5 പത്തായപ്പുരയിലായി ലക്ഷങ്ങളെ ചോറൂട്ടി; ചരിത്രം പേറി മുരിക്കുംമൂട്ടിൽ വീട്
Mail This Article
കാവാലം∙ മുരിക്കുംമൂട്ടിൽ വീടിന്റെ പഴയ നെൽപ്പുരയുടെ ഭിത്തിയിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്: കുട്ടനാട്- സമുദ്രനിരപ്പിൽ നിന്ന് 6–8 അടി താഴെ കേരളത്തിന്റെ ചോറ്റുപാത്രം. 1940കളിൽ രണ്ടാം ലോകമഹായുദ്ധത്തെ തുടർന്നുണ്ടായ കടുത്ത ഭക്ഷ്യക്ഷാമം. തിരുവിതാംകൂറിന്റെ പട്ടിണി മാറ്റാൻ ആയിരക്കണക്കിന് ഏക്കർ കായൽ വളച്ചു കെട്ടി, വെള്ളം വറ്റിച്ച്, ചോരയും നീരും വീഴ്ത്തി നൂറുമേനി വിളയിച്ച ചോറ്റുപാത്രം! ഉറച്ച ആത്മവിശ്വാസവും എന്തും നേരിടാനുള്ള മനക്കട്ടിയുമായി ആ ചോറ്റുപാത്രം നിറച്ച ജോസഫ് മുരിക്കന്റെ ഓർമകൾ പേറുന്ന കായൽ തീരത്താണ് അദ്ദേഹത്തിന്റെ മുരിക്കുംമൂട്ടിൽ വീട്.
നൂറ്റാണ്ടിന്റെ ചരിത്രമുണ്ട് ഈ വീടിനു പറയാൻ. ആൾത്തിരക്കും സമ്പത്തിന്റെ പ്രൗഢിയും പ്രതാപവും നിറഞ്ഞുനിന്ന ഒരു കാലം ഓർമച്ചിത്രങ്ങളായി ആൾത്താമസമില്ലാത്ത ഈ വീട്ടിലും പരിസരത്തുമുണ്ട്. 1952ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആലപ്പുഴയിലെത്തിയത് സമുദ്രനിരപ്പിനും താഴെ കായലിൽ കൃഷി ചെയ്യുന്ന മഹാവിസ്മയം നേരിട്ടു കാണാനായിരുന്നു. അന്നു നെഹ്റുവിനും മകൾ ഇന്ദിര ഗാന്ധിക്കുമൊപ്പം നിൽക്കുന്ന ജോസഫ് മുരിക്കന്റെ ചിത്രം ഇപ്പോഴും ഇവിടെയുണ്ട്. മുരിക്കൻ കായൽയാത്രകൾക്ക് ഉപയോഗിച്ചിരുന്ന ‘ഏലിയാസ്’ എന്ന ബോട്ട് ഓർമകളുടെ ഓളങ്ങളിൽ പതിയെ ഉലയുന്നു.
വീടിനു മുൻപിലുള്ള കായൽ ഇന്നു വിജനമാണ്. ഒരു കാലത്ത് അവിടെ വള്ളങ്ങൾ നിറഞ്ഞുകിടന്നിരുന്നെന്നു ജോസഫ് മുരിക്കന്റെ കൊച്ചുമകൻ റോയ് തോമസ് പറഞ്ഞു. ചിറ കെട്ടാനായി കിഴക്കൻ നാടുകളിൽ നിന്നു മുളകൾ കൊണ്ടുവരുന്നതും രണ്ടായിരത്തിലേറെ ഏക്കറിൽ നിന്നു വിളവെടുക്കുമ്പോൾ നെല്ലു കൊണ്ടുവരുന്നതും വള്ളങ്ങളിലാണ്. കൊയ്ത്തും വിതയും നിലമൊരുക്കലുമായി എന്നും നൂറു കണക്കിനു തൊഴിലാളികൾ, നെല്ലുനിറഞ്ഞ 5 പത്തായപ്പുരകൾ.. വീട്ടുമുറ്റം എപ്പോഴും പെരുന്നാൾ പറമ്പു പോലെയായിരുന്നുവെന്നു മുതിർന്നവർ പറഞ്ഞിരുന്നത് റോയിക്ക് ഓർമയുണ്ട്. ജോസഫ് മുരിക്കന്റെ മൂത്ത മകൻ എം.ജെ.തോമസിന്റെ മകനാണു റോയ്.
മുരിക്കന്റെയും ഭാര്യ ഏലിയാമ്മയുടെയും 8 മക്കളിൽ എം.ജെ ചെറിയാൻ ഒഴികെ മറ്റെല്ലാവരും വിടവാങ്ങി. കൊച്ചുമക്കളും അവരുടെ മക്കളും തറവാട്ടിൽ ഇടയ്ക്ക് ഒത്തുകൂടും.
തന്റെ വിയർപ്പും അധ്വാനവും പണവും കൊണ്ടു മുരിക്കൻ കെട്ടിപ്പൊക്കിയ ഏക്കറു കണക്കിനു കായൽനിലങ്ങൾ സർക്കാർ ഏറ്റെടുത്തതോടെ മുരിക്കൻ തിരുവനന്തപുരത്തേക്കു താമസം മാറ്റി. കുടുംബാംഗങ്ങൾ പല നാടുകളിലായി.
മുരിക്കനു ജന്മനാട്ടിൽ ഉചിതമായ സ്മാരകം പോലുമില്ല. മുരിക്കുംമൂട്ടിൽ വീടും ചിത്തിരക്കായലിൽ മുരിക്കൻ സ്ഥാപിച്ച ചിത്തിരപ്പള്ളിയും മാത്രം ബാക്കി.
എങ്കിലും, ആ കായൽനിലങ്ങളും മുരിക്കന്റെ അപാരമായ ഭാവനാശേഷിയും അനേകായിരം തൊഴിലാളികളുടെ കഠിനാധ്വാനവും ആ അധ്വാനം പട്ടിണി മാറ്റിയ ലക്ഷക്കണക്കിനു മനുഷ്യരും എന്നും ചരിത്രത്തിന്റെ ഭാഗമായിരിക്കും.