രക്തത്തിനൊപ്പം മാംസവും അടർന്നു; മാസങ്ങൾക്കിടെ യുവതി ഉപയോഗിച്ചത് 70 ലക്ഷം രൂപയുടെ കൊക്കെയ്ൻ

Mail This Article
ലഹരി ഉപയോഗം പലരുടെയും ജീവിതം തകർത്തുകളയാറുണ്ട്. കൊക്കെയ്നിന്റെ അമിത ഉപയോഗം മൂലം യുവതിയ്ക്കു മൂക്ക് നഷ്ടമായി. ഷിക്കാഗോ സ്വദേശിയായ കെല്ലി കൊസൈറയ്ക്കാണ് കൊക്കെയ്ൻ ഉപയോഗിച്ച് മൂക്ക് നഷ്ടമായത്. ഒന്നും രണ്ടുമല്ല, 70 ലക്ഷം രൂപയുടെ കൊക്കെയ്നാണ് 19മാസത്തിനിടെ യുവതി ഉപയോഗിച്ചത്. കൊക്കെയ്ൻ മണത്ത് കെല്ലിയുടെ മൂക്കിന്റെ സ്ഥാനത്ത് ദ്വാരം മാത്രമായി.
2017ലാണ് കെല്ലി കൊക്കെയ്നിന് അടിമയാകുന്നത്. രാത്രി സുഹൃത്തിനൊപ്പം പാർട്ടിക്കു പോയതായിരുന്നു കെല്ലി കൊസൈറ. മദ്യവും മയക്കമരുന്നും അവിടെ സുലഭമായിരുന്നു. സുഹൃത്തുക്കള്‍ നിർബന്ധിച്ചപ്പോൾ കെല്ലി ആദ്യമായി കൊക്കെയ്ൻ ഉപയോഗിച്ചു. എന്നാല്‍ ഈ കൊക്കെയ്ൻ ഉപയോഗം തന്റെ ജീവിതം തന്നെ ഇല്ലാതാക്കുമെന്ന് ഏറെ വൈകിയാണ് കെല്ലിക്കു മനസ്സിലായത്. കൊക്കെയ്ൻ വലിക്കുന്നതിനിടെ കെല്ലിയുടെ മൂക്കിന് ചെറിയ രീതിയിലുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. എന്നാൽ ഇത് കെല്ലി സാരമാക്കിയില്ല.
കൊക്കെയ്ൻ ഉപയോഗം തുടങ്ങി മാസങ്ങൾക്കകം ഒരിക്കൽ കെല്ലിയുടെ മൂക്കിൽ നിന്ന് രക്തം വരാൻ തുടങ്ങി. പിന്നീട് മുഖത്ത് ഒരു ദ്വാരം ഉണ്ടായി. ഈ സമയത്തെല്ലാം കെല്ലി കൊക്കെയ്ൻ ഉപയോഗം തുടർന്നു. ഒടുവില്‍ മൂക്കില്‍ നിന്നും രക്തത്തോടൊപ്പം മാംസ ഭാഗങ്ങൾ കൂടി പുറത്ത് വന്നു. പക്ഷേ, അമിതമായ കൊക്കെയ്ന്‍ ഉപയോഗം മൂലം തന്‍റെ മുറിവ് സ്വയം ഉണങ്ങുമെന്ന ധാരണയായിരുന്നു കെല്ലിക്ക്. വേദന മാറാന്‍ ലഹരി ഉപയോഗിക്കുന്നത് തുടർന്നു. ഒടുവില്‍ മൂക്കിന്‍റെ സ്ഥാനത്ത് ഒരു ദ്വാരമാണ് അവശേഷിച്ചത്. ഇതോടെ കെല്ലിയെ വീട്ടുകാര്‍ നിര്‍ബന്ധിച്ച് ആശുപത്രിയിലാക്കുകയായിരുന്നു.
കെല്ലിയുടെ മുഖത്ത് പതിനഞ്ചോളം ശസ്ത്രക്രിയകൾ നടത്തി. ശരീരത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്ന് മാംസവും ചർമവും എടുത്താണ് കെല്ലിയുടെ മുക്കിന്റെ സ്ഥാനത്ത് അതുപോലെ ഒരു രൂപമുണ്ടാക്കാൻ ഡോക്ടര്‍മാർക്കു സാധിച്ചത്. മാസങ്ങളോളം ഡിഅഡിക്‌ഷൻ സെന്ററിൽ ചികിത്സയിലായിരന്നു കെല്ലി. 2021ൽ ലഹരി ഉപയോഗം പൂർണമായും നിർത്തി. ഇപ്പോൾ മയക്കുമരുന്നിനെതിരായ പ്രചരണരംഗത്ത് സജീവമാണ് കെല്ലി.