13 വയസ്സുള്ള കുട്ടി ഇത്ര വലിയ സിക്സ് അടിക്കുമോ? വൈഭവിന്റെ പ്രായം സംശയിച്ച് പാക്ക് മുൻ താരം, മറുപടിയുമായി ആരാധകർ
Mail This Article
ഇസ്‍ലാമബാദ്∙ ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവംശിയുടെ പ്രായത്തിൽ തട്ടിപ്പു നടന്നിട്ടുണ്ടെന്ന സംശയവുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ജുനൈദ് ഖാൻ. അണ്ടർ 19 ഏഷ്യാ കപ്പിലെ വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് കണ്ട ശേഷമാണ് പാക്കിസ്ഥാൻ മുൻ താരത്തിന്റെ ആരോപണം. 13 വയസ്സുള്ള ഒരു കുട്ടിക്ക് ഇത്രയും വലിയ സിക്സ് അടിക്കാൻ സാധിക്കുമോയെന്നാണ് ജുനൈദ് ഖാൻ സമൂഹമാധ്യമത്തിൽ ചോദിച്ചത്. വൈഭവിന്റെ തകർപ്പൻ ബാറ്റിങ്ങിന്റെ ദൃശ്യങ്ങളടക്കം ജുനൈദ് ഖാൻ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
അണ്ടർ 19 ഏഷ്യാ കപ്പിലെ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ 36 പന്തുകൾ നേരിട്ട സൂര്യവംശി 67 റൺസ് അടിച്ചെടുത്തിരുന്നു. അഞ്ച് വീതം സിക്സുകളും ഫോറുകളുമാണ് 13 വയസ്സുകാരൻ ബൗണ്ടറി കടത്തിയത്. ജുനൈദ് ഖാന്റെ സംശയം ഇന്ത്യൻ ആരാധകർക്ക് അത്ര രസിച്ച മട്ടില്ല. നിരവധി പേരാണ് താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിനു മറുപടിയുമായി എത്തുന്നത്. ‘‘16 വയസ്സുള്ള നസീം ഷായ്ക്ക് 140 കിലോമീറ്ററിനും മുകളിൽ പന്തെറിയാമെങ്കിൽ സൂര്യവംശിക്ക് എന്തുകൊണ്ട് ബാറ്റിങ്ങിൽ തിളങ്ങിക്കൂടായെന്ന മറുചോദ്യമാണ് ഒരാൾ ഉന്നയിച്ചത്.
23 ഉം 21 ഉം വയസ്സുള്ള താരങ്ങളെയാണ് പാക്കിസ്ഥാൻ അണ്ടർ 19 ടൂർണമെന്റുകളിൽ കളിപ്പിക്കുന്നതെന്നും ചിലർ വിമർശനമുയർത്തി. കഴിഞ്ഞ ഐപിഎൽ മെഗാലേലത്തിൽ 13 വയസ്സുകാരനെ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. അണ്ടർ 19 ഏഷ്യാ കപ്പിൽ തിളങ്ങിയതോടെ വരാനിരിക്കുന്ന ഐപിഎല്ലില്‍ രാജസ്ഥാൻ പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വൈഭവ് സൂര്യവംശി.