നഴ്സിങ് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം: ഡിവൈഎഫ്ഐയുടെ ആരോപണത്തിന് ഡിവൈഎസ്പിയുടെ ‘വാട്സാപ് മറുപടി’
Mail This Article
കാഞ്ഞങ്ങാട് ∙ മൻസൂർ നഴ്സിങ് കോളജ് ഹോസ്റ്റലിൽ വിദ്യാർഥിനി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കണമെന്നു പറഞ്ഞ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ വാട്സാപ് സ്റ്റാറ്റസ്. സംഭവവുമായി ബന്ധപ്പെട്ടു നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചത്. പണം കൈപ്പറ്റി കോളജ് മാനേജ്മെന്റിനെ സഹായിക്കാനാണ് ഡിവൈഎസ്പി ശ്രമിക്കുന്നതെന്നും സമരം ചെയ്ത വിദ്യാർഥികളെ തല്ലിച്ചതച്ചത് അതുകൊണ്ടാണെന്നും ആരോപിച്ചിരുന്നു. തെരുവിൽ നേരിടുമെന്ന് വെല്ലുവിളിക്കുകയും ചെയ്തു.
ഡിവൈഎസ്പിയുടെ വാട്സാപ് സ്റ്റാറ്റസ് ഇങ്ങനെ: ‘ഉത്തരവാദപ്പെട്ടവർ പറത്തിവിട്ട ആരോപണങ്ങളുടെ സത്യാവസ്ഥ ഏറ്റവും ചുരുങ്ങിയത് മൂന്നുപേരെയെങ്കിലും എനിക്കു ബോധ്യപ്പെടുത്തേണ്ടതുണ്ട്. ആരോപണങ്ങൾ ഉന്നയിച്ചവർ തെളിവു തരണം. അതിന് 2025 ജനുവരി 11വരെ സമയം തന്നിരിക്കുന്നു. അതുണ്ടായില്ലെങ്കിൽ 12ന് എന്റെ ചില വിശ്വാസങ്ങൾ, ചിന്തകൾ, അനുഭാവങ്ങൾ, സഹകരണങ്ങൾ, ബന്ധങ്ങൾ എന്നിവയെല്ലാം എന്നെന്നേക്കുമായി പെരുവഴിയിൽ ഉപേക്ഷിച്ചിരിക്കും’.ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിക്കെതിരെ നടപടിക്കു ഡിവൈഎസ്പി നിയമോപദേശം തേടിയതായി വിവരമുണ്ട്.