വിമതർക്ക് ഇളവുമായി സിപിഐ, ഏറ്റുപറഞ്ഞാൽ പുനഃപ്രവേശം
Mail This Article
പാലക്കാട് ∙ പാർട്ടി സമ്മേളനങ്ങൾ ആരംഭിക്കാനിരിക്കേ, സേവ് സിപിഐ ഫോറത്തിൽ ഉൾപ്പെടെയുള്ള വിമതരെ ഉപാധികളോടെ സ്വീകരിക്കാമെന്ന് സിപിഐ നിലപാടെടുത്തു. വിമതരോടു ദാക്ഷിണ്യം വേണ്ടെന്ന മുൻനിലപാടാണു തിരുത്തിയത്. വിമതരിൽ പരസ്യമായി തെറ്റ് ഏറ്റുപറയുന്നവരുടെ പുനഃപ്രവേശം പരിഗണിക്കാനാണു നേതൃത്വത്തിന്റെ തീരുമാനം. വ്യക്തിബന്ധങ്ങൾ മൂലം വിമതപക്ഷത്ത് എത്തിയവർക്കായിരിക്കും ആനുകൂല്യം. വിമതനേതാക്കളുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണു ധാരണ. നേതൃത്വവുമായി ഇടഞ്ഞ് ഏറെക്കാലം പാർട്ടി പരിപാടികളിൽ നിന്നു വിട്ടുനിന്ന മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിൽ സംഘടനയിൽ സജീവമായതു തീരുമാനത്തിനു പ്രധാന കാരണമായെന്നാണു സൂചന. ഇസ്മായിലിന്റെ സാന്നിധ്യം പരിപാടികളിൽ ഉറപ്പാക്കാൻ നേതൃത്വം ശ്രദ്ധിക്കുന്നുണ്ട്.
പാലക്കാട്, കൊല്ലം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ വിഭാഗീയത കാര്യമായി പ്രകടമാണെങ്കിലും, പാർട്ടി കമ്മിഷൻ കണ്ടെത്തലിൽ നടപടി നേരിട്ടവർ പാലക്കാട് സേവ് സിപിഐ ഫോറം രൂപീകരിച്ചതു നേതൃത്വത്തിനു വെല്ലുവിളിയായി. ജില്ലാ നേതൃത്വത്തിന്റെ അഴിമതിയും ഏകാധിപത്യവും ശക്തമായി എതിർത്തതാണു നടപടിക്കു കാരണമെന്ന് ആരോപിച്ച വിമതർ പോഷകസംഘടനകളും രൂപീകരിച്ചു. 7 ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 30 പേരെയാണു പാലക്കാട്ടു പുറത്താക്കിയത്. ഫോറം പ്രവർത്തനം മറ്റു ജില്ലകളിലേക്കു വ്യാപിക്കാതിരിക്കാൻ നേതൃത്വം ശ്രദ്ധിച്ചു. അംഗത്വം പുതുക്കൽ അവസാനിച്ചതോടെ വിമതർ പാർട്ടിയിൽ നിന്നു പൂർണമായി പുറത്തായി. ഏതാണ്ട് 136 പേർ അംഗത്വം പുതുക്കിയില്ല. പാർട്ടിയുടെ പേരുപയോഗിച്ച് ഫോറം പണപ്പിരിവു നടത്തുന്നതായി ആരോപിച്ച് നിയമനടപടിക്കും നേതൃത്വം നീക്കം തുടങ്ങി.