വിനോദയാത്രയ്ക്കിടെ ലക്ഷദ്വീപിലെ കടലിൽ 2 കുട്ടികൾ മുങ്ങിമരിച്ചു
Mail This Article
കൊച്ചി∙ രക്ഷിതാക്കൾക്കും അധ്യാപകർക്കുമൊപ്പം ലക്ഷദ്വീപിലെ അഗത്തിയിൽ നിന്നു ബംഗാരം ദ്വീപിൽ വിനോദയാത്രയ്ക്ക് പോയ 2 വിദ്യാർഥികൾ കടലിൽ മുങ്ങി മരിച്ചു. അഗത്തി സ്വദേശിയും സിപിഎം നേതാവുമായ മുള്ളിപ്പുര ഷരീഫ് ഖാന്റെയും അധ്യാപികയായ ഫസീലയുടെയും മകൻ മുഹമ്മദ് ഫവാദ് ഖാൻ(6), അഗത്തി മുള്ളിപ്പുര റഹ്മത്തുള്ളയുടെയും അധ്യാപികയായ കീളാപുര സീനത്തുന്നീസയുടെയും മകൻ അഹമ്മദ് സഹാൻ സെയ്ദ്(7) എന്നിവരാണു മരിച്ചത്. മുഹമ്മദ് ഫവാദ് ഖാൻ അഗത്തി ഗവ. സീനിയർ ബേസിക് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയും അഹമ്മദ് സഹാൻ സെയ്ദ് രണ്ടാം ക്ലാസ് വിദ്യാർഥിയുമാണ്. കുട്ടികളുടെ അമ്മമാർ ഇതേ സ്കൂളിലെ അധ്യാപകരാണ്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണു സംഭവം.
മുന്നൂറോളം പേരാണ് ആറു ബോട്ടുകളിലായി ബംഗാരത്ത് എത്തിയത്. മണൽത്തിട്ടയിൽ ഫുട്ബോൾ കളിക്കുകയായിരുന്നു കുട്ടികൾ. കളിക്കിടെ കടലിൽ പോയ ബോൾ എടുക്കാൻ ശ്രമിച്ച കുട്ടികൾ മുങ്ങിത്താഴുകയായിരുന്നു. അൽപ സമയത്തിനു ശേഷമാണു കുട്ടികളെ കാണാനില്ലെന്ന വിവരം മറ്റുള്ളവർ അറിഞ്ഞത്. തുടർന്നു നടത്തിയ തിരച്ചിലിൽ ആദ്യം മുഹമ്മദ് ഫവാദിനെ കണ്ടെത്തി.
ഒരു കിലോമീറ്റർ അകലെ കല്ലിൽ കുടുങ്ങിക്കിടക്കുന്ന നിലയിൽ അഹമ്മദ് സഹാനെ സമീപത്തെ റിസോർട്ടിലെ സ്കൂബ ഡൈവിങ് ടീം കണ്ടെത്തുകയായിരുന്നു. ട്രെൻഡ് സിറ്റി നിർമാണത്തിനായി എത്തിയ സംഘത്തിലെ ഡോക്ടർമാർ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഉടൻ അഗത്തിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരും മരിച്ചു. മൃതദേഹങ്ങൾ ഇന്നലെ വൈകിട്ട് അഗത്തിയിൽ എത്തിച്ചു സംസ്കാരം നടത്തി.