വൈദ്യുതി നിരക്ക് വർധന: പ്രതിപക്ഷവുമായി ചർച്ച ആകാമെന്നു മന്ത്രി
Mail This Article
പാലക്കാട് ∙ വൈദ്യുതിനിരക്ക് വർധനയുമായി ബന്ധപ്പെട്ടു പ്രതിപക്ഷവുമായി ചർച്ചയ്ക്ക് തയാറാണെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. കെഎസ് ഇബി കമ്പനിയാക്കിയ ശേഷം ദൈനംദിന ഇടപെടലുകൾക്കു സർക്കാരിനു പരിമിതിയുണ്ട്. അധിക വൈദ്യുതി വാങ്ങുന്നതിൽ അദാനിയുമായുള്ളതു രണ്ടു ഹ്രസ്വ കരാറുകളാണ്. ബോർഡ് ടെൻഡർ വിളിച്ചാണ് കരാർ കൊടുക്കുന്നത്.
സർക്കാർ ഇടപെടുന്നില്ല. 40 കമ്പനികളുടെ ടെൻഡർ ഉണ്ട്. അതിൽ രണ്ടെണ്ണം മാത്രമേ അദാനിയുടേതായിട്ടുള്ളൂ. പ്രതിപക്ഷം പ്രതിഷേധിക്കുന്നതിന്റെ കാരണമറിയില്ല. കേരളത്തിലെ നിരക്കുവർധന പൊതുവിൽ കുറവാണ്. കർണാടകയിൽ യൂണിറ്റിന് 67 പൈസയാണ് കൂട്ടിയത്. പവർകട്ട് ഒഴിവാക്കാനാണ് വൈദ്യുതി വാങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.
സർക്കാരിന്റെ കൊള്ള: കെ.സി.വേണുഗോപാൽ
കൊല്ലം ∙ വീടുകളിൽ മീറ്റർ ഘടിപ്പിച്ചു വൈദ്യുതി വകുപ്പും ബോർഡും നടത്തുന്ന കവർച്ചയാണു വൈദ്യുതി നിരക്ക് വർധനയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. കുറുവ സംഘം നടത്തുന്നതുപോലുള്ള കൊള്ളയടിയാണിത്. ഇതു ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വൈദ്യുതി ബോർഡിന്റെ കെടുകാര്യസ്ഥതയ്ക്കും ദുർച്ചെലവിനും പരിഹാരം കാണാതെ ജനത്തെ പിഴിയുകയാണ്.
മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ധൂർത്തിന് ഒരു കുറവുമില്ല. ധൂർത്തിനു വേണ്ടി സർക്കാർ ഖജനാവിൽ വരുമാനമെത്തിക്കാൻ വൈദ്യുതി നിരക്കും വെള്ളക്കരവും ഉൾപ്പെടെ വർധിപ്പിച്ചു ജനത്തെ പിഴിയുന്നു. ജനദ്രോഹ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം കോൺഗ്രസ് നടത്തുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.