വിഴിഞ്ഞം: കേന്ദ്രത്തിനും വേണം വരുമാനം; വിചിത്ര വാദമുന്നയിച്ച് കേന്ദ്ര ധനമന്ത്രി
Mail This Article
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയിൽനിന്നു സംസ്ഥാന സർക്കാരിനു വരുമാന വിഹിതം ലഭിക്കുന്നതിനാൽ കേന്ദ്രത്തിനും വരുമാന വിഹിതത്തിന് അർഹതയുണ്ടെന്ന വിചിത്ര വാദമുന്നയിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇക്കാരണത്താൽ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) 817 കോടി രൂപ ഗ്രാന്റായി നൽകില്ല, 20% വരുമാന വിഹിതം പങ്കുവയ്ക്കുന്ന വായ്പയായി മാത്രമേ നൽകൂവെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു.
സാമ്പത്തിക പങ്കാളിയായ സംസ്ഥാന സർക്കാർ ഏതാണ്ടു 4600 കോടി രൂപ മുടക്കുമ്പോഴാണ്, 817 കോടി രൂപയുടെ വിജിഎഫ് നൽകുന്നതിനാലാണു കേരളത്തിനു വരുമാനവിഹിതം ലഭിക്കുന്നതെന്ന വിചിത്രവാദം കേന്ദ്രമന്ത്രി ഉന്നയിച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ കരാർ വച്ച ഘട്ടത്തിൽതന്നെ കേന്ദ്രം വിജിഎഫ് പ്രഖ്യാപിച്ചതാണ്. അടിസ്ഥാന സൗകര്യ വികസനത്തിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സാമ്പത്തികമായി ലാഭമില്ലാത്ത പദ്ധതികൾക്കു നൽകുന്ന കേന്ദ്ര സഹായമാണ് ഇത്. പദ്ധതിക്കു പണം മുടക്കുന്നതു കൂടാതെ, തുല്യ തുക സംസ്ഥാനവും പ്രഖ്യാപിച്ചു. എന്നാൽ കേന്ദ്രത്തിന്റെ വിജിഎഫ് നെറ്റ് പ്രസന്റ് വാല്യു കണക്കാക്കി, വരുമാന വിഹിതം ഈടാക്കുന്ന രീതിയിലാണു നൽകുകയെന്നു കേന്ദ്രം പിന്നീട് അറിയിച്ചു.
തൂത്തുക്കുടി തുറമുഖത്തിനു വിജിഎഫ് ഗ്രാന്റായി നൽകാനുള്ള കേന്ദ്രത്തിന്റെ തീരുമാനം വന്നതോടെയാണു വിഴിഞ്ഞത്തിനും വിജിഎഫ് ഗ്രാന്റായി നൽകണമെന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. ഇതു നടക്കില്ലെന്നു കേന്ദ്രം പലവട്ടം വ്യക്തമാക്കിയതിനെ തുടർന്നാണു നിർമല സീതാരാമനു മുഖ്യമന്ത്രി കത്തയച്ചത്. ഇതിനുള്ള മറുപടിയിൽ, തൂത്തുക്കുടി തുറമുഖത്തിന്റെ ചെലവു വഹിക്കുന്നതു കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള പോർട്ട് അതോറിറ്റിയാണെന്നും വരുമാനവും അവിടേക്കു തന്നെയാണു ലഭിക്കുന്നതെന്നും നിർമല സീതാരാമൻ വിശദീകരിക്കുന്നു. എന്നാൽ വിഴിഞ്ഞത്തിന്റെ കാര്യത്തിൽ കേന്ദ്രത്തിനു വരുമാനവിഹിതം ലഭിക്കുന്നില്ല. വിജിഎഫ് നൽകുന്ന കേരളത്തിനു ലഭിക്കുന്നുമുണ്ടെന്നു മന്ത്രി വാദിക്കുന്നു.
ആദ്യഘട്ടത്തിൽ
4600 കോടി
വിഴിഞ്ഞം തുറമുഖത്തിന്റെ 7700 കോടി രൂപ ചെലവുള്ള ആദ്യഘട്ടത്തിൽ ഏതാണ്ട് 4600 കോടി രൂപ സംസ്ഥാന സർക്കാരാണു മുടക്കുന്നത്. പുലിമുട്ട് നിർമിക്കാനുള്ള 1350 കോടി രൂപ പൂർണമായി സർക്കാർ ഫണ്ടാണ്. പുറമേ, ചരക്കു നീക്കത്തിനു റെയിൽപാതയ്ക്കായി 1200 കോടിയും മുടക്കണം. ഇതെല്ലാം കണക്കിലെടുത്താണു 2034 മുതൽ സംസ്ഥാനത്തിനു വരുമാനവിഹിതം അദാനി ഗ്രൂപ്പ് നൽകേണ്ടിവരിക. കേന്ദ്രം വഴങ്ങിയില്ലെങ്കിൽ വിജിഎഫ് ഉപേക്ഷിക്കുകയാണു പോംവഴി. എന്നാൽ ഇത്രയും തുക ബാങ്ക് വായ്പയെടുത്താൽ തൊട്ടടുത്ത വർഷം മുതൽ തിരിച്ചടവ് വേണ്ടിവരും.