'35 വർഷത്തിൽ ഒരു ദിവസം പോലും വർക്ഔട്ട് മുടക്കിയില്ല'; ഫിറ്റ്നസ്സ് രഹസ്യം പങ്കുവച്ച് ജോൺ എബ്രഹാം

Mail This Article
സ്വന്തം ശരീരത്തെ ആരോഗ്യത്തോടെ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. സിനിമാതാരങ്ങൾക്ക് അക്കാര്യത്തിൽ കുറച്ച് കൂടുതൽ ശ്രദ്ധ വേണ്ടിവരാറുമുണ്ട്. ബോളിവുഡിൽ വർഷങ്ങളായി ശരീരസൗന്ദര്യവും ഫിറ്റ്നസ്സും നിലനിർത്തുന്ന ഒരു നടനാണ് ജോൺ എബ്രഹാം. ഒരുപാട് നാളുകള്‍ക്കു മുൻപ് പുറത്തിറങ്ങിയ ചിത്രമായ ദോസ്താനയിൽ ഉരുക്ക് ശരീരവുമായി അഭിനയിച്ച താരത്തെ അത്രപെട്ടെന്ന് മറന്നു കളയാൻ ആവില്ലല്ലോ. പിന്നീട് പഠാൻ എന്ന ചിത്രത്തിലും ജോൺഎബ്രഹാമിന്റെ സിക്സ് പായ്ക്ക് പ്രത്യക്ഷപ്പെട്ടു.
52 വയസ്സുള്ള ജോൺ എങ്ങനെയാണ് ഇത്രയും ചെറുപ്പമായും ആരോഗ്യത്തോടെയും ഇരിക്കുന്നതെന്നായിരുന്നു പലരുടെയും സംശയം. അതിനുള്ള ഉത്തരം ഹോളിവുഡ് റിപ്പോർട്ടർ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജോൺ പറയുന്നു.
35 വർഷത്തിൽ ഒരു ദിവസം പോലും വർക്ഔട്ട് മുടക്കിയിട്ടില്ല, എന്നും ജിമ്മിൽ പോകും. മൈഗ്രേൻ ഉള്ള ദിവസങ്ങളിൽ വലിയ ഭാരം എടുക്കാറില്ലന്നേയുള്ളു, ജിമ്മിൽ പോക്ക് മുടക്കാറില്ല. ഒരു സിനിമയിൽ അഭിനയിക്കണം, അതിനു വേണ്ടി സ്ക്സ് പായ്ക്ക് ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നതല്ല ഫിറ്റ്നസ്സ്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് പൊതുവേ തനിക്ക് ഇഷ്ടമാണെന്നും ജോൺ എബ്രഹാം പറയുന്നു. പ്രാക്ടിക്കലി താനൊരു നിരീശ്വരവാദിയാണെന്നും. സ്വയം പരിചരണമാണ് തന്റെ സത്യത്തിലുള്ള മതമെന്നും ജോൺ പറഞ്ഞു. ശരീരം ആരാധനാലയമാണെന്നും അതിനെ സംരക്ഷിക്കേണ്ടതുണ്ടെന്നും പറയുന്നു.
ഇത്രയും വർഷം ശരീരം കരുത്തോടെ സൂക്ഷിക്കണമെങ്കിൽ അതിനു പിന്നിലുള്ള അധ്വാനവും അത്ര തന്നെ വലുതായിരിക്കുമെന്നാണ് ആരാധകർ പറയുന്നത്. വർക്ഔട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങൾ താരം ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.