പന്ത് പാഡിൽ ഇടിച്ചാൽ ഉടൻ ഓടും, അംപയർമാരെ ബഹുമാനമില്ല; സിറാജിന് പിഴയില്ലാത്തത് അദ്ഭുതമെന്ന് മുൻ ഓസീസ് താരങ്ങൾ
Mail This Article
അഡ്‍ലെയ്ഡ്∙ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ഗ്രൗണ്ടിൽ അച്ചടക്കമില്ലാതെയാണ് പെരുമാറുന്നതെന്ന് ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റൻമാരായ മാർക് ടെയ്‍ലറും മൈക്കൽ ക്ലാർക്കും. എൽബിഡബ്ല്യു പോലുള്ള അവസരങ്ങളിൽ വിക്കറ്റാണെന്നു കരുതി ആഘോഷിക്കുന്ന രീതിയിലാണ് സിറാജ് അപ്പീൽ ചെയ്യുന്നതെന്നും ഇന്ത്യൻ താരം അംപയര്‍മാരെ ബഹുമാനിക്കുന്നില്ലെന്നും ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റൻമാർ തുറന്നടിച്ചു.
‘‘മുഹമ്മദ് സിറാജിന്റെ ആഘോഷ പ്രകടനങ്ങൾ എനിക്ക് ഇഷ്ടമല്ല. അംപയർമാർ ഔട്ട് നൽകുമെന്ന പ്രതീക്ഷയിൽ സിറാജ് നേരത്തേ നടത്തുന്ന ആഘോഷപ്രകടനങ്ങളാണ് എന്നെ കൂടുതൽ ആശങ്കപ്പെടുത്തുന്നത്. ഒരു താരത്തിന്റെ പാഡിൽ പന്തു തട്ടിയപ്പോൾ സിറാജ് പിച്ചിൽ കൂടി ഓടുകയാണ്. തീരുമാനം എന്താണെന്നു പോലും അദ്ദേഹത്തിന് അറിയേണ്ടതില്ല. സിറാജ് അംപയർമാരെയും ക്രിക്കറ്റിനെയും ബഹുമാനിക്കുന്നില്ല.’’– മാർക് ടെയ്‍ലർ ഒരു ഓസ്ട്രേലിയൻ മാധ്യമത്തോടു പറഞ്ഞു.
ബോർഡർ ഗാവസ്കര്‍ ട്രോഫിയിൽ ഇത്തരം പിഴവുകൾ ആവർത്തിച്ചിട്ടും സിറാജിന് പിഴ ശിക്ഷയില്ലാത്തത് അദ്ഭുതപ്പെടുത്തുന്നതായി മൈക്കൽ ക്ലാർക്ക് പ്രതികരിച്ചു. ‘‘എൽബിഡബ്ല്യു അപ്പീലുകളിൽ അംപയറുടെ അനുമതി വാങ്ങാത്തതിന് സിറാജിനെതിരെ പിഴ വിധിക്കേണ്ടതാണ്. ബാറ്ററുടെ പാഡിൽ ഇടിച്ചാൽ, ഔട്ടാണെന്നു പറഞ്ഞ് സിറാജ് ഓടുകയാണ്. ഞാൻ കളിച്ചിരുന്നപ്പോൾ ഓരോ തവണയും ഈ കുറ്റത്തിനൊക്കെ പിഴ ഉറപ്പാണ്. ബ്രെറ്റ് ലീയോടൊക്കെ ഞാൻ ഇക്കാര്യം പതിവായി പറയാറുണ്ട്. സിറാജ് ആദ്യ ടെസ്റ്റിലും ഇതേ തെറ്റു ചെയ്തിട്ടുണ്ട്. നിങ്ങൾക്ക് എന്തിനു വേണമെങ്കിലും അപ്പീൽ ചെയ്യാം. പക്ഷേ അതിന് അംപയർക്കു നേരെയാണു തിരിയേണ്ടത്.’’– ക്ലാര്‍ക്ക് വ്യക്തമാക്കി.