പിആർഡിക്കും പിആർ: ടൂറിസം, ഐടി, പിആർഡി, തുറമുഖ വകുപ്പുകളുടെ മൊത്തം പിആർ ചെലവ് 3.68 കോടി
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ ‘പിആർ’ പ്രവർത്തനങ്ങൾക്കു പബ്ലിക് റിലേഷൻസ് വകുപ്പ് (പിആർഡി) മാത്രമേയുള്ളൂവെന്ന മുഖ്യമന്ത്രിയുടെ വാദത്തെ ഖണ്ഡിച്ച്, പിആർഡിയും പിആർ ഏജൻസികളെ നിയോഗിച്ചെന്ന വിവരം പുറത്തുവന്നു. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഇതുവരെ 2 ഏജൻസികൾക്കായി 14.10 ലക്ഷം രൂപ ചെലവിട്ടെന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു മറുപടിയായി പിആർഡി വെളിപ്പെടുത്തി. ടൂറിസം, പിആർഡി വകുപ്പുകളും ഐടി, തുറമുഖ വകുപ്പുകൾക്കു കീഴിലെ സ്ഥാപനങ്ങളും കൂടി മൊത്തം 3.68 കോടി രൂപ ചെലവിട്ടു. ടൂറിസം, ഐടി വകുപ്പുകളിൽനിന്നായി 2.85 കോടി രൂപയും ലഭിച്ചത് ഒറ്റ ഏജൻസിക്കാണ്.
-
Also Read
ഐഎൻഎസ് തുശീലിന് മലയാളി കമാൻഡിങ് ഓഫിസർ
സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന വിവിധ പ്രചാരണ പരിപാടികൾക്കാണ് പിആർഡി 2 ഏജൻസികളെ ചുമതലപ്പെടുത്തിയത്. ടെൻഡറിലൂടെയല്ല, എംപാനൽഡ് ഏജൻസികളെന്ന നിലയ്ക്കാണു ജോലി ഏൽപിച്ചത്. വർഷം 18 ലക്ഷം രൂപ നിശ്ചയിച്ച് കെ ഫോൺ ഈയിടെ പിആർ ഏജൻസിയെ നിയോഗിച്ചിരുന്നു. വരുമാനമുണ്ടാക്കാത്ത സ്ഥാപനങ്ങളും പിആർ ഏജൻസികളെ നിയോഗിച്ചുതുടങ്ങി. സംസ്ഥാന വനിതാവികസന കോർപറേഷനാണ് ഇക്കൂട്ടത്തിൽ അവസാനത്തേത്.
വകുപ്പു തിരിച്ച് പിആർ ചെലവ്
ടൂറിസം വകുപ്പ് 1.65 കോടി
സ്റ്റാർട്ടപ് മിഷൻ 1.15 കോടി
തിരുവനന്തപുരം ടെക്നോപാർക്ക് 26.68 ലക്ഷം
കോഴിക്കോട് സൈബർ പാർക്ക് 19.59 ലക്ഷം
ഐടി മിഷൻ 1.62 ലക്ഷം
പിആർഡി 14.10 ലക്ഷം
വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡ് 25.78 ലക്ഷം
(കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം)