വിനോദസഞ്ചാരികൾക്കായി ഇടുക്കിയിലെ സെറ്റിൽമെന്‍റ് സ്മാരക മ്യൂസിയം ഉടന്‍

Mail This Article
പെരിയാറും തലയാറും തൊടുപുഴയാറും ജീവന്‍ പകരുന്ന ഇടുക്കി കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ്. മലകളും കുന്നിന്‍ചെരിവുകളും പച്ചപ്പാര്‍ന്ന താഴ്വരകളും മഞ്ഞും മഴയും ഒളിച്ചുകളിക്കാനെത്തുന്ന തേയിലത്തോട്ടങ്ങളുമെല്ലാം ഇടുക്കിയെന്ന മിടുക്കിയുടെ സൗന്ദര്യം കൂട്ടുന്നു. ഇനി ഇടുക്കി കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് അല്‍പ്പം ചരിത്രം കൂടി മനസ്സിലാക്കി തിരിച്ചുപോകാം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇടുക്കിയുടെ മണ്ണിലേക്ക് കുടിയേറിയെത്തിയ ജനങ്ങളുടെ കഥ പറയുന്ന കുടിയേറ്റ സ്മാരകം(സെറ്റിൽമെന്‍റ് മെമ്മോറിയൽ മ്യൂസിയം) പദ്ധതി ഉടൻ ഇടുക്കിയിൽ ഉദ്ഘാടനം ചെയ്യും.

ഇടുക്കി ആർച്ച് ഡാമിന് സമീപമുള്ള ഇടുക്കി പാർക്കിലാണ് മ്യൂസിയം വികസിപ്പിക്കുന്നത്. കുടിയേറ്റത്തിന്‍റെ ചരിത്രം ചിത്രീകരിക്കുന്ന ശിൽപങ്ങൾ പ്രദർശിപ്പിക്കുന്ന മ്യൂസിയം ടൂറിസം വകുപ്പ് 3 കോടി രൂപയ്ക്കാണ് പൂര്‍ത്തിയാക്കുന്നത്. അഞ്ച് ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന മ്യൂസിയത്തിനുള്ളിൽ ഏഴു വ്യത്യസ്ത പ്രദർശനങ്ങളിലായി വൈവിധ്യമാര്‍ന്ന ശിൽപങ്ങൾ പ്രദർശിപ്പിക്കും. സ്മാരകത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായതായും ഉടൻ തന്നെ വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
36.5 അടി ഉയരമുള്ള പ്രവേശന കവാടമാണ് വിനോദസഞ്ചാരികളെ സ്മാരകത്തിലേക്ക് സ്വാഗതം ചെയ്യുന്നത്. സ്മാരകത്തിലേക്കുള്ള പ്രവേശന കവാടത്തിൽ പരമ്പരാഗത തൊപ്പി ധരിച്ച ഒരു കർഷകന്‍റെ വലിയ ശിൽപമുണ്ട്. കല്ലുകൊണ്ട് നിർമ്മിച്ച ഒരു നടപ്പാത സന്ദർശകരെ ജീവന്‍ തുടിക്കുന്ന ശില്പങ്ങളാൽ അലങ്കരിച്ച ഏഴ് തീമാറ്റിക് മേഖലകളിലേക്ക് നയിക്കുന്നു.കമ്മ്യൂണിസ്റ്റ് നേതാവും ലോക്‌സഭയിലെ മുൻ പ്രതിപക്ഷ നേതാവുമായ എ.കെ. ഗോപാലൻ (എ.കെ.ജി), ഫാ. ജോസഫ് വടക്കൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങളും കുടിയേറ്റ കർഷകരുടെ പ്രതിഷേധങ്ങളുമെല്ലാം ഇവിടെ കാണാം.
ജില്ലയിലെ മനുഷ്യ-മൃഗ സംഘർഷങ്ങളും മ്യൂസിയത്തിൽ പ്രദര്‍ശിപ്പിക്കും. കൃഷിയിടങ്ങളിൽ നിന്ന് വന്യമൃഗങ്ങളെ തുരത്തുന്നതിനുള്ള കർഷകരുടെ പ്രാരംഭ രീതികൾ പ്രദർശിപ്പിക്കും. തീ പന്തങ്ങളും ചെണ്ടകളും മറ്റും ഉപയോഗിച്ച്, കാട്ടാനകളിൽ നിന്ന് വീടുകളും കൃഷിയിടങ്ങളും സംരക്ഷിക്കുന്ന ആളുകളുടെ ദൃശ്യങ്ങൾ പുനർനിർമ്മിച്ചിട്ടുണ്ട്. ആദ്യകാല കൃഷിരീതികളുടെ ഛായാചിത്രങ്ങൾ മറ്റൊരു ആകർഷണമായിരിക്കും. കുടിയേറ്റക്കാർ ആദ്യമായി മരച്ചീനിയും നെല്ലും എങ്ങനെ കൃഷി ചെയ്തുവെന്ന് ഇവ കാണിക്കുന്നു. കൂടാതെ പരമ്പരാഗത ഉഴവു വിദ്യകളും നെൽ വിതയ്ക്കലുമൊക്കെ കാണാം.
ആദ്യകാല കുടിയേറ്റ കാലഘട്ടത്തിൽ, പ്രകൃതിദുരന്തങ്ങൾ കർഷകർക്ക് ഒരു തടസ്സമായിരുന്നു. മണ്ണിടിച്ചിലിൽ ദുരിതമനുഭവിക്കുന്ന ഗ്രാമീണരുടെ ചിത്രങ്ങൾ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും, അക്കാലത്തെ പ്രകൃതിദുരന്തങ്ങളെ അവര്‍ എങ്ങനെ അതിജീവിച്ചുവെന്ന് നേരിട്ട് മനസ്സിലാക്കാം. രക്ഷാപ്രവർത്തനങ്ങൾ, കേടുപാടുകൾ സംഭവിച്ച വീടുകൾ, വളർത്തുമൃഗങ്ങൾ എന്നിവയും പ്രദർശനത്തില്‍ ഉൾപ്പെടും.
സ്മാരകത്തിലെ പ്രമുഖ വ്യക്തികളുടെ ശിൽപങ്ങൾക്കൊപ്പം ചരിത്ര വിവരണങ്ങൾ പ്രചരിപ്പിക്കുന്ന ഒരു ഓഡിയോ സിസ്റ്റം സ്ഥാപിക്കാനും ഡിടിപിസി പദ്ധതിയിടുന്നു. ഏറ്റവും ഉയർന്ന സ്ഥലത്ത്, സന്ദർശകർക്കായി ഒരു കോഫി ഷോപ്പും സജ്ജീകരിച്ചിരിക്കുന്നു.
ഫഹദ് ഫാസിൽ അഭിനയിച്ച 'ഇയോബിന്‍റെ പുസ്തകം' പോലുള്ള വിവിധ സിനിമകളില്‍ കാണിച്ച കര്‍ഷക ജീവിതത്തെക്കുറിച്ച് കൂടുതല്‍ നേരിട്ട് മനസ്സിലാക്കാനുള്ള അവസരമാണ് ഇതിലൂടെ സന്ദര്‍ശകര്‍ക്ക് ലഭിക്കുക. വിനോദസഞ്ചാരികൾക്ക് ശരാശരി ഒരു മണിക്കൂറോളം അവിടെ ചെലവഴിക്കാൻ കഴിയും.