ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്ക ഫൈനലിന് അരികെ, ഇന്ത്യയ്ക്കു കടുപ്പം; അത്ര ഈസിയല്ല, ഫൈനൽ!
Mail This Article
ലണ്ടൻ ∙ ദീർഘദൂര ഓട്ട മത്സരത്തിന്റെ അവസാന 100 മീറ്റർ പോലെ ആവേശകരമായ ക്ലൈമാക്സിലേക്കു നീങ്ങുകയാണ് ഇത്തവണത്തെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്. ഒന്നര മാസം മുൻപുവരെ പോയിന്റ് പട്ടികയിൽ 6–ാം സ്ഥാനത്തായിരുന്ന ദക്ഷിണാഫ്രിക്ക, ശ്രീലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരി (2–0) ഒന്നാം സ്ഥാനത്തേക്കു കയറിയപ്പോൾ അഡ്‌ലെയ്ഡ് ടെസ്റ്റിലെ തോൽവിയോടെ ഇന്ത്യ, ഓസ്ട്രേലിയയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്തേക്കു വീണു.
സീസണിൽ ഇനി 10 മത്സരങ്ങൾ മാത്രം ബാക്കിനിൽക്കെ ഫൈനലിൽ സ്ഥാനമുറപ്പിക്കാൻ ഓട്ടപ്പാച്ചിൽ നടത്തുന്നത് ഈ 3 ടീമുകളാണ്. ഭാഗ്യത്തിന്റെ അകമ്പടി കൂടിയുണ്ടായാൽ ശ്രീലങ്കയ്ക്കും നേരിയ സാധ്യത ബാക്കിയുണ്ട്. ബോർഡർ–ഗാവസ്കർ ട്രോഫിയിലെ അവശേഷിക്കുന്ന 3 ടെസ്റ്റുകൾ, പാക്കിസ്ഥാനെതിരായ ദക്ഷിണാഫ്രിക്കയുടെ 2 മത്സര പരമ്പര, ശ്രീലങ്കയ്ക്കെതിരായ ഓസ്ട്രേലിയയുടെ 2 ടെസ്റ്റുകൾ എന്നിവയാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിസ്റ്റുകളെ നിശ്ചയിക്കുന്നതിൽ നിർണായകമാകുക. 2025 ജൂണിൽ ലണ്ടനിലാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ.
∙ ദക്ഷിണാഫ്രിക്ക അരികെ, ഇന്ത്യ അകലെ
പാക്കിസ്ഥാനെതിരെ 2 മത്സരങ്ങൾ മാത്രം ബാക്കിയുള്ള ദക്ഷിണാഫ്രിക്ക അതിൽ ഒന്നിൽ വിജയിച്ചാൽ ഫൈനൽ ഉറപ്പിക്കും. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമെതിരെ, ബാക്കിയുള്ള 5 ടെസ്റ്റ് മത്സരങ്ങളിൽ മൂന്നെണ്ണം വിജയിച്ചാൽ ഓസ്ട്രേലിയയും ഫൈനലിലെത്തും. മറിച്ചെങ്കിൽ മറ്റു മത്സരഫലങ്ങൾ അനൂകൂലമാകണം.
എന്നാൽ തുടർച്ചയായ മൂന്നാം ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ ലക്ഷ്യമിടുന്ന ഇന്ത്യയുടെ കാര്യം അതിലും കടുപ്പമാണ്. ഓസ്ട്രേലിയയ്ക്കെതിരായ അടുത്ത 3 ടെസ്റ്റുകളിൽ കുറഞ്ഞത് 2 വിജയങ്ങളും ഒരു സമനിലയും നേടിയാൽ മാത്രമേ മറ്റു ടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് ഫൈനൽ ഉറപ്പിക്കാനാകൂ.
ടീം ഇന്ത്യയുടെ സാധ്യതകൾ
ബോർഡർ ഗാവസ്കർ ടെസ്റ്റ് പരമ്പരയിൽ 3 മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യയുടെ ഫൈനൽ സാധ്യതകൾ ഇങ്ങനെ...
∙ അടുത്ത 3 മത്സരങ്ങളും ഇന്ത്യ ജയിച്ചാൽ പരമ്പര 4–1ന് സ്വന്തമാകും. ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ സ്ഥാനം ഉറപ്പ്.
∙ അടുത്ത 3 മത്സരങ്ങളിൽ 2 മത്സരങ്ങളിലും ഇന്ത്യ ജയിക്കുകയും മൂന്നാമത്തെ മത്സരം സമനിലയാവുകയും ചെയ്താൽ (3–1) മറ്റു മത്സരഫലങ്ങളെ ആശ്രയിക്കാതെ ഇന്ത്യയ്ക്കു ഫൈനൽ ടിക്കറ്റ് എടുക്കാം.
∙ 2 മത്സരങ്ങൾ ഇന്ത്യയും ഒരു മത്സരം ഓസ്ട്രേലിയയും വിജയിച്ചാൽ ഇന്ത്യയുടെ പരമ്പര നേട്ടത്തിന്റെ മാർജിൻ 3–2. അതിനുശേഷം ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന 2 ടെസ്റ്റുകളിലൊന്നിൽ ഓസ്ട്രേലിയ തോൽക്കുകയോ സമനിലയാവുകയോ ചെയ്താൽ ഇന്ത്യ ഫൈനലിൽ.
∙ ബോർഡർ ഗാവസ്കർ പരമ്പര 2–2 എന്ന മാർജിനിൽ സമനിലയായാലും ഇന്ത്യയ്ക്കു നേരിയ സാധ്യതയുണ്ട്. അതിന് ഓസ്ട്രേലിയ്ക്കെതിരായ 2 മത്സര പരമ്പര ശ്രീലങ്ക 1–0 എന്ന മാർജിനിൽ എങ്കിലും സ്വന്തമാക്കണം.