ദേശീയ ഭക്ഷ്യ ഭൂപടം: ഇടിച്ചക്കതോരനും മട്ടയരി ചോറും കേരളത്തിൽ നിന്ന്

Mail This Article
ദേശീയ തലത്തിൽ ഉച്ചഭക്ഷണം ഒരുക്കിയാൽ കേരളത്തിൽ നിന്ന് എത്ര വിഭവങ്ങൾ അതിലുണ്ടാകും? കേരളത്തിന്റെ സംസ്ഥാന ഫലമായ ചക്കയും മട്ട അരിയുടെ ചോറും എന്ന് ഉത്തരം. ന്യൂഡൽഹി സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് പരിസ്ഥിതി പ്രവർത്തകർക്കായി രാജസ്ഥാനിലെ അൽവാറിൽ നടത്തിയ അനിൽ അഗർവാൾ ഡയലോഗിൽ ആണ് രാജ്യത്തിന്റെ ഭക്ഷ്യ - ജൈവ വൈവിധ്യം അവതരിപ്പിക്കാൻ പരിസ്ഥിതി സൗഹൃദ 'ലഞ്ച് ' പരീക്ഷിച്ചത്. മട്ട ചോറിൽ ബംഗാൾ നാരങ്ങാ നീരും പച്ചക്കറികളും ഇട്ടും മൂക്കാത്ത ചക്ക മസാല ഇടാതെ ഇടിച്ചക്കയായി തോരൻ വച്ചും രുചിയുടെ ഭക്ഷ്യമേളതന്നെ ഒരുക്കി. കാലാവസ്ഥാമാറ്റം നമ്മുടെ ഭക്ഷ്യസുരക്ഷ തട്ടി മറിച്ചാലും ഏതു സാഹചര്യത്തിലും വളരുന്ന കായകളും വിളകളും കിഴങ്ങുകളും ഇലകളുമാണ് ഉപയോഗിച്ചതെന്ന് ഹരിത സദ്യയ്ക്ക് നേതൃത്വം നൽകിയ സിഎസ്ഇ ജൈവ വൈവിധ്യ ഭക്ഷ്യ വിഭാഗം മേധാവി വിഭ വൈഷ്ണവ് പറഞ്ഞു.
ചെലവ് കുറഞ്ഞതും പോഷകമൂല്യമുള്ളതുമായ 25 ഭക്ഷ്യ വിഭവങ്ങൾ തിരഞ്ഞെടുത്താൽ അതിൽ രണ്ടെണ്ണം കേരളത്തിൽ നിന്നാകും. ചക്ക വിഭവങ്ങൾക്ക് ഏറെ പ്രാധാന്യം ഉണ്ടെന്നും വിഭ പറഞ്ഞു. രസം, ഇലകൾ അരച്ച് ചേർത്ത പച്ചമോര്, ചോളവട, മാങ്ങാതിര കൊണ്ടുള്ള മധുര കിച്ചടി, ശർക്കരപ്പൊടി തുടങ്ങി എണ്ണയോ വറക്കലോ ആവശ്യമില്ലാത്ത നാടൻ വിഭങ്ങൾ ആണ് ഒരുക്കിയത്. ആദിവാസി- ഗോത്ര സമൂഹങ്ങൾ ഉപയോഗിക്കുന്ന ഇത്തരം നൂറോളം വിഭവങ്ങൾ കോർത്തിണക്കി ഇന്ത്യയുടെ ജൈവ -ഭക്ഷ്യഭൂപടം വിപുലമാക്കാനാണ് ശ്രമം എന്നും അവർ പറഞ്ഞു.