സാമ്പത്തിക ഞെരുക്കം: വികസന പദ്ധതികൾ വെട്ടിക്കുറച്ച് സംസ്ഥാന സർക്കാർ
Mail This Article
തിരുവനന്തപുരം ∙ സാമ്പത്തിക ഞെരുക്കം മൂലം വികസന പദ്ധതികൾ വെട്ടിക്കുറയ്ക്കാൻ നടപടി തുടങ്ങിയ സർക്കാർ ക്ഷേമപദ്ധതികളിലും കൈവച്ചു. ഭരണാനുമതി ലഭിച്ച പദ്ധതികൾ മാറ്റിവയ്ക്കുകയോ തുക പകുതിയായി കുറയ്ക്കുകയോ ചെയ്യാൻ ഓഗസ്റ്റിൽ മന്ത്രിസഭ തീരുമാനിച്ചിരുന്നു. വലിയ പദ്ധതികൾ വെട്ടിച്ചുരുക്കി കോടികളുടെ ചെലവു ലാഭിക്കാമെന്നാണു കണക്കുകൂട്ടിയതെങ്കിലും ആദ്യഘട്ടമായി കുറച്ചതെല്ലാം കർഷകരെയും ബിപിഎൽ കുടുംബങ്ങളെയും നേരിട്ടു ബാധിക്കുന്ന പദ്ധതികളാണ്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കു കെ ഫോൺ വഴി സൗജന്യ ഇന്റർനെറ്റ് നൽകാൻ നീക്കിവച്ച 16.40 കോടി രൂപ 5.45 കോടി കുറച്ച് 10.95 കോടിയാക്കി. സർക്കാരിനു നേരിട്ടു വരുമാനമുണ്ടാകുന്നില്ലെന്നതും ആസ്തി രൂപീകരണമില്ലെന്നതുമാണു കാരണം. പ്രവർത്തനം തുടങ്ങി ഒന്നരവർഷമായിട്ടും വാഗ്ദാനം ചെയ്ത 14,000 ബിപിഎൽ കണക്‌ഷനുകളിൽ 5900 കണക്‌ഷൻ മാത്രമാണു നൽകിയിട്ടുള്ളത്. ബാക്കി കണക്‌ഷൻ കൊടുക്കാൻ പണം അധികം ചോദിച്ചിരിക്കെയാണ്, അനുവദിച്ചതു കൂടി പോയത്.
വകുപ്പുകൾ എതിർത്തിട്ടും ഫലിച്ചില്ല
10 കോടി രൂപയ്ക്കു മുകളിൽ അടങ്കൽത്തുകയുള്ളവ പരിശോധിച്ച് അനിവാര്യമല്ലെങ്കിൽ മാറ്റിവയ്ക്കുകയോ ഭരണാനുമതിത്തുകയുടെ 50 ശതമാനത്തിനുള്ളിൽ ഒതുക്കുകയോ വേണമെന്നായിരുന്നു ധനവകുപ്പിന്റെ നിർദേശം. 10 കോടി രൂപയ്ക്കു താഴെയുള്ള പദ്ധതികളിലും 50% കുറവു വരുത്താൻ നിർദേശിച്ചിരുന്നു. വകുപ്പുകൾ സമർപ്പിച്ച പദ്ധതികൾ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ധനകാര്യ, ആസൂത്രണ വകുപ്പ് സെക്രട്ടറിമാരും വകുപ്പു സെക്രട്ടറിയുമടങ്ങിയ സമിതി പരിശോധിച്ചാണു തീരുമാനമെടുത്തത്. പ്രഖ്യാപിച്ച പദ്ധതികൾ ഇല്ലാതാക്കുന്നതു പ്രതിഛായയെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി ചില വകുപ്പുകൾ എതിർപ്പറിയിച്ചെങ്കിലും സർക്കാരിന്റെ കർശനനിർദേശം വന്നു.