മാർ ജോർജ് കൂവക്കാട്: ചങ്ങനാശേരിക്ക് മൂന്നാം രാജകുമാരൻ; തിളക്കമാർന്ന് എസ്ബി കോളജ്
Mail This Article
ചങ്ങനാശേരി ∙ കർദിനാൾമാർ സഭയുടെ രാജകുമാരന്മാർ എന്നാണ് അറിയപ്പെടുന്നത്. മാർ ജോർജ് കൂവക്കാടിന്റെ പുതിയ സ്ഥാനലബ്ധിയോടെ ചങ്ങനാശേരി അതിരൂപതയ്ക്കു ലഭിച്ചിരിക്കുന്നത് മൂന്നാമത്തെ രാജകുമാരനെയാണ്. കർദിനാൾ മാർ ആന്റണി പടിയറ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി എന്നിവരാണ് മാർ ജോർജ് കൂവക്കാടിനു മുൻപേ കർദിനാൾ പദവിയിലെത്തിയ അതിരൂപതാംഗങ്ങൾ. വിശ്വാസികളുടെ എണ്ണത്തിലും ഭൂവിസ്തൃതിയിലും മുന്നിലുള്ള അതിരൂപതയ്ക്ക് ലഭിച്ച മറ്റൊരു നേട്ടം .
തിളക്കമാർന്ന് എസ്ബി കോളജ്
ചങ്ങനാശേരി ∙ കർദിനാളായി മാർ കൂവക്കാട് ചുമതലയേറ്റതോടെ ചങ്ങനാശേരി എസ്ബി കോളജും അപൂർവതകളുടെ പട്ടികയിൽ ഇടംപിടിച്ചു. കർദിനാൾ കൂവക്കാടിനെക്കൂടാതെ കേരളത്തിൽ ഇപ്പോഴുള്ള മറ്റു രണ്ട് കർദിനാൾമാരും എസ്ബി കോളജിലെ വിദ്യാർഥികളായിരുന്നു. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവാ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി എന്നിവർ എസ്ബിയുടെ പൂർവവിദ്യാർഥികളാണ്. കൂവക്കാടിന്റെ പ്രീഡിഗ്രി, ഡിഗ്രി പഠനം എസ്ബിയിലായിരുന്നു
ആഹ്ലാദനിറവിൽ അതിരൂപതാ ആസ്ഥാനം
ചങ്ങനാശേരി ∙ അതിരൂപതാ ആസ്ഥാനവും ഇന്നലെ ആഹ്ലാദനിറവിലായിരുന്നു. ഒരു വൈദികൻ നേരിട്ട് കർദിനാളാകുന്ന അപൂർവമായ നേട്ടത്തിലൂടെ അതിരൂപതയ്ക്കും തിളക്കമേറി. വത്തിക്കാനിലെ ധന്യനിമിഷത്തിന്റെ ആഹ്ലാദം പങ്കിടാൻ വിശ്വാസികളും അതിരൂപതാംഗങ്ങളും അരമനയിലെത്തി. അതിരൂപത ആസ്ഥാനത്ത് മധുര പലഹാരം വിതരണം ചെയ്ത് സന്തോഷം പങ്കിട്ടു. വത്തിക്കാനിൽ സ്ഥാനാരോഹണച്ചടങ്ങിനു സാക്ഷ്യം വഹിക്കാൻ പോയ ചങ്ങനാശേരി സ്വദേശികൾ വിഡിയോ കോളിലൂടെ വിളിച്ചത് ഇരട്ടി ആഘോഷമായി.
