ഓപ്പണറായി ദ്രാവിഡിനെ കളിപ്പിക്കുന്നതാണ് നല്ലതെന്ന് ‘ആളുമാറി’ ഹെയ്ഡൻ; ആഗ്രഹമുണ്ട്, പക്ഷേ ഇത് വേറെ രാഹുലെന്ന് ഗാവസ്കർ
Mail This Article
ബ്രിസ്ബേൻ∙ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയെ രക്ഷിക്കാൻ, ഓപ്പണറായി സാങ്കേതികത്തികവുള്ള രാഹുൽ ദ്രാവിഡിനെ കളിപ്പിക്കുന്നതാകും ഉചിതമെന്ന് ഓസീസ് താരം മാത്യു ഹെയ്ഡൻ. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു ശേഷം ചാനലിലെ ചർച്ചയ്‌ക്കിടെയാണ് കെ.എൽ. രാഹുലിനെക്കുറിച്ച് സംസാരിക്കുമ്പോൾ ആളു മാറി ഹെയ്ഡൻ ദ്രാവിഡിനെക്കുറിച്ച് സംസാരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹ പാനലിസ്റ്റ് സുനിൽ ഗാവസ്കർ ഉടൻതന്നെ ആളുമാറിയ കാര്യം ഹെയ്ഡന്റെ ശ്രദ്ധയിൽപ്പെടുത്തി. ദ്രാവിഡായിരുന്നെങ്കിൽ എന്ന് തനിക്കും ആഗ്രഹമുണ്ടെന്ന മുഖവുരയോടെയാണ്, ആളു മാറിയതായി ഗാവസ്കർ ചൂണ്ടിക്കാട്ടിയത്.
രണ്ടാം ടെസ്റ്റിലെ തോൽവിയുടെ പശ്ചാത്തലത്തിൽ രോഹിത് ശർമ ഓപ്പണിങ്ങിലേക്കു തന്നെ തിരിച്ചെത്തുന്നതാകും ഉചിതമെന്നായിരുന്നു ചർച്ചയിൽ ഗാവസ്കറിന്റെ വാദം. ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകാൻ ഈ മാറ്റത്തിനു സാധിക്കുമെന്നും ഗാവസ്കർ അഭിപ്രയാപ്പെട്ടു. രണ്ടാം ന്യൂബോൾ കൈകാര്യം ചെയ്യുന്നതിനായി രാഹുലിനെ ആറാം നമ്പറിലേക്കു മാറ്റുന്നതാകും ഉചിതമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘‘അടുത്ത ടെസ്റ്റിൽ രോഹിത് ശർമ ഓപ്പണിങ്ങിലേക്കു തിരിച്ചെത്തുന്നതാകും ഉചിതമെന്നു തോന്നുന്നു. പന്ത് തടസം കൂടാതെ ബാറ്റിലേക്ക് യഥേഷ്ടം വരുന്നതിനെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് രോഹിത്. പെർത്ത് ടെസ്റ്റിൽ രാഹുൽ – ജയ്സ്വാൾ സഖ്യം ഇരട്ടസെഞ്ചറി കൂട്ടുകെട്ട് തീർത്തതുകൊണ്ടും, ഇടവേളയ്ക്കു ശേഷം കളത്തിലേക്കു തിരിച്ചെത്തിയതു കൊണ്ടുമാണ് രോഹിത് ഓപ്പണിങ്ങിൽനിന്ന്് മാറിനിന്നത് എന്ന് വ്യക്തമാണ്. അടുത്ത ടെസ്റ്റിൽ രാഹുൽ ആറാം നമ്പറിലേക്കു മാറി രണ്ടാം ന്യൂബോൾ നേരിടാൻ വരുന്നതാകും ഉചിതം. രാഹുൽ ആറാം നമ്പറിൽ എത്തുന്നതോടെ ഇന്ത്യയ്ക്ക് ടെസ്റ്റിൽ നന്നായി ബാറ്റു ചെയ്യാൻ സാധിക്കുമെന്നാണ് എന്റെ വിശ്വാസം’ – ഗാവസ്കർ പറഞ്ഞു.
