11 പന്തിൽ 29 റൺസടിച്ച് ഹർപ്രീത്–വെങ്കടേഷ് അയ്യർ സഖ്യത്തിന്റെ ‘ഫിനിഷിങ്’; സൗരാഷ്ട്രയെ വീഴ്ത്തി മധ്യപ്രദേശ് സെമിയിൽ- വിഡിയോ
Mail This Article
ആലൂർ∙ അവസാന ഓവറുകളിൽ ‘ടൈറ്റാ’കുമെന്ന് കരുതിയ മത്സരം വെങ്കടേഷ് അയ്യർ – ഹർപ്രീത് സിങ് ഭാട്യ സഖ്യത്തിന്റെ ‘ഫിനിഷിങ്’ കരുത്തിൽ ‘അതിവേഗം’ തീർന്നു. 11 പന്തിൽ 29 റൺസടിച്ച അയ്യർ – ഭാട്യ സഖ്യത്തിന്റെ മികവിൽ, സൗരാഷ്ട്രയെ ആറു വിക്കറ്റിന് തകർത്ത് മധ്യപ്രദേശ് സയ്യിദ് മുഷ്താഖ് അലി ട്രോഫി സെമിയിൽ. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്ര നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 173 റൺസ്. മറുപടി ബാറ്റിങ്ങിൽ നാലു പന്തും ആറു വിക്കറ്റും ബാക്കിയാക്കി മധ്യപ്രദേശ് ലക്ഷ്യത്തിലെത്തി.
അവസാന അഞ്ച് ഓവറിൽ മധ്യപ്രദേശിന് വിജയത്തിലേക്കു വേണ്ടിയിരുന്നത് 55 റൺസാണ്. ക്രീസിൽ വെങ്കടേഷ് അയ്യരും രജത് പാട്ടിദാറും. 28 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 28 റൺസെടുത്ത പാട്ടിദാറിനെ പുറത്താക്ക് ജയ്ദേവ് ഉനദ്കട് സൗരാഷ്ട്രയ്ക്ക് പ്രതീക്ഷ നൽകിയതാണ്. എന്നാൽ,. 33 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 38 റൺസോടെ പുറത്താകാതെ നിന്ന വെങ്കടേഷ് അയ്യർ, ഒൻപതു പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 22 റൺസോടെ പുറത്താകാതെ നിന്ന ഹർപ്രീത് സിങ് എന്നിവർ ചേർന്ന് മധ്യപ്രദേശിനെ വിജയത്തിലെത്തിച്ചു.
ഓപ്പണർ അർപ്പിത് ഗൗദ് (29 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 42), ഹർഷ് ഗാവ്‌ലി (11 പന്തിൽ ഒരു ഫോർ സഹിതം 11), ശുഭ്രാൻഷു സേനാപതി (16 പന്തിൽ മൂന്നു ഫോറുകളോടെ 24) എന്നിവരാണ് മധ്യപ്രദേശ് നിരയിൽ പുറത്തായ മറ്റു താരങ്ങൾ. സൗരാഷ്ട്രയ്‌ക്കായി ക്യാപ്റ്റൻ ജയ്‌ദേവ് ഉനദ്കട്, അൻകുർ പൻവാർ, ചിരാഗ് ജാനി, പ്രേരക് മങ്കാദ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
∙ തകർത്തടിച്ച് ചിരാഗ് ജാനി
നേരത്തെ, തകർപ്പൻ ബാറ്റിങ് പ്രകടനവുമായി തിളങ്ങിയ ഓൾറൗണ്ടർ ചിരാഗ് ജാനിയുടെ മികവിലാണ് സൗരാഷ്ട്ര മധ്യപ്രദേശിനു മുന്നിൽ 174 റൺസ് വിജയലക്ഷ്യം ഉയർത്തിയത്. 36 റൺസ് എടുക്കുമ്പോഴേയ്ക്കും 3 വിക്കറ്റ് നഷ്ടമാക്കി തകർച്ചയിലേക്കു നീങ്ങിയ സൗരാഷ്ട്രയ്‌ക്ക്, 45 പന്തിൽ 80 റൺസെടുത്ത ചിരാഗ് ജാനിയുടെ ഇന്നിങ്സാണ് മികച്ച സ്കോർ സമ്മാനിച്ചത്. ഇന്ത്യൻ താരങ്ങളായ ആവേശ് ഖാനും ഐപിഎലിൽ വൻ തുക ലഭിച്ച വെങ്കടേഷ് അയ്യരും ഉൾപ്പെടുന്ന എതിരാളികൾക്കെതിരെയായിരുന്നു ജാനിയുടെ തകർപ്പൻ ബാറ്റിങ് പ്രകടനം.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്ര നിരയിൽ, ചിരാഗ് ജാനി കഴിഞ്ഞാൽ കൂടുതൽ റൺസ് നേടിയത് 17 റൺസ് വീതമെടുത്ത ഓപ്പണർ ഹാർവിക് ദേശായ്, ജയ് ഗോഹിൽ എന്നിവരാണ്. 45 പന്തിൽ എട്ടു ഫോറും നാലു സിക്സും സഹിതമാണ് ചിരാഗ് ജാനി 80 റൺസെടുത്തത്. ജയ് ഗോഹിൽ ആറു പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 17 റൺസെടുത്തു. ദേശായ് 14 പന്തിൽ മൂന്നു ഫോറുകളോടെയും 17 റൺസ് നേടി. സൗരാഷ്ട്ര നിരയിൽ പ്രേരക് മങ്കാദ് (12 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 16), വിശ്വരാജ് ജഡേജ (19 പന്തിൽ രണ്ടു ഫോറുകളോടെ 15), സമ്മർ ഗജ്ജാർ (13 പന്തിൽ 11), രുചിത് അഹിർ (ഒൻപതു പന്തിൽ ഒരു ഫോർ സഹിതം 10) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
മധ്യപ്രദശിനായി വെങ്കടേഷ് അയ്യർ മൂന്ന് ഓവറിൽ 23 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ആവേശ് ഖാനും രണ്ടു വിക്കറ്റുണ്ടെങ്കിലും നാല് ഓവറിൽ വഴങ്ങിയത് 51 റൺസ്. ത്രിപുരേഷ് സിങ്, ശിവം ശുക്ല, രാഹുൽ ബാതം എന്നിവർക്ക് ഓരോ വിക്കറ്റും ലഭിച്ചു.