നെല്ലുസംഭരണത്തിലെ വീഴ്ച: സിപിഎം സമ്മേളനങ്ങളിൽ സർക്കാരിനു വിമർശനം
Mail This Article
പാലക്കാട് ∙ നെല്ലുസംഭരണത്തിലെ വീഴ്ചകളിൽ സംസ്ഥാന സർക്കാരിനെതിരെ സിപിഎം സമ്മേളനങ്ങളിൽ വിമർശനം. നെല്ലുവില വിതരണത്തിൽ തുടർച്ചയായി സംസ്ഥാനവിഹിതം വെട്ടിക്കുറയ്ക്കുന്നതുൾപ്പെടെയുള്ള നടപടികളിലാണു കടുത്ത പ്രതിഷേധം. നെല്ലുസംഭരണം കാര്യക്ഷമമാക്കണമെന്നും സംഭരണവില കാലോചിതമായി പരിഷ്കരിക്കണമെന്നും സമ്മേളനങ്ങൾ ആവശ്യപ്പെട്ടുതുടങ്ങി.
കൂടുതൽ നെൽക്കൃഷിയുള്ള ആലത്തൂരിലെ കർഷകരുടെ ദുരിതം പരിഹരിക്കണമെന്ന് ആലത്തൂർ സിപിഎം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംഭരണവിലയിൽ ഇത്തവണ കേരളം സ്വന്തം വിഹിതത്തിൽ നിന്നു കിലോയ്ക്ക് 1.17 രൂപ വെട്ടിക്കുറച്ചിരിക്കെയാണ് നെല്ലെടുപ്പു വില കാലോചിതമായി പരിഷ്കരിക്കണമെന്നു പാർട്ടി സമ്മേളനങ്ങളിൽ ആവശ്യം ഉയരുന്നത്.
കേന്ദ്രം നെല്ലിന്റെ താങ്ങുവില കിലോയ്ക്ക് 1.17 രൂപ കൂട്ടി 23 രൂപയാക്കിയപ്പോൾ സംസ്ഥാനത്തെ ഇടതു സർക്കാർ സ്വന്തം പ്രോത്സാഹനവില കിലോയ്ക്ക് 6.37 രൂപയിൽ നിന്ന് 5.20 രൂപയാക്കി വെട്ടിക്കുറച്ചു. ഇതിൽ പാർട്ടി അംഗങ്ങളും കർഷകരും കടുത്ത പ്രതിഷേധത്തിലാണ്. ഇടതു സർക്കാരിന് യോജിച്ച നടപടിയല്ല ഇതെന്നുവരെ പാടശേഖര സമിതികളുടെ കൂട്ടായ്മ വിമർശിച്ചിരുന്നു.
പാലക്കാട് ഉപതിരഞ്ഞെടുപ്പിലടക്കം സിപിഎമ്മും സിപിഐയും നെല്ലിന്റെ സംഭരണവില വർധിപ്പിക്കുമെന്നു പറഞ്ഞാണു വോട്ടു തേടിയിരുന്നത്. തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ സംസ്ഥാനത്തിന്റെ വിഹിതം വർധിപ്പിച്ചില്ലെന്നു മാത്രമല്ല കേന്ദ്രം കൂട്ടിയതിനു തുല്യമായ തുക കേരളം വെട്ടിക്കുറയ്ക്കുകയും ചെയ്തു. മുൻവർഷങ്ങളിലും നെല്ലെടുപ്പിൽ സ്വന്തം വിഹിതം വെട്ടിക്കുറയ്ക്കുന്ന നയമാണ് ഇടതു സർക്കാർ നടപ്പാക്കിയിരുന്നത്. ഈ നിലപാടാണ് സിപിഎം പാർട്ടി സമ്മേളനങ്ങളിൽ ചർച്ചയാകുന്നത്.