വാർഡ് വിഭജനം: സ്ഥിരം നമ്പർ നടപ്പായില്ല; ഒന്നരക്കോടി കെട്ടിടങ്ങളുടെ നമ്പർ മാറ്റേണ്ടി വരും
Mail This Article
തിരുവനന്തപുരം ∙ തദ്ദേശ വകുപ്പ് വർഷങ്ങൾക്കു പ്രഖ്യാപിച്ച കെട്ടിടങ്ങൾക്കുള്ള ഒറ്റ തിരിച്ചറിയൽ നമ്പർ ഇനിയും നടപ്പാകാതെ വന്നതോടെ വാർഡ് വിഭജനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വീടുകൾ ഉൾപ്പെടെ ഒന്നരക്കോടി കെട്ടിടങ്ങളുടെ നമ്പർ വീണ്ടും മാറ്റേണ്ടി വരും.
വാർഡ് വിഭജനത്തിന്റെ ഭാഗമായി 2010ലും ഇങ്ങനെ നമ്പറുകൾ മാറ്റിയിരുന്നു. വാർഡ് നമ്പറും ഒപ്പം കെട്ടിടവും സൂചിപ്പിക്കുന്ന രണ്ട് ഭാഗങ്ങൾ ഉൾപ്പെട്ടതാണ് ഇപ്പോഴത്തെ കെട്ടിട നമ്പർ. വാർഡിന്റെ അതിർത്തികൾ മാറുന്നത് അനുസരിച്ച് ഇതിൽ രണ്ടിലും മാറ്റം വരുത്തണം.
നികുതി അടയ്ക്കാനും കെട്ടിട ഉടമസ്ഥത രേഖകളിലും വിലാസം ഉൾപ്പെടുത്തി വരുന്ന വിവിധ ഔദ്യോഗിക രേഖകളിലും നമ്പർ മാറ്റേണ്ടി വരുമെന്നതിനാൽ പൊതുജനം ഏറെ പ്രയാസം അനുഭവിക്കുന്നുണ്ട്. ഇതു മനസ്സിലാക്കിയാണ് ഏതാനും വർഷം മുൻപ് ഒരു കെട്ടിടത്തെ അടയാളപ്പെടുത്താൻ സ്ഥിരം നമ്പർ പ്രഖ്യാപിച്ചത്.
ഇതു പ്രാവർത്തികമാകാത്ത സാഹചര്യത്തിൽ ‘ഡിജി ഡോർ പിൻ’ എന്ന ആശയമാണ് ഇപ്പോൾ മുന്നോട്ടുവച്ചിരിക്കുന്നത്. ഓരോ കെട്ടിടത്തെയും ഡോർ ആയി കണക്കാക്കി 9 അക്കമുള്ള പിൻ നമ്പർ നൽകുന്ന സമ്പ്രദായമാണിത്. ഇതിനായി മുഴുവൻ കെട്ടിടങ്ങളിലും ഫീൽഡ് പരിശോധന നടത്തി ജിയോ ടാഗ് ചെയ്യണം. ഫ്ലാറ്റുകളെ പ്രത്യേക ഡോർ ആയി കണക്കാക്കിയാകും ഇത്തരം ടാഗിങ്.
ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച സംവിധാനം പരീക്ഷണ അടിസ്ഥാനത്തിലാണ്. ഇപ്പോഴത്തെ വാർഡ് വിഭജന പ്രക്രിയ പൂർത്തിയാക്കി തദ്ദേശ പൊതു തിരഞ്ഞെടുപ്പ് നടക്കും മുൻപ് ഇതു പൂർത്തിയാക്കുകയും വേണം. 2025 ഡിസംബറിനു മുൻപു നടക്കേണ്ട തിരഞ്ഞെടുപ്പിന് 3 മാസം മുൻപെങ്കിലും അന്തിമ വോട്ടർ പട്ടിക തയാറാക്കുന്നതും കണക്കിലെടുക്കണം.