താല്പര്യമുണ്ട്. കൂടുതൽ വർഷം പരിചയമുള്ള നിക്ഷേപകർ റിയൽ എസ്റ്റേറ്റ്, സ്വർണ്ണം, ഓഹരികൾ എന്നീ നിക്ഷേപങ്ങളാണ് ഇഷ്ടപ്പെടുന്നതെന്ന് സ്റ്റോക്ക്ഗ്രോയും 1 ലാറ്റിസും ചേർന്ന് നടത്തിയ പഠന റിപ്പോർട്ട് പറയുന്നു.
നിക്ഷേപ മുൻഗണനകൾ അനുഭവത്തിനനുസരിച്ച് എങ്ങനെ മാറുന്നു എന്ന് പഠനം എടുത്തുകാണിക്കുന്നു. ഒരു വർഷത്തിൽ താഴെ പരിചയമുള്ള നിക്ഷേപകർ അവരുടെ ഫണ്ടിന്റെ പകുതിയോളം (48 ശതമാനം) മ്യൂച്വൽ ഫണ്ടുകൾക്കും 31 ശതമാനം ഓഹരികൾക്കുമായി നീക്കിവയ്ക്കുന്നുവെന്ന് ഇത് കാണിക്കുന്നു. ഇതിനു വിപരീതമായി, അവരുടെ പോർട്ട്‌ഫോളിയോയുടെ 13 ശതമാനം മാത്രമേ സ്വർണ്ണത്തിനും വെള്ളിക്കും വേണ്ടി നീക്കിവച്ചിട്ടുള്ളൂ, വെറും 6 ശതമാനം മാത്രമേ റിയൽ എസ്റ്റേറ്റിനു വേണ്ടി നീക്കിവച്ചിട്ടുള്ളൂ.
വിവിധ മ്യൂച്ചൽ ഫണ്ടുകളുടെയും, സ്വർണ ഇ ടി എഫുകളുടേയും മൂന്ന് വർഷത്തെ ആദായം താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്നും മനസിലാക്കാം. മ്യൂച്ചൽ ഫണ്ടുകളാണെങ്കിൽ നമ്മുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചാൽ ഓരോ ആഴ്ചയോ, മാസമോ പണം സ്വയം അവയിലേക്ക് വലിഞ്ഞു പോകാനുള്ള സൗകര്യം ഉണ്ടാകും. എന്നാൽ ഇ ടി എഫുകളാണെങ്കിൽ ഓഹരികൾ വാങ്ങുന്ന പോലെ തന്നെ പണം കൈയ്യിലുള്ളപ്പോൾ വാങ്ങി ഡീമാറ്റ് അക്കൗണ്ടിൽ സൂക്ഷിക്കാം.

അവലംബം:ഗ്രോ.ഇൻ