കാഴ്ച മങ്ങുന്നോ? സ്ക്രീൻ ഏറെനേരം നോക്കുന്നവരും സൂക്ഷിക്കണം! കാഴ്ചശക്തി മെച്ചപ്പെടുത്താൻ ആയുർവേദ വഴികൾ

Mail This Article
മണിക്കൂറുകളോളം സക്രീനിലേക്ക് നോക്കിയിരിക്കുന്നവരാണ് നമ്മളിൽ പലരും. കണ്ണുകൾക്ക് കഠിനമായി ജോലി ചെയ്യേണ്ടി വരുന്നതു കൊണ്ട് കണ്ണിനു വരൾച്ച, ആയാസം ഇവ ഉണ്ടാകാം. ഒപ്പം കാഴ്ച മങ്ങുകയും ചെയ്യും. കണ്ണടയും കണ്ണിലൊഴിക്കുന്ന മരുന്നും എല്ലാം പെട്ടെന്ന് ആശ്വാസം തരും. എന്നാൽ കണ്ണുകൾക്ക് ഉള്ളിൽ നിന്നു തന്നെ സംരക്ഷണമേകാൻ ആയുർവേദത്തിൽ പരിഹാരമുണ്ട്. കാഴ്ചശക്തി മെച്ചപ്പെടുത്താൻ ആയുർവേദം നിർദേശിക്കുന്ന മാർഗങ്ങൾ ഇതാ.
ത്രിഫലവെള്ളം
കടുക്ക, നെല്ലിക്ക, താന്നിക്ക എന്നീ മൂന്ന് ഔഷധസസ്യങ്ങൾ ചേരുന്നതിനെയാണ് ത്രിഫല എന്നു പറയുന്നത്. കണ്ണിന്റെ ആരോഗ്യത്തിന് മികച്ച ഔഷധമാണിത്. ആന്റിഓക്സിഡന്റുകളും വൈറ്റമിൻ സി യും ധാരാളം അടങ്ങിയ ത്രിഫല കണ്ണുകൾക്കുണ്ടാകുന്ന ആയാസം കുറയ്ക്കുകയും കാഴ്ചശക്തി മെച്ചപ്പെടുത്തുകയും ചെയ്യും.
ഉപയോഗിക്കേണ്ട വിധം
ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ത്രിഫലപ്പൊടി ഇട്ടു വയ്ക്കുക. ഒരു രാത്രി മുഴുവൻ വച്ചശേഷം പിറ്റേന്ന് രാവിലെ അരിച്ചശേഷം ഈ വെള്ളത്തിൽ കണ്ണുകൾ കഴുകുക. പതിവായി ത്രിഫലവെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കുകയും കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

കറ്റാർവാഴയും തേനും
തണുപ്പു നൽകാൻ കറ്റാർവാഴ നല്ലതാണ്. തേൻ മുറിവുകളെ സുഖപ്പെടുത്തുകയും ചെയ്യും. ഇവ രണ്ടും കൂടി ചേർന്നാൽ അത് ഏറെ ഗുണകരമാണ്. അമിതമായ സ്ക്രീൻടൈം മൂലം കണ്ണുകൾക്ക് ഉണ്ടാകുന്ന അസ്വസ്ഥതകളും വരൾച്ച (dryness) യും മാറാൻ ഇത് സഹായിക്കും.
കറ്റാർവാഴയുടെ പൾപ്പ് എടുത്ത അത് തേനിൽ ചാലിക്കുക. ഈ മിശ്രിതം കണ്ണുകൾക്ക് ചുറ്റും തേച്ചു പിടിപ്പിക്കുക. പത്തു പതിനഞ്ചു മിനിറ്റുകൾക്ക് ശേഷം തണുത്തവെള്ളത്തിൽ കഴുകാം.
നെയ്യ്
വൈറ്റമിൻ എ യുടെ ഉറവിടമായ ശുദ്ധമായ പശുവിന്‍നെയ്യ്, കണ്ണുകളുടെ ആരോഗ്യത്തിനു നല്ലതാണ്. ചൂടാക്കിയ നെയ്യ് കണ്ണിനു ചുറ്റും പുരട്ടി തടവുക. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും കണ്ണിന്റെ ആയാസം കുറയ്ക്കുകയും ചെയ്യും. ഉറങ്ങാൻ കിടക്കുംമുൻപ് ചെറുതായി ചൂടാക്കിയ ഒരു തുള്ളി പശുവിൻനെയ്യ് കണ്ണുകൾക്ക് ചുറ്റും പുരട്ടിത്തടവുക. നെയ്യ് ഒപ്പം ഇളംചൂട് പാലും ചേർത്തു പുരട്ടിത്തടവാം. ഇത് നാഡികൾക്ക് നല്ലതാണ്.

പെരുംജീരകം ബദാം ടോണിക്
പെരുജീരകത്തിലും ബദാമിലും കണ്ണുകൾക്ക് ആരോഗ്യമേകുന്ന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. പെരുംജീരകത്തിൽ ആന്റിഓക്സിഡന്റുകൾ ധാരാളമുണ്ട്. ബദാമിലാകട്ടെ വൈറ്റമിൻ ഇ യും ഒമേഗ 3 ഫാറ്റി ആസിഡുകളും ഉണ്ട്. പ്രായമാകുമ്പോഴുണ്ടാകുന്ന കാഴ്ചത്തകരാറുകൾ തടയാൻ ഇത് സഹായിക്കും. അഞ്ചോ ആറോ ബദാമും ഒരു ടീസ്പൂൺ പെരുംജീരകവും രാത്രി കുതിരാനിടുക. ഇളം ചൂട് പാലിൽ ഇവ അരച്ച് ഉറങ്ങാൻ കിടക്കും മുൻപ് കുടിക്കാം. ദിവസവും ഇങ്ങനെ ചെയ്യുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്തുകയും കണ്ണിനുണ്ടാകുന്ന ക്ഷീണവും തളർച്ചയും തടയുകയും ചെയ്യും.
ബ്രഹ്മി നെല്ലിക്ക ജ്യൂസ്
ബ്രഹ്മി ശക്തിയേറിയ ഒരു ബ്രെയ്ൻ ടോണിക് ആണ്. ബുദ്ധിശക്തി മെച്ചപ്പെടുത്താൻ ബ്രഹ്മി സഹായിക്കും. നെല്ലിക്കയിൽ കണ്ണിന്റെ ആരോഗ്യത്തിനു സഹായിക്കുന്ന ആന്റിഓക്സിഡന്റുകളും വൈറ്റമിൻ സിയും ഉണ്ട്. കാഴ്ചശക്തി തലച്ചോറിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ നാഡീവ്യവസ്ഥയെ ശക്തിപ്പെടുത്തുക വഴി കാഴ്ചശക്തിയും വർധിക്കും. രണ്ടു ടേബിൾ സ്പൂൺ നെല്ലിക്കാ ജ്യൂസിൽ ഒരു ടീസ്പൂൺ ബ്രഹ്മി ജ്യൂസ് ചേർക്കുക. എല്ലാ ദിവസവും രാവിലെ വെറുംവയറ്റിൽ ഈ പാനീയം കുടിക്കുക. ഫ്രഷ് ആയ ബ്രഹ്മി ലഭ്യമല്ലെങ്കിൽ ഒന്നരാടന്‍ ദിവസം നെല്ലിക്കാ ജ്യൂസും ബ്രഹ്മി ക്യാപ്സ്യൂളും കഴിക്കാം.