സൂര്യയും ശ്രേയസും വീണു; അടിച്ചുതകർത്ത് രഹാനെയും പൃഥ്വി ഷായും; വിദർഭയെ വീഴ്ത്തി മുംബൈയുടെ കുതിപ്പ്
Mail This Article
ബെംഗളൂരു∙ സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്വാർട്ടറിൽ മികച്ച സ്കോർ നേടിയിട്ടും വിദർഭയ്ക്കു രക്ഷയില്ല. ക്യാപ്റ്റൻ ശ്രേയസ് അയ്യരും സൂര്യകുമാർ യാദവും തിളങ്ങാനാകാതെ പോയ മത്സരത്തിൽ ആറു വിക്കറ്റ് വിജയമാണ് മുംബൈ സ്വന്തമാക്കിയത്. വിദർഭ ഉയർത്തിയ 222 റൺസ് വിജയലക്ഷ്യത്തിലേക്ക് നാലു വിക്കറ്റ് നഷ്ടത്തിൽ 19.2 ഓവറിൽ മുംബൈ എത്തിച്ചേരുകയായിരുന്നു. സ്കോർ ബോർഡ്– വിദർഭ 20 ഓവറിൽ ആറിന് 221. മുംബൈ 19.2 ഓവറിൽ നാലിന് 224.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിദർഭയ്ക്കു വേണ്ടി ഓപ്പണർ അഥർവ ടൈഡും (41 പന്തിൽ 66), അപൂർവ് വാങ്കഡെയും (33 പന്തിൽ 51) അർധ സെഞ്ചറി നേടിയിരുന്നു. അവസാന ഓവറുകളിൽ തകർത്തടിച്ച ശുഭം ദുബെ 19 പന്തിൽ 43 റൺസുമായി പുറത്താകാതെനിന്നു. മറുപടി ബാറ്റിങ്ങിൽ ഓപ്പണർ പൃഥ്വി ഷാ ക്ലിക്കായതോടെ മികച്ച തുടക്കമാണ് മുംബൈയ്ക്കു ലഭിച്ചത്. പൃഥ്വി ഷായും അജിൻക്യ രഹാനെയും ചേർന്ന് ഓപ്പണിങ് കൂട്ടുകെട്ടിൽ അടിച്ചുകൂട്ടിയത് 83 റൺസ്.
26 പന്തുകൾ നേരിട്ട പൃഥ്വി ഷാ 49 റൺസെടുത്താണു പുറത്തായത്. നാല് സിക്സുകളും അഞ്ച് ഫോറുകളും താരം ബൗണ്ടറി കടത്തി. 45 പന്തുകൾ നേരിട്ട രഹാനെ 84 റൺസെടുത്തു. ക്യാപ്റ്റൻ ശ്രേയസ് അയ്യർ അഞ്ച് റൺസും സൂപ്പർ താരം സൂര്യകുമാർ യാദവ് ഒൻപതു റൺസും മാത്രമാണ് എടുത്തതെങ്കിലും മുംബൈ കുലുങ്ങിയില്ല.
22 പന്തിൽ 37 റൺസുമായി ശിവം ദുബെയും 12 പന്തിൽ 36 റൺസെടുത്ത സൂര്യാൻഷ് ഷെഡ്ഗെയും അവസാന പന്തുകളിൽ തകർത്തടിച്ചു. ഇതോടെ നാലു പന്തുകൾ ബാക്കി നിൽക്കെ മുംബൈ വിജയ റൺസ് കുറിച്ചു.