എയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ്
Mail This Article
തിരുവനന്തപുരം ∙ എയ്ഡഡ് സ്കൂൾ നിയമനവുമായി ബന്ധപ്പെട്ട വിവാദ സർക്കുലർ പിൻവലിക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യണമെന്ന ആവശ്യത്തിൽ 2 ദിവസത്തിനകം തീരുമാനമെടുക്കാമെന്നു സർക്കാരിന്റെ ഉറപ്പ്. വിവിധ എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ നടത്തിയ ചർച്ചയിലാണ് ഇൗ വാഗ്ദാനം.
പ്രശ്നങ്ങൾ പരിഹരിക്കുന്ന തരത്തിൽ സർക്കാർ തീരുമാനമെടുക്കുമെന്നാണു പ്രതീക്ഷയെന്നും ഇല്ലെങ്കിൽ നേരത്തേ തീരുമാനിച്ച പ്രകാരം സമരത്തിലേക്കു കടക്കേണ്ടി വരുമെന്നും മാനേജ്മെന്റുകൾ വ്യക്തമാക്കി. വിവാദ സർക്കുലറിനെതിരെ എയ്ഡഡ് സ്കൂളുകളിൽ ഇന്നലെ പ്രതിഷേധ ബാഡ്ജ് ധരിച്ചാണ് അധ്യാപകരെത്തിയത്.
സ്ഥിരം ഒഴിവുകളിൽ ദിവസ വേതന നിയമനം നടത്തണമെന്ന സർക്കുലറിലെ പരാമർശത്തെ യോഗത്തിൽ മാനേജ്മെന്റുകൾ എതിർത്തു. ഭിന്നശേഷിക്കാരെ നിയമിക്കുന്ന കാര്യത്തിൽ ഒരു തടസ്സവും മാനേജ്മെന്റുകൾക്കില്ല. എല്ലാ സ്കൂളുകളിലും ഭിന്നശേഷിക്കാരെ നിയമിക്കുന്ന നടപടി പുരോഗമിക്കുകയാണ്. യോഗ്യതയ്ക്ക് അനുസരിച്ച് ഭിന്നശേഷിക്കാരെ കിട്ടാനില്ലാത്തതാണ് നിയമനം പൂർത്തിയാക്കുന്നതിനുള്ള പ്രധാന തടസ്സം. ഇൗ പ്രശ്നം പരിഹരിക്കുന്നതിന് സർക്കാർ ഇടപെടണം. വിവാദ സർക്കുലറിൽ പറയുന്നതുപോലെ അധ്യാപകരെ ദിവസവേതനക്കാരായി നിയമിച്ചാൽ അവർക്ക് പിന്നീടു സ്ഥിരനിമനം ലഭിക്കുമെന്ന് ഒരു ഉറപ്പുമില്ല.
ഭിന്നശേഷി സംവരണം പൂർത്തിയാക്കിയാൽ ഇവർക്കു സ്ഥിര നിയമനം ലഭിക്കുമെന്ന് ഉത്തരവിൽ ഉറപ്പു നൽകുന്നില്ല. മാത്രമല്ല, ഭിന്നശേഷി സംവരണം പാലിച്ച ശേഷമേ സ്ഥിരനിയമനം നടത്തൂ എന്നാണെങ്കിൽ ഇൗ നൂറ്റാണ്ടിൽ എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങൾക്ക് അംഗീകാരം ലഭിക്കാത്ത അവസ്ഥ വരുമെന്നും മാനേജ്മെന്റുകൾ ചൂണ്ടിക്കാട്ടി.
മാനേജ്മെന്റുകളുടെ ആശങ്ക മനസ്സിലാക്കുന്നെന്നും ഇത് മന്ത്രി വി.ശിവൻകുട്ടിയെ അറിയിക്കുമെന്നും ഡയറക്ടർ വ്യക്തമാക്കി. കെസിബിസി വിദ്യാഭ്യാസ കമ്മിഷൻ സെക്രട്ടറി ഫാ.ആന്റണി അറയ്ക്കൽ, കേരള എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് വർക്കി ആറ്റുപുറത്ത് കോറെപ്പിസ്കോപ്പ, മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് നാസർ എടരിക്കോട്, ജനറൽ സെക്രട്ടറി മണി കൊല്ലം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.