വികാരി ജനറൽ മോൺ. ഡോ. മാത്യു ചങ്ങങ്കരിയുടെ നേതൃത്വത്തിലായിരുന്നു ചങ്ങനാശേരി അതിരൂപതാ ആസ്ഥാനത്ത് മധുര പലഹാര വിതരണം. അതിരൂപത പിആർഒ ഫാ.ജയിംസ് കൊക്കാവയൽ, എകെസിസി ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല, നഗരസഭാ ഉപാധ്യക്ഷൻ മാത്യൂസ് ജോർജ്, ജർമൻ മലയാളി അസോസിയേഷൻ ഇന്ത്യൻ കോഓർഡിനേറ്റർ കെ.എഫ്.വർഗീസ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.ലാലി, മദർ തേരേസ ഫൗണ്ടേഷൻ ചെയർമാൻ ലാലി ഇളപ്പുങ്കൽ, പാസ്റ്ററൽ കൗൺസിൽ ചങ്ങനാശേരി ഫൊറോന സെക്രട്ടറി സൈബി അക്കര, മുൻ കൗൺസിലർ സിബി പാറയ്ക്കൽ, പിതൃവേദി സെക്രട്ടറി ജോഷി കൊല്ലാപുരം, കൗൺസിലർ ജോമി കാവാലം, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോൺസൺ പ്ലാന്തോട്ടം, സെക്രട്ടറി സണ്ണി നെടിയകാലാപറമ്പിൽ, പാറേൽ പള്ളി കൈക്കാരൻ ജോസ് കുട്ടി കുട്ടംപേരൂർ, പാരിഷ് കൗൺസിലർ ടോമിച്ചൻ ആലഞ്ചേരി, എകെ സിസി ഫൊറോന പ്രസിഡന്റ് കുഞ്ഞുമോൻ തൂമ്പുങ്കൽ തുടങ്ങിയവർ അനുമോദനങ്ങൾ അർപ്പിച്ച് ചടങ്ങിൽ പ്രസംഗിച്ചു.
കർദിനാൾ കൂവക്കാടിന് ഇന്ന് അനുമോദനം
വത്തിക്കാൻ സിറ്റി ∙ കർദിനാൾ കൂവക്കാടിന്റെ അതിഥികളായി ജന്മനാട്ടിൽ നിന്നും മറ്റും എത്തിയ ഇരുനൂറ്റൻപതോളം പേർക്ക് ഇന്നലെ രാവിലെ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചു. അവിസ്മരണീയമായ ആ മുഹൂർത്തം സമ്മാനിച്ച സന്തോഷത്തിലായിരുന്നു എല്ലാവരും. വിദേശ രാജ്യങ്ങളിൽ നിന്ന് ഒട്ടേറെ മലയാളികളും ചടങ്ങിൽ പങ്കെടുക്കാൻ റോമിൽ എത്തിയിരുന്നു.
ചങ്ങനാശേരിയിൽ നിന്ന് ആർച്ച് ബിഷപ് മാർ തോമസ് തറയിൽ, മാർ ജോസഫ് പെരുന്തോട്ടം, മാർ തോമസ് പാടിയത്ത് എന്നിവർക്കൊപ്പം കൂരിയ അംഗങ്ങളായ മോൺ.വർഗീസ് താനമാവുങ്കൽ, മോൺ. ജോൺ തെക്കേക്കര, ഫാ.ഡോ.ജോർജ് പുതുമനമൂഴി, ഫാ.ഡോ.ഐസക് ആലഞ്ചേരി, ഫാ.ചെറിയാൻ കാരിക്കൊമ്പിൽ, ഫാ.ജോസഫ് വാണിയപ്പുരയ്ക്കൽ, ഫാ.ഡോ.ജയിംസ് പാലക്കൽ, പ്രഫ.രേഖ മാത്യൂസ്, ജോജി ചിറയിൽ എന്നിവരും വത്തിക്കാനിലെ സ്ഥാനാരോഹണച്ചടങ്ങുകൾക്ക് സാക്ഷികളായി.
ചങ്ങനാശേരിയിൽ നിന്നുള്ള സംഘത്തിന്റെ നേതൃത്വത്തിൽ വത്തിക്കാനിൽ ഇന്ന് ഉച്ചകഴിഞ്ഞ് കർദിനാൾ ജോർജ് കൂവക്കാടിനെ അനുമോദിക്കാൻ സമ്മേളനം ചേരും. ഇതിനു മുന്നോടിയായി സാന്റാ അനസ്താസിയ ബസിലിക്കയിൽ സമൂഹബലിയും നടക്കും. മാർപാപ്പയുടെ തന്നെ നിർദേശം അനുസരിച്ച് പൗരസ്ത്യ രീതിയിലുള്ള തലപ്പാവും വസ്ത്രവും അണിഞ്ഞതു മറ്റു കർദിനാൾമാരിൽനിന്ന് മാർ ജോർജ് ജേക്കബ് കൂവക്കാടിനെ വേറിട്ടു നിർത്തി.