ബിസിനസുകാർക്ക് മ്യൂച്വൽഫണ്ടിനെ മികച്ചരീതിയിൽ ഉപയോഗപ്പെടുത്താം
.jpg?w=1120&h=583)
Mail This Article
എസ്ഐപി(സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ)യെക്കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടാവും അല്ലേ. പക്ഷേ, അതു ബിസിനസുകാർക്ക് അത്ര പ്രയോജനപ്പെടണം എന്നില്ല. എല്ലാ മാസവും നിശ്ചിത തീയതിയിൽ നിശ്ചിത തുക നിക്ഷേപിക്കണമെന്നതിനാൽ സ്ഥിരം വരുമാനക്കാർക്കാണ് എസ്ഐപി നല്ലത്. വാർഷിക കണക്കിൽ ബിസിനസുകാരന്റെ വരുമാനം ഒരു ശരാശരി ജോലിക്കാരനെക്കാൾ കൂടുതലായിരിക്കാം. പക്ഷേ, എല്ലാ മാസവും നിശ്ചിത തുക നിക്ഷേപിക്കാൻ ചിലപ്പോൾ ബുദ്ധിമുട്ടാകാം. ഇവർക്കു മ്യൂച്വൽഫണ്ടിൽ നിക്ഷേപത്തിനു മികച്ചത് ഇടയ്ക്കിടയ്ക്ക് ഒന്നിച്ചു കഴിയുന്നത്ര തുക (Lumpsum) നിക്ഷേപിക്കലാകും. നല്ല വരുമാനമുള്ള മാസങ്ങളിൽ അധിക തുക ഇടാം. വരുമാനം കുറഞ്ഞ മാസങ്ങളിൽ നിക്ഷേപം ഒഴിവാക്കാം. നിങ്ങൾക്കു കിട്ടുന്ന വാർഷിക വരുമാനത്തിന്റെ 25–30% നിക്ഷേപിക്കാൻ ശ്രമിക്കുക. മ്യൂച്വൽഫണ്ടിനെ ബിസിനസുകാർക്ക് മറ്റു രണ്ടുതരത്തിൽക്കൂടി ഉപയോഗപ്പെടുത്താം.
1. പലിശ വരുമാനം

ബിസിനസുകാർ വലിയ തുകകൾ റോൾചെയ്യുന്നവരാണ്. പക്ഷേ, ആ തുക കറന്റ് അക്കൗണ്ടിലാകും സൂക്ഷിക്കുക. ചിലർ ഹ്രസ്വകാല എഫ്‌ഡികളും ഉപയോഗപ്പെടുത്തുന്നു. എന്നാൽ പ്ലാൻ ചെയ്ത് മ്യൂച്വൽഫണ്ടിലെ ചില പദ്ധതികൾ ഉപയോഗിച്ചാൽ റോൾചെയ്യുന്ന തുകയിൽനിന്നു മോശമല്ലാത്ത ആദായം നേടാം. സുരക്ഷ കൂടുതലുള്ള നല്ലൊരു ലിക്വിഡ് ഫണ്ടിലോ ഓവർനൈറ്റ് ഫണ്ടിലോ ഈ തുക സൂക്ഷിക്കാം.
പലിശയില്ലാത്ത കറന്റ് അക്കൗണ്ടിലെ തുക ഇവയിലിട്ടാൽ 6–7% ആദായം നേടാം. ആവശ്യമുള്ളതിന് ഒരു ദിവസം മുൻപു പിൻവലിക്കാൻ അപേക്ഷിക്കണം എന്നു മാത്രം. ആദായനികുതിയുടെ കാര്യത്തിലും സ്ഥിരനിക്ഷേപത്തെക്കാൾ നേട്ടം ഇവയ്ക്കുണ്ട്. മ്യൂച്വൽഫണ്ടു വിറ്റു ലാഭമെടുക്കുമ്പോഴേ നികുതി വരൂ. എഫ്‌ഡി നേരത്തെ ക്ലോസ് ചെയ്താൽ നൽകേണ്ട പിഴയും ഇവയിൽ ബാധകമല്ല.
2. വായ്പയെടുക്കാം
നല്ല ഇക്വിറ്റിഫണ്ടുകളിൽ നിക്ഷേപിച്ച് സമ്പത്തു വളർത്തിയെടുത്താൽ അവയുടെ സർട്ടിഫിക്കറ്റ് ഏതു ബാങ്കിലും പണയംവച്ച് വായ്പയെടുക്കാം. 7മുതൽ 10%വരെ വാർഷികപലിശയേ വരൂ. വീട്, സ്ഥലം, സ്വർണംപോലുള്ള ആസ്തികളാണ് ഈടെങ്കിൽ മൂല്യത്തിന്റെ 70–75 ശതമാനമേ വായ്പ അനുവദിക്കൂ. മ്യൂച്വൽഫണ്ടിൽ പക്ഷേ, 85–90% വരെ ലഭിക്കും.
നിങ്ങൾക്കൊരു സാമ്പത്തിക പ്രതിസന്ധി വന്നാൽ മ്യൂച്വൽഫണ്ട് വിൽക്കാതെ അതു പണയംവച്ച് വായ്പയ്ക്ക് അപേക്ഷിക്കാം. മ്യൂച്വൽഫണ്ട് വിൽക്കാത്തതിനാൽ ടാക്സ് ബാധകമാകില്ല. ശരിയായ ഫണ്ടാണ് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നതെങ്കിൽ അതിന്റെ ആദായം കൂടിക്കൊണ്ടിരിക്കും. അതും വായ്പയ്ക്കു നൽകേണ്ട പലിശയിൽ അധികം ആദായം ലഭിക്കാം.

ലേഖകൻ ഇൻഷുറൻസ്, മ്യൂച്വൽഫണ്ട് അഡ്വൈസറാണ്
സമ്പാദ്യം ഫെബ്രുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചത്