സ്വകാര്യ നഴ്സറികളുടെ ലൈസൻസ് ഫീസ് വർധിപ്പിച്ചു
Mail This Article
തിരുവനന്തപുരം ∙ കൃഷി വകുപ്പ് മുഖേന സ്വകാര്യ നഴ്സറികളിൽ പുതുതായി ലൈസൻസ് അനുവദിക്കുന്നതിന് ഇനി 4000 രൂപ ഫീസായി നൽകണം. ലൈസൻസ് പുതുക്കാൻ 2500 രൂപയും ഒടുക്കണം. നടീൽ വസ്തുക്കളും പൂന്തോട്ട നിർമാണ സാമഗ്രികളും വിൽക്കുന്ന സ്വകാര്യ നഴ്സറികളിലെ ഫീസ് നിരക്കുകളാണ് വർധിപ്പിച്ചത്. പുതിയ ലൈസൻസ് അനുവദിക്കുന്നതിന് 750 രൂപയും പുതുക്കാൻ 450 രൂപയും മാത്രമായിരുന്നു നിലവിലെ നിരക്കുകൾ. ഡ്യൂപ്ലിക്കേറ്റ് കോപ്പി ലഭിക്കാൻ പുതുതായി ഫീസും ഏർപ്പെടുത്തി – 200 രൂപ.
കൃഷി വകുപ്പ് ഡയറക്ടറുടെ ശുപാർശയെ തുടർന്നാണ് ഫീസ് നിരക്കുകൾ വർധിപ്പിച്ചത്. 2015 മാർച്ചിൽ ഫീസ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ശുപാർശ നൽകിയെങ്കിലും സർക്കാർ പരിഗണിച്ചില്ല. വകുപ്പുകളിലെ നികുതിയേതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് കൃഷി വകുപ്പ് അറിയിച്ചു. വളം ലൈസൻസ് പുതുക്കുന്നതിനും ഡ്യൂപ്ലിക്കേറ്റിനും ഭേദഗതി, ലേറ്റ് ഫീസ് എന്നിവ കഴിഞ്ഞയാഴ്ച കുത്തനെ കൂട്ടിയിരുന്നു.