എന്നാൽ, അഡ്‍ലെയ്ഡ് ടെസ്റ്റിലെ തോൽവിയുടെ മാത്രം പശ്ചാത്തലത്തിൽ ടീമിൽ അഴിച്ചുപണി നടത്തുന്നത് ഉചിതമല്ലെന്നായിരുന്നു ഹെയ്ഡന്റെ വാദം. സാങ്കേതികമായി മികവു കാട്ടുന്ന രാഹുലിനെ ഓപ്പണിങ്ങിൽത്തന്നെ തുടരാൻ അനുവദിക്കുന്നതാകും ഉചിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനിടെയാണ്, കെഎൽ. രാഹുലിനു പകരം രാഹുൽ ദ്രാവിഡ് എന്ന് ഹെയ്ഡൻ പറഞ്ഞത്.
‘‘പക്ഷേ, ഇക്കാര്യത്തിൽ എന്റെ നിലപാട് അൽപം വ്യത്യസ്തമാണ്. ഈ ഘട്ടത്തിൽ ബാറ്റിങ് നിരയിൽ ഒരു അഴിച്ചുപണിക്ക് ഞാൻ തയാറാകില്ല. ആദ്യ മൂന്നു പേരിൽനിന്ന് കുറച്ചുകൂടി മെച്ചപ്പെട്ട പ്രകടനം താങ്കൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് എനിക്കു മനസ്സിലാകും. പക്ഷേ, പെർത്ത് ടെസ്റ്റിലെ പ്രകടനം വച്ചു നോക്കുമ്പോൾ സാങ്കേതികത്തികവുള്ള രാഹുൽ ദ്രാവിഡ് തന്നെയാകും ഉചിതം. അദ്ദേഹം കുറച്ചുകൂടി ദൈർഘ്യമുള്ള ഇന്നിങ്സ് കളിച്ചാൽ മതിയാകും’ – ഹെയ്ഡൻ പറഞ്ഞു.
ഉടൻതന്നെ ഇടപെട്ട ഗാവസ്കറിന്റെ പ്രതികരണം ഇങ്ങനെ: താങ്കൾ പറഞ്ഞതുപോലെ അവിടെ രാഹുൽ ദ്രാവിഡായിരുന്നെങ്കിൽ എന്ന് എനിക്കും ആഗ്രഹമുണ്ട്. പക്ഷേ, അത് കെ.എൽ. രാഹുലാണ്’ – ഗാവസ്കറിന്റെ തിരുത്ത്.
സഹ കമന്റേറ്റർമാരുടെ പൊട്ടിച്ചിരിക്കിടെ തിരുത്തൽ ഏറ്റെടുത്ത ഹെയ്ഡൻ, അഡ്‍ലെയ്ഡ് ഓവലിൽ മുൻപ് ദ്രാവിഡ് നേടിയ ഇരട്ടസെഞ്ചറി ഇപ്പോഴും തന്നെ വേട്ടയാടുന്നുവെന്ന മറുപടിയോടെ കയ്യടി നേടി.
‘‘സോറി. കെ.എൽ. രാഹുൽ. എനിക്ക് പിഴവു പറ്റി. 2003–04 കാലത്ത പരമ്പരയിൽ അഡ്‍ലെയ്‌ഡിൽ ദ്രാവിഡ് സമ്പൂർണ ആധിപത്യം പുലർത്തിയ ആ മത്സരത്തക്കുറിച്ച് ഞാൻ ചിന്തിച്ചുപോയി. ആ ഇന്നിങ്സ് ഇന്നും എനിക്കൊരു പേടിസ്വപ്നമാണ്’ – ഹെയ്ഡൻ പറഞ്ഞു.