ധർണയിൽ പങ്കെടുക്കുന്നതിനിടെ കേരള കോൺഗ്രസ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു
Mail This Article
തൊടുപുഴ ∙ വൈദ്യുതി നിരക്ക് വർധനയ്ക്കെതിരെ തൊടുപുഴ വൈദ്യുതി ഭവനു മുന്നിൽ നടത്തിയ ധർണയിൽ പങ്കെടുക്കുന്നതിനിടെ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം ഒളമറ്റം മലേപ്പറമ്പിൽ എം.കെ.ചന്ദ്രൻ (58) കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ പതിനൊന്നരയോടെയാണു സംഭവം. കേരള കോൺഗ്രസിന്റെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ട് സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കുന്നതിനിടെ ചന്ദ്രൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു.
കേരള കോൺഗ്രസ് ഒന്നായിരുന്ന സമയത്ത് 2019ൽ പാർട്ടി ചെയർമാനായി ജോസ് കെ.മാണിയെ തിരഞ്ഞെടുത്തതിനെതിരെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ് ചേരിയിലും എം.കെ.ചന്ദ്രനും ചേർന്നാണു തൊടുപുഴ മുൻസിഫ് കോടതിയിൽ ഹർജി നൽകിയത്. പരേതനായ കുഞ്ഞിന്റെയും ഗൗരിക്കുട്ടിയുടെയും മകനാണ്. സംസ്കാരം ഇന്നു 12ന്. ഭാര്യ: ഒളമറ്റം തുരുത്തിക്കാട്ട് കുടുംബാംഗം ഷീല (നാട്ടകം ഗവ. പോളിടെക്നിക് കോളജ് ജീവനക്കാരി). മക്കൾ: അനിൽകുമാർ, അനിമോൻ. മരുമകൾ: ധനലക്ഷ്മി അനിൽകുമാർ. എം.കെ.ചന്ദ്രന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ അനുശോചിച്ചു.