വിശ്വാസക്കൂട്ടായ്മയ്ക്ക് വേദിയായി വത്തിക്കാൻ
Mail This Article
വത്തിക്കാൻ സിറ്റി ∙ സിറോ മലബാർ സഭയുടെ തനിമയ്ക്കും പാരമ്പര്യത്തിനും സാക്ഷ്യം വഹിച്ച് വത്തിക്കാൻ. കത്തോലിക്കാ സഭയുടെ രാജകുമാരൻമാരുടെ പട്ടികയിലേക്കു മാർ ജോർജ് ജേക്കബ് കൂവക്കാട് ഉയർത്തപ്പെട്ടതിനു സാക്ഷിയാകാനും പുതിയ കർദിനാളിന് ആശംസയർപ്പിക്കാനും ഒത്തുചേർന്ന സിറോ മലബാർ സഭാംഗങ്ങൾ, കുർബാനയിൽ പങ്കുചേർന്നും സ്വീകരണങ്ങൾ ഒരുക്കിയും മാർത്തോമ്മാ നസ്രാണി പൈതൃകത്തിന്റെ ആഘോഷമാണു വത്തിക്കാനിൽ നടത്തിയത്.
മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന്റെ നേതൃത്വത്തിലുള്ള മെത്രാൻ സംഘവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്ന സിറോ മലബാർ സഭാംഗങ്ങളായ സന്യസ്തരും ഒത്തുചേർന്നാണു മാർ കൂവക്കാടിന്റെ കർദിനാൾ സ്ഥാനാരോഹണം ചരിത്രസംഭവമാക്കിയത്. നവ കർദിനാളിന്റെ മാതൃ രൂപതയായ ചങ്ങനാശേരി അതിരൂപതയിൽനിന്ന് ആർച്ച് ബിഷപ് മാർ തോമസ് തറയിലിന്റെ നേതൃത്വത്തിലെത്തിയ പ്രതിനിധി സംഘം പ്രാർഥനാശംസകളുമായി ഒപ്പംചേർന്നു.
സ്ഥാനാരോഹണച്ചടങ്ങിൽ ശിവഗിരി സംഘവും
തിരുവനന്തപുരം∙ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ നടന്ന കർദിനാൾമാരുടെ സ്ഥാനാരോഹണച്ചടങ്ങിൽ ശിവഗിരിമഠം പ്രതിനിധിസംഘം പങ്കെടുത്തു. മഠത്തിന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച മുൻപ് വത്തിക്കാനിൽ നടന്ന ലോക സർവമത സമ്മേളനത്തിന്റെ വിജയത്തിനായി പ്രയത്നിച്ച പുരോഹിതനാണ് കർദിനാളായി ചുമതലയേറ്റ മാർ ജോർജ് ജേക്കബ് കൂവക്കാട് എന്ന് ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.
കർദിനാളിന് ശിവഗിരി മഠത്തിന്റെ ഉപഹാരം നൽകി അനുമോദിച്ചു. സർവമത സമ്മേളനത്തിന്റെ സംഘാടകസമിതി ചെയർമാൻ കെ.ജി.ബാബുരാജ്, സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ, ജനറൽ കൺവീനർ ചാണ്ടി ഉമ്മൻ എംഎൽഎ എന്നിവരാണ് മാർപാപ്പയുടെ ക്ഷണം സ്വീകരിച്ച് ചടങ്ങിൽ പങ്കെടുത്തത്.