കെഎസ്ഇബി ശമ്പളവർധന റഗുലേറ്ററി കമ്മിഷനും തള്ളി
Mail This Article
തിരുവനന്തപുരം∙ സർക്കാരിന്റെ അനുമതി കൂടാതെ കെഎസ്ഇബി നടപ്പാക്കിയ ശമ്പളവർധന വൈദ്യുതി റഗുലേറ്ററി കമ്മിഷനും തള്ളി. 2021 ഫെബ്രുവരിയിലാണ് കെഎസ്ഇബി ജീവനക്കാരുടെ ശമ്പളം വൻതോതിൽ വർധിപ്പിച്ച് ഉത്തരവിറക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ശമ്പളവർധന നടപ്പാക്കിയത്. എന്നാൽ, തുടർ ഭരണം ലഭിച്ച ശേഷം ഈ ഉത്തരവിന് സർക്കാർ അനുമതി നൽകിയില്ല.
കെഎസ്ഇബിയിൽ ശമ്പളവർധന നടപ്പാക്കണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി തേടണമെന്ന വ്യവസ്ഥ ലംഘിച്ചാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് യൂണിയനുകളുടെ സമ്മർദഫലമായി ശമ്പളം വർധിപ്പിച്ചത്. ജീവനക്കാരുടെ ശമ്പളം വൈദ്യുതി നിരക്ക് പരിഷ്കരണം നടപ്പാക്കുമ്പോൾ ഓപ്പറേഷൻ ആൻഡ് മെയ്ന്റനൻസ് എന്ന വിഭാഗത്തിൽപെടുത്തിയാണ് ചെലവിൽ ഉൾപ്പെടുത്തുക.
വൈദ്യുതി വിതരണ ചെലവിനുള്ള തുകയായതിനാൽ അതു വൈദ്യുതി നിരക്കിൽ ഉൾപ്പെടുത്തുകയാണ് പതിവ്. സർക്കാരിന്റെ അനുമതി തേടാതെയുള്ള ശമ്പള പരിഷ്കരണം റഗുലേറ്ററി കമ്മിഷൻ കെഎസ്ഇബിയുടെ അക്കൗണ്ട് ക്രമവൽക്കരിക്കാനുള്ള ട്രൂയിങ് അപ് പെറ്റീഷനിൽ പരിഗണിച്ചില്ല. സർക്കാരിന്റെ അനുമതി തേടാനായിരുന്നു നിർദേശം. എന്നാൽ, പരിഷ്കരണം നടപ്പാക്കി നാലു വർഷമാകുമ്പോഴും ഇതുവരെയും സർക്കാരിന്റെ അനുമതി നേടാൻ കെഎസ്ഇബിക്കു കഴിഞ്ഞിട്ടില്ല.
സർക്കാർ അനുമതി നൽകാത്ത ശമ്പള പരിഷ്കരണം ഉൾപ്പെടുത്തിയാണ് കെഎസ്ഇബി റഗുലേറ്ററി കമ്മിഷന് വൈദ്യുതി നിരക്ക് പരിഷ്കരണത്തിനുള്ള അപേക്ഷ നൽകിയത്. 2024 ജൂലൈ 1 മുതൽ 2027 മാർച്ച് 31 വരെയുള്ള കാലയളവിൽ 4085.28 കോടി രൂപയാണ് കെഎസ്ഇബി നൽകിയ നിരക്ക് പരിഷ്കരണ ശുപാർശയിലൂടെ അധിക വരുമാനമായി ലക്ഷ്യമിട്ടത്. എന്നാൽ, നിലവിലെ നിരക്കു പരിഷ്കരണത്തിലൂടെ കെഎസ്ഇബിക്ക് ലഭിക്കുക 1834.43 കോടി രൂപയുടെ അധിക വരുമാനമാണ്.
ഇക്കൊല്ലം 151 കോടി അധിക വരുമാനം
ഇത്തവണത്തെ നിരക്ക് വർധനയിലൂടെ 2025 മാർച്ച് 31 വരെയുള്ള 4 മാസം കൊണ്ട് 151.67 കോടി രൂപയുടെ അധിക വരുമാനമാണ് കെഎസ്ഇബിക്കു ലഭിക്കുക. അടുത്ത വർഷം ഇത് 473.20 കോടി രൂപയും 2026–27 ൽ 487.40 കോടി രൂപയുമാകും. അതോടൊപ്പം അടുത്ത വർഷം മുതൽ 12 പൈസയുടെ കൂടി വർധന വൈദ്യുതി നിരക്കിൽ വരുന്നതോടെ അധികമായി 354 കോടി രൂപയും 2025–26 ൽ 368. 16 കോടി രൂപയും വരുമാനം ലഭിക്കും. ഇവയെല്ലാം ചേർത്ത് 2027 മാർച്ച് 31 വരെ 1834.43 കോടി രൂപയുടെ അധിക വരുമാനമാണ് ലഭിക്കുക.