ADVERTISEMENT

തിരുവനന്തപുരം ∙ കെഎസ്ഇബിക്ക് അദാനി കമ്പനിയുമായി സമീപ കാലത്തുണ്ടായത് 3 ഹ്രസ്വകാല കരാറുകൾ. അതിൽ ഒരെണ്ണം നവംബറിൽ അവസാനിച്ചു. കൂടിയ നിരക്കിൽ വൈദ്യുതി നൽകാനുള്ള അദാനി കമ്പനിയുടെ ബിഡ് കെഎസ്ഇബി തിരഞ്ഞെടുത്ത് റഗുലേറ്ററി കമ്മിഷനു നൽകിയെങ്കിലും അതു റദ്ദാക്കിയ ശേഷമാണ് താരതമ്യേന കുറ‍ഞ്ഞ നിരക്കിലുള്ള 3 ബിഡുകൾക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയത്. ഒക്ടോബർ മുതൽ 2025 മേയ് വരെയുള്ള മാസങ്ങളിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാണ് കെഎസ്ഇബി ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി വാങ്ങുന്നതിനുള്ള സംവിധാനമായ ഡീപ് പോർട്ടലിലൂടെ കരാർ ക്ഷണിച്ചത്. 

നവംബർ, ഡിസംബർ, 2025 ഏപ്രിൽ, മേയ് മാസങ്ങളിലേക്കാണ് അദാനി കമ്പനിയുടെ ബിഡുകൾ കെഎസ്ഇബി തിരഞ്ഞെടുത്തത്. അതിൽ, ഏപ്രിലിലും മേയിലും 170 മെഗാവാട്ട് വീതം വൈദ്യുതി വൈകിട്ട് 4 മുതൽ രാത്രി 12 വരെ ലഭ്യമാക്കാനുള്ള ബിഡിൽ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് രേഖപ്പെടുത്തിയിരുന്നത് യൂണിറ്റിന് 10 രൂപയാണ്. ഇതാണ് റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയത്. 

അതേസമയം, കഴിഞ്ഞ മാസവും ഈ മാസവും യൂണിറ്റിന് 5.61 രൂപ നിരക്കിൽ അദാനി കമ്പനി 50 മെഗാവാട്ട് വീതം വൈദ്യുതി നൽകാമെന്ന് അറിയിച്ചത് കമ്മിഷൻ അംഗീകരിച്ചു. 

കൂടാതെ, 10 രൂപയ്ക്ക് ബിഡ് നൽകിയ 2025 മേയിൽ തന്നെ 100 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 6.34 രൂപ നിരക്കിൽ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കാൻ താൽപര്യമറിയിച്ചുള്ള ബിഡും അദാനി കമ്പനി സമർപ്പിച്ചിരുന്നു. ഇതിനും റഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകിയിട്ടുണ്ട്.

English Summary:

KSEB: KSEB had signed three short-term electricity contracts with Adani Group despite some bids initially being rejected by Regulatory Commission due to high tariffs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com