സ്മാർട് സിറ്റി: അപകടം തിരിച്ചറിഞ്ഞ് നിലപാടുമാറ്റം
Mail This Article
കൊച്ചി ∙ സ്മാർട് സിറ്റി പദ്ധതിയിൽനിന്ന് ഒഴിവാക്കാൻ ടീകോമിനു നഷ്ടപരിഹാരമല്ല, ഓഹരിവിലയാണു തിരിച്ചുനൽകുന്നതെന്നു മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയതിനു പിന്നിൽ കാരണങ്ങൾ പലതാണ്. ടീകോമിനെ ഒഴിവാക്കുന്നതിനു പിന്നിൽ കേരളത്തിൽനിന്നുള്ള സ്വകാര്യ കമ്പനിയുടെ പങ്കാളിത്ത വാഗ്ദാനമാണെന്ന് ആക്ഷേപമുയർന്നതു സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. സഹകരണമേഖലയിലെ പ്രസ്ഥാനവും പദ്ധതിയിൽ കണ്ണുവച്ചതായി ആക്ഷേപമുയർന്നിരുന്നു. എതിർപ്പുകൾ രൂക്ഷമായതോടെ അപകടം തിരിച്ചറിഞ്ഞാണു സ്വകാര്യ പങ്കാളിത്തം ഉണ്ടാകില്ലെന്നും സ്മാർട് സിറ്റിയുടെ 246 ഏക്കർ സ്ഥലം പൂർണമായും സർക്കാർ നിയന്ത്രണത്തിലായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയത്.
സർക്കാരിന്റെ കൈവശം സ്ഥലമെത്തുന്നതോടെ ഐടി വികസനം കൂടുതൽ എളുപ്പത്തിലാകുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിൽനിന്നു വായിച്ചെടുക്കാവുന്നത് സ്മാർട് സിറ്റി സർക്കാരിനു കീഴിലുള്ള ഇൻഫോപാർക്കിന്റെ നിയന്ത്രണത്തിലാകാനുള്ള സാധ്യതയാണ്. സ്വകാര്യ പങ്കാളിത്തം ഉണ്ടാകില്ല എന്നതിനർഥം സ്മാർട് സിറ്റിയിൽ പൂർണനിക്ഷേപം സർക്കാർ നടത്തുമെന്നല്ല താനും. നടത്തിപ്പ് ഇൻഫോ പാർക്കിനും വികസനം സ്വകാര്യ മേഖലയിലെ കോഡവലപ്പർമാരുടെ സഹായത്തോടെയും എന്ന സമീപനമാകും സ്വീകരിക്കുക.