ADVERTISEMENT

കൊല്ലം ∙ വയനാട് പുനരധിവാസത്തിനായി കേരള സർക്കാർ അനുവദിക്കുകയാണെങ്കിൽ സ്വന്തം നിലയ്ക്കു ഭൂമി വാങ്ങി വീടു വ‌യ്ക്കാനുള്ള സന്നദ്ധത കർണാടക, തെലങ്കാന സർക്കാരുകൾ അറിയിച്ചതായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. കർണാടക, തെലങ്കാന സർക്കാരുകൾ പ്രഖ്യാപിച്ച വീടുകൾക്കു സ്ഥലം ഏറ്റെടുത്തു കൊടുക്കാൻ പോലും കേരള സർക്കാരിനായിട്ടില്ല. ഇരു സർക്കാരുകളും നിരന്തരം ഇക്കാര്യം ആവശ്യപ്പെട്ടിട്ടും കേരള സർക്കാർ ഇവരുമായി ആശയവിനിമയം പോലും നടത്തിയില്ല.

പുനരധിവാസത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രാഷ്ട്രീയം കളിക്കരുത്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കേരള എംപിമാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് കേന്ദ്ര സഹായം അടിയന്തരമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നിരുത്തരവാദപരമായ നിലപാടാണ് സർക്കാരുകൾ ഈ വിഷയത്തിൽ കാട്ടുന്നത്. പോസ്റ്റ് ഡിസാസ്റ്റർ നീഡ്‌സ് അസസ്മെന്റ് (പിഡിഎൻഎ) റിപ്പോർട്ട് വൈകിയെന്നതിന്റെ പേരിൽ കേന്ദ്രം സഹായം നിഷേധിക്കുന്നതിനോടു യോജിക്കാനാവില്ല. മഴക്കെടുതി ദുരിതമനുഭവിക്കുന്ന തമിഴ്‌നാടിനു കേന്ദ്രസർക്കാർ 944 കോടി നൽകിയതു നല്ല കാര്യമാണ്. എന്നാൽ വയനാട് ദുരന്തം സംഭവിച്ച് 4 മാസം പിന്നിട്ടിട്ടും സഹായമില്ല. ഇതു വയനാടിനെയും അവിടത്തെ ജനങ്ങളെയും ശിക്ഷിക്കുന്നതിനു തുല്യമാണ്. വിശദമായ റിപ്പോർട്ട് സംസ്ഥാനം സമർപ്പിക്കുന്ന മുറയ്ക്ക് കൂടുതൽ പണം അനുവദിക്കാമെന്നു പറഞ്ഞിട്ടാണെങ്കിലും അടിയന്തര പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള തുക കേന്ദ്ര സർക്കാർ മുൻകൂർ നൽകണം. കേന്ദ്രം ഇതുവരെ അനുവദിച്ച എൻഡിആർഎഫ് ഫണ്ടിലുള്ള പണം ഉപയോഗിച്ചു പുനരധിവാസ പ്രവർത്തനങ്ങൾ നടത്താൻ എന്തിനാണ് കാല  താമസം?

സംസ്ഥാന സർക്കാർ കടമ  നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയതിനാലാണ് ഹൈക്കോടതിക്ക് രൂക്ഷമായി വിമർശിക്കേണ്ടി വന്നത്. ഹൈക്കോടതിയുടെ വിമർശനം കേരള ജനതയുടെ വിമർശനമാണ് – വേണുഗോപാൽ പറഞ്ഞു.

English Summary:

Wayanad: KC Venugopal criticized both Central and Kerala governments for Wayanad rehabilitation delay, highlighting Karnataka and Telangana's willingness to help

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com