എഡിഎമ്മിന്റെ മരണം: ഫോൺ രേഖകൾ ശേഖരിക്കുന്നതിൽ എതിർപ്പില്ലെന്ന് കലക്ടർ
Mail This Article
കണ്ണൂർ ∙ എഡിഎം കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി തന്റെ ഫോൺകോൾ വിവരങ്ങളുടെ വിശദാംശങ്ങളും ടവർ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കുന്നതിൽ എതിർപ്പില്ലെന്ന് കലക്ടർ അരുൺ കെ.വിജയൻ. കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിൽ കണ്ണൂർ ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് കലക്ടർ മറുപടി നൽകിയത്.
ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ, കലക്ടർ അരുൺ കെ.വിജയൻ, പെട്രോൾ പമ്പ് സംരംഭകൻ ടി.വി.പ്രശാന്ത് എന്നിവരുടെ ഫോൺ വിളികളുടെ വിശദാംശങ്ങളും ടവർ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങളും നഷ്ടപ്പെടാതെ സംരക്ഷിക്കാൻ നിർദേശം നൽകണമെന്നായിരുന്നു ആവശ്യം. കേസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കാൻ കോടതി നിർദേശിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കലക്ടറും പ്രശാന്തും കേസിൽ പ്രതികളല്ലാത്തതിനാൽ അവരുടെ മൊബൈൽ ഫോൺ രേഖകൾ ശേഖരിക്കും മുൻപ് അവരുടെ ഭാഗം കേൾക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കലക്ടർക്കും പ്രശാന്തിനും കോടതി അയച്ച നോട്ടിസിലാണ് കലക്ടർ ഇന്നലെ മറുപടി നൽകിയത്. പ്രശാന്തോ പ്രശാന്തിനുവേണ്ടി അഭിഭാഷകനോ കോടതിയിൽ ഹാജരായിരുന്നില്ല. കേസ് വീണ്ടും 18ന് പരിഗണിക്കും.