അവിശ്വസനീയം: ഇത് ലോകത്തിലെ ഏറ്റവും ചെറിയ വീട്! ആകെയുള്ളത് 19 സ്ക്വയർഫീറ്റ്

Mail This Article
ഏക്കറുകളോളം പരന്നു കിടക്കുന്ന കൊട്ടാരങ്ങളും വമ്പൻ ബംഗ്ലാവുകളും കോടികൾ മുടക്കി ആഡംബരങ്ങൾ കുത്തി നിറച്ച മാളികകളുമൊക്കെ അവയുടെ വലുപ്പംകൊണ്ട് ശ്രദ്ധ നേടാറുണ്ട്. അമേരിക്കക്കാരനായ യൂട്യൂബർ ലെവി കെല്ലി നിർമിച്ച വീടും വലുപ്പം കൊണ്ടാണ് അമ്പരപ്പിക്കുന്നത്. 19.46 ചതുരശ്ര അടിയിൽ ഒരുക്കിയ ഈ നിർമിതി ലോകത്തിലെ ഏറ്റവും ചെറിയ വീട് എന്ന വിശേഷണവും നേടിക്കഴിഞ്ഞു. ചെറുവീടുകളുടെ മാതൃകകളും പ്രോട്ടോടൈപ്പുകളും മുൻപും ധാരാളം നിർമിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒരാൾക്ക് ജീവിക്കാനാവുന്ന സൗകര്യങ്ങളുമുള്ള, പ്രവർത്തനക്ഷമമായ വീട് എന്നതാണ് ഇതിന്റെ പ്രത്യേകത. പുറമെനോക്കിയാൽ ഈ വീട് ഒരു ടെലിഫോൺ ബൂത്താണോ എന്ന് സംശയിച്ചു പോയേക്കാം. എന്നാൽ അടുക്കള, കിടപ്പുമുറി, ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളും വീടിനുള്ളിൽ ഉണ്ട്.
'ലോകത്തെ ഏറ്റവും ചെറിയ വീട്' എന്ന് അറിയപ്പെട്ടിരുന്ന മറ്റൊരു വീടിനെക്കുറിച്ച് അറിഞ്ഞതാണ് അതിലും ചെറിയ ഒന്ന് നിർമിക്കാൻ ലെവിക്കു പ്രചോദനമായത്. വെറും ഒരു മാസക്കാലംകൊണ്ട് വീട് നിർമിച്ചു. രണ്ട് ചക്രങ്ങൾ മാത്രമുള്ള ഒരു ട്രെയിലറിന് മുകളിലാണ് വീട് നിർമിച്ചത്.
ഫ്രിജ്, ഹീറ്റർ-കൂളർ സംവിധാനങ്ങൾ, പമ്പ് സിസ്റ്റം എന്നിവയെല്ലാം ഇവിടെ കാണാം. മുതിർന്ന ഒരു വ്യക്തിക്ക് സ്വതന്ത്രമായി നിൽക്കാനും ഇരിക്കാനുമെല്ലാമുള്ള ഇടം വീട്ടിലുണ്ട്. മടക്കി വയ്ക്കാവുന്ന ഹാങ്ങിങ് ബെഡിൽ ഒരാൾക്ക് കിടന്നുറങ്ങാം. എന്നാൽ കിച്ചൻ കൗണ്ടർ ടോപ്പിൽ ചവിട്ടി മാത്രമേ മുകളിലേക്ക് കയറാൻ സാധിക്കൂ. എങ്കിലും ഇതൊരു ബുദ്ധിമുട്ടായി കണക്കാക്കേണ്ടതില്ല എന്നാണ് ലെവിയുടെ പക്ഷം.
വീട് കണ്ടവരിൽ ഭൂരിഭാഗം ആളുകളും ചൂണ്ടിക്കാട്ടിയ ഏക പോരായ്മ ക്യാംപിങ് സ്റ്റൈലിലുള്ള ടോയ്‌ലറ്റാണ്. വീടിന്റെ പുറംഭിത്തിയോടു ചേർത്ത് പ്രത്യേക ബോക്സ് നിർമിച്ച് അതിനുള്ളിലാണ് പോർട്ടബിൾ ടോയ്‌ലറ്റ്. ഷവർ വീടിനു പുറത്തായി സ്ഥാപിച്ചിരിക്കുന്നു.
സ്റ്റിക്ക് ഫ്രെയിമുകൾ ഉപയോഗിച്ചാണ് വീടിന്റെ ഘടന നിർമിച്ചിരിക്കുന്നത്. തടി ഉപയോഗിച്ച് ഭിത്തികൾ ഒരുക്കി. മേൽക്കൂരയിൽ ഷിംഗിൾ വിരിച്ചു. വൈദ്യുതിക്കായി രണ്ട് റൂഫ് ടോപ്പ് സോളർ പാനലുകളും ഘടിപ്പിച്ചിട്ടുണ്ട്. ആകെ 21,500 രൂപയാണ് ഈ വീടിന്റെ നിർമാണത്തിനായി ലെവി ചെലവഴിച്ചത